| Monday, 20th January 2020, 11:24 am

ഡ്യൂട്ടി ഫ്രീ മദ്യത്തിന്റെയും സിഗരറ്റിന്റെയും അളവ് നേര്‍ പകുതിയാക്കാനൊരുങ്ങി കേന്ദ്രം; ദുഷിച്ച വസ്തുക്കള്‍ രാജ്യത്ത് വേണ്ടെന്ന് പിയൂഷ് ഗോയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശയാത്രക്കാര്‍ക്ക് നികുതിയില്ലാതെ വാങ്ങാവുന്ന മദ്യത്തിന്റെ അളവ് വെട്ടിചുരുക്കാനൊരുങ്ങി കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ്. നിലവില്‍ വിദേശയാത്രികര്‍ക്ക് രണ്ട് കുപ്പി മദ്യവും, 200 സിഗരറ്റ് പാക്കറ്റുകളുമാണ് ഡ്യൂട്ടി ഫ്രീയായി വാങ്ങാന്‍ കഴിയുന്നത്. ഇത് നേര്‍പകുതിയാക്കി വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വാണിജ്യ വകുപ്പിന്റെ നിര്‍ദേശത്തിന് ധനകാര്യ വകുപ്പ് പച്ചകൊടി കാണിച്ചാല്‍ ഒരാള്‍ക്ക് ഒരു മദ്യകുപ്പിയും, 100 സിഗരറ്റ് പാക്കറ്റുകളുമേ ഡ്യൂട്ടി ഫ്രീ ഇനത്തില്‍ വാങ്ങാന്‍ കഴിയൂ. നിലവില്‍ വിദേശയാത്ര നടത്തുന്നവര്‍ക്കോ വരുന്നവര്‍ക്കോ അമ്പതിനായിരം രൂപ വരെയുള്ള സാധനങ്ങള്‍ നികുതി ഇല്ലാതെ വാങ്ങാം. ഈ തുകയും വെട്ടിച്ചുരുക്കിയേക്കുമെന്നാണ് സൂചന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലഹരി വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ദുഷിച്ച വസ്തുക്കള്‍ ഇന്ത്യയിലെത്തുന്നത് കുറയ്ക്കുന്നതാണ് സര്‍ക്കാരിനിഷ്ടമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വാണിജ്യ വകുപ്പിന്റെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ധനകാര്യ മന്ത്രാലയമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തീരുമാനത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിക്കും മുന്നേ തന്നെ വ്യത്യസ്ത കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ഡ്യട്ടി ഫ്രീയായി ലഭിക്കുന്ന മദ്യത്തിന്റെ അളവ് രണ്ട് കുപ്പിയില്‍ നിന്ന് നാലാക്കി ഉയര്‍ത്തണമെന്ന് സ്വകാര്യ എയര്‍പ്പോട്ടുകളുടെ സംഘടനയായ എ.പി.എ.ഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിദേശത്തു നിന്ന് വരുന്നവര്‍ അതത് രാജ്യങ്ങളില്‍ നിന്നു തന്നെ മദ്യം വാങ്ങിയാല്‍ തദ്ദേശ മാര്‍ക്കറ്റില്‍ വന്‍ ഇടിവ് ഉണ്ടാകുമെന്ന് ചൂണ്ടികാട്ടിയാണ് സ്വകാര്യ എയര്‍പോര്‍ട്ട് അസോസിയേഷന്‍ യാത്രക്കാര്‍ക്ക് നാല് ലിറ്റര്‍ മദ്യം വരെ ഡ്യൂട്ടി ഫ്രീ ഇനത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ ഇടയാക്കിയത്. തായ്‌ലാന്റ്, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ മദ്യം നികുതി ഇളവില്‍ ലഭിക്കുന്നുണ്ടെന്നും എ.പി.എ.ഒ സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more