| Tuesday, 1st March 2016, 10:00 am

എക്‌സൈസ് വകുപ്പിന് വേണ്ടി നിശ്ചയിച്ച സ്ഥലം കോണ്‍ഗ്രസ് അനുകൂല സംഘടനക്ക് പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ രഹസ്യ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എക്‌സൈസ് വകുപ്പിന് കൈമാറുന്നതിന് വേണ്ടി നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ ഭൂമി കോണ്‍ഗ്രസ് അനുകൂല സംഘടനക്ക് പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ രഹസ്യ നീക്കം. എക്‌സൈസ് റേഞ്ച് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ് നിര്‍മ്മാണത്തിനായി തീരുമാനിച്ച മഞ്ചേരി വില്ലേജിലെ ബ്ലോക്ക്- 52 സര്‍വ്വെ 58/5 ഉള്‍പ്പെടുന്ന 30 സെന്റ് ഭൂമിയാണ് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് പതിച്ചു നല്‍കാനുള്ള നീക്കം നടക്കുന്നത്.

2007ലാണ് എക്‌സൈസ് വകുപ്പ് പ്രസ്തുത ഭൂമിയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. ഈ അപേക്ഷയില്‍ നടപടികളെടുക്കാന്‍ സര്‍ക്കാരിന് എട്ട് വര്‍ഷങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ സര്‍വ്വേ നമ്പറില്‍ 58/5 നു പകരം 53/5 എന്നായി തെറ്റായി രേഖപ്പെടുത്തി. ഇതു കാരണം ഭൂമി കൈമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇത് തിരുത്തുന്നതിനു വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.

ഇതിനിടയിലാണ് ഡി.സി.സി മുന്‍ സെക്രട്ടറിയും രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റുമായ റഷീദ് ഫൗണ്ടേഷന്‍ ഇതേ ഭൂമിയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. ഈ അപേക്ഷയില്‍ അസാധാരണ വേഗത്തിലാണ് സര്‍ക്കാര്‍ നടപടികള്‍. മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷ അദ്ദേഹം ഒപ്പിട്ടു സ്വീകരിച്ച ശേഷം റവന്യു മന്ത്രിക്കു കൈമാറുകയും തുടര്‍ന്നു മലപ്പുറം ജില്ലാ കലക്ടര്‍ക്കു ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇത് ഏറനാട് തഹസില്‍ദാര്‍ക്കു കൈമാറി മഞ്ചേരി വില്ലേജ് ഓഫീസില്‍ നിന്നു അന്വേഷണം നടത്തി തിരികെ വീണ്ടും ഏറനാട് തഹസില്‍ ദാരുടെ റിപ്പോര്‍ട്ടുമായി മലപ്പുറം ജില്ല കലക്ടറ്ക്ക് സമര്‍പ്പിക്കപ്പെട്ടു. ഈ ഭൂമി കൈമാറുന്നതിനു മലപ്പുറം കലക്ടര്‍ തുടര്‍ ന്നു നല്‍കിയത് രണ്ട് റിപ്പോര്‍ട്ടുകള്. ഇത്രയും വലിയ പ്രക്രിയ പൂര്ത്തിയാകുന്നതിനു അധികൃതര്‍ക്ക് വേണ്ടിവന്നത് കേവലം 22 ദിവസങ്ങള്‍ മാത്രമാണ് .

അടിയന്തിര പ്രാധാന്യമുള്ള പൊതു ആവശ്യമല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പ് കോണ്‍ഗ്രസ് അനുകൂല സംഘടനക്കു വന്‍വാണിജ്യ പ്രാധാന്യമുള്ള ഈ സ്ഥലം സൗജന്യമായി കൈമാറ്റം ചെയ്യുന്നതിനുള്ള നീക്കമാണിതെന്ന് ആരോപണമുയരുന്നുണ്ട്.





We use cookies to give you the best possible experience. Learn more