| Monday, 26th February 2018, 7:34 am

'എന്റെ ആത്മാഭിമാനത്തെ കമല്‍ ചോദ്യം ചെയ്തു, അതുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു'; നടി ഗൗതമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ആത്മാഭിമാനത്തിന് മുറിവേല്‍ക്കുന്ന പെരുമാറ്റമാണ് തന്നെ കമല്‍ഹാസനില്‍ നിന്നും അകറ്റിയതെന്ന വെളിപ്പെടുത്തലുമായി നടി ഗൗതമി. അതാണ് അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള പ്രധാനകാരണമെന്നും അവര്‍ പറഞ്ഞു.

പതിമൂന്ന് വര്‍ഷമായി ഒരുമിച്ച് കഴിഞ്ഞിരുന്ന കമലും ഗൗതമിയും വിവാഹം കഴിച്ചിരുന്നില്ല. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ പിരിഞ്ഞത്. എന്നാല്‍ ബന്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

കമലിനൊപ്പം ജീവിതം തുടങ്ങിയ താന്‍ സിനിമാഭിനയം നിര്‍ത്തിയിരുന്നു. പീന്നീട് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിക്കുവേണ്ടി നിര്‍മ്മിച്ച സിനിമകള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ സിനിമകളടക്കമുള്ളവയ്ക്ക് വസ്ത്രാലങ്കാരം നടത്തിയതിന് ഇതുവരെ പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല. ബന്ധം അവസാനിപ്പിച്ച ശേഷം പ്രതിഫലത്തിനായി പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല എന്നും ഗൗതമി പറഞ്ഞു.

ഇതിനിടെ കമലിന്റെ മകള്‍ ശ്രുതി ഹാസനാണ് തങ്ങളുടെ ബന്ധം തകര്‍ത്തെന്ന ആരോപണങ്ങള്‍ ഗൗതമി നിഷേധിച്ചു. ശ്രുതിയ്‌ക്കോ മൂന്നാമതൊരു കക്ഷിയ്‌ക്കോ ഞങ്ങളുടെ ബന്ധം തകര്‍ന്നതില്‍ യാതൊരു പങ്കുമില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം എറെ നാള്‍ മുമ്പ് തന്നെ ബാധിച്ച അര്‍ബുദ രോഗത്തെ അതിജീവിക്കാന്‍ സാധിച്ചത് കുടുംബത്തിന്റെ പിന്‍തുണയൊന്നുകൊണ്ടു മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more