| Tuesday, 25th November 2014, 6:38 pm

സിഗരറ്റിന്റെ ചില്ലറ വില്‍പന നിര്‍ത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി:  പുകയില വില്‍പന രംഗത്ത് പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സിഗരറ്റിന്റെ ചില്ലറ വില്‍പന തടയുക, പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിന്റെ പ്രായ പരിധി ഉയര്‍ത്തുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഇത് സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് സര്‍ക്കാര്‍ നീക്കം രാജ്യസഭയില്‍ വ്യക്തമാക്കിയത്. ക്യാബിനറ്റിന്റെ ഉപദേശം ആരാഞ്ഞ ശേഷം വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.

സിഗരറ്റ് വില്‍പന രംഗത്തെ 70 ശതമാനത്തോളം ലാഭം വരുന്നത് സിഗരറ്റിന്റെ ചില്ലറ വില്‍പനയിലൂടെയാണ്. നിയമം വരുന്നതോടെ വില്‍പന രംഗത്ത് പത്ത് മുതല്‍ ഇരുപത് ശതമാനം വരെ കുറവ് വരുമെന്നാണ് കരുതപെടുന്നത്. പ്രതിവര്‍ഷം 25,000 കോടി രൂപയാണ് നികുതിയിനത്തില്‍ കമ്പനികള്‍ സര്‍ക്കാറിന് നല്‍കുന്നത്.

നികുതി വരുമാനത്തില്‍ സര്‍ക്കാറിന് വന്‍ നഷ്ടം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. 2012 ല്‍ മാത്രം 1000 കോടി സിഗരറ്റുകളാണ് ഇന്ത്യക്കാര്‍ വലിച്ച് തള്ളിയതെന്നാണ് പുതിയ കണക്കുകള്‍.

സര്‍ക്കാറിന്റെ പുതിയ നീക്കം സിഗരറ്റ് നിര്‍മാതാക്കളുടെ ഓഹരികളില്‍ വന്‍ ഇടിവാണ് സൃഷ്ടിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more