തൃശൂര്‍: പാമോലിന്‍കേസില്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി രാഷ്ട്രീയപ്രേരിതമാണെന്നും തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് എസ്.പി. വി.എന്‍ ശശിധരന്‍ കോടതിയില്‍ സമര്‍പ്പിച്ച സ്‌റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഹരജിയും തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പാമോയില്‍ കേസില്‍ ഹര്‍ജി നല്‍കാന്‍ വി.എസ്.അച്യുതാനന്ദന് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ആദ്യം ഹര്‍ജി നല്‍കിയത് സി.പി.ഐ.എം നേതാവ് എം.വിജയകുമാറാണ്. കേസില്‍ വി.എസ് കക്ഷിയുമല്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് വി.എസ് ഹരജി നല്‍കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ മുന്‍ഭക്ഷ്യ മന്ത്രി ടി.എച്ച് മുസ്തഫയും മറുപടി ഹരജി സമര്‍പ്പിച്ചു. വി.എസ് പരിശുദ്ധന്‍ ചമയുകയാണ്. കാസര്‍ഗോഡ് വിജിലന്‍സ് കോടതിയില്‍ ഭൂമിദാന കേസില്‍ ഒന്നാം പ്രതിയായ വി.എസിന് ഹരജി നല്‍കാന്‍ അര്‍ഹതയില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയപ്പോള്‍ ഹരജി നല്‍കാതിരുന്ന വിഎസ് ഇപ്പോള്‍ ഹരജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്തഫയുടെ റിപ്പോര്‍ട്ടിലുണ്ട്.
കേസ് പരിഗണിക്കുന്നത് കോടതി 24 ലേക്ക് മാറ്റി. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം ആവശ്യമാണെന്ന് വി.എസിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.