ഗാന്ധിനഗര്‍: പ്രണയവിവാഹങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേല്‍. മെഹ്‌സാന ജില്ലയില്‍ വെച്ച് നടന്ന പാട്ടിദാര്‍ കമ്മ്യൂണിറ്റിയുടെ ഒരു പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രണയവിവാഹങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് തന്നോട് ആരോഗ്യമന്ത്രി റുഷികേഷ് ഭായ് പട്ടേല്‍ ആവശ്യപ്പെട്ടതായും ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു.
‘ ഞാനിവിടേക്ക് വരുമ്പോള്‍ ആരോഗ്യമന്ത്രി റുഷികേഷ് ഭായ് പട്ടേല്‍ എന്നോട് പറഞ്ഞു പെണ്‍കുട്ടികള്‍ ഒളിച്ചോടി പോകുന്ന സംഭവങ്ങളെ കുറിച്ച് പുനപരിശോധിക്കണമെന്നും അതിന്റെ എല്ലാ വശങ്ങളെ കുറിച്ചും പഠനം നടത്തണമെന്നും. ഇത്തരത്തിലുള്ള പ്രണയ വിവാഹങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു,’ മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാപരമായി ഇതിന് തടസങ്ങളൊന്നുമില്ലെങ്കില്‍ ഇക്കാര്യത്തില്‍ പഠനം നടത്തുമെന്നും ഇതില്‍ ഒരു നല്ല ഫലം ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ദാര്‍ പട്ടേല്‍ വിഭാഗമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേലും പാട്ടിദാര്‍ വിഭാഗത്തിലെ നിരവധി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
അതേസമയം, അഹമ്മദാബാദിലെ ജമാല്‍പൂര്‍ ഖാദിയ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ഭൂപേന്ദ്ര പട്ടേലിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് എം.എല്‍.എ ഇംറാന്‍ ഖേദാവാല മുഖ്യമന്ത്രിക്ക് കത്തും എഴുതിയിട്ടുണ്ട്.
ഇതൊരു ഹിന്ദു മുസ്‌ലിം പ്രശ്‌നമല്ല, രണ്ട് കുടുംബത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘ ഒരു പെണ്‍കുട്ടി പോകുമ്പോള്‍ അത് അവളുടെ കുടുംബത്തെയാകെ തകര്‍ക്കുന്നു. കുടുംബത്തിന് സമൂഹത്തെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നു. രക്ഷിതാക്കളാണ് കുട്ടികളെ വളര്‍ത്തുന്നത്, അതുകൊണ്ട് തന്നെ വിവാഹത്തില്‍ അവരുടെ സമ്മതം നിര്‍ബന്ധമാക്കണം. രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഒളിച്ചോടുകയും പിന്നീട് പശ്ചാതപിക്കേണ്ടി വരുകയും ചെയ്യുന്ന ഒരുപാട് കേസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്,’ ഖേദാവാല കൂട്ടിച്ചേര്‍ത്തു.
നിയമസഭയുടെ വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ വിഷയത്തില്‍ ബില്ല് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ ഇന്ന് ഇത്തരത്തിലൊരു ബില്ല് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്,കുട്ടികളൊന്നും ഇപ്പോള്‍ രക്ഷിതാക്കളുടെ നിയന്ത്രണത്തിലല്ല,’ അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കളുടെ സമ്മതം കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ബി.ജെ.പി എം.എല്‍.എ ഫതേസിന്‍ ചൗഹാന്റെ ആവശ്യം തന്നെ ഖേദാവാലയുടെ പാര്‍ട്ടി എം.എല്‍.എയും നിയമസഭയില്‍ ഉന്നയിച്ച് നാല് മാസം പിന്നിട്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പെണ്‍കുട്ടി താമസിക്കുന്ന താലൂക്കില്‍ തന്നെ സാക്ഷികളുടെ സാന്നിധ്യത്തിലും രക്ഷിതാക്കളുടെ സമ്മതത്തിലും പ്രണയവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 2009ലെ ഗുജറാത്ത് രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ് ആക്ട് ഭേദഗതി ചെയ്യണമെന്ന് രണ്ട് എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നു.
2021 ല്‍ ഗുജറാത്ത് സര്‍ക്കാര്‍ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് വിവാഹം വഴിയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പിഴ ചുമത്തുന്നു. ഭേദഗതി അനുസരിച്ച് ഒരാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ ഈ നിയത്തിലെ ചില വകുപ്പുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയില്‍ നിയത്തിനെതിരെ ഹരജിയും എത്തിയിരുന്നു.
Content Highlight: Goventment will study parental consent in love marriage; bhupendra patel