| Sunday, 3rd December 2023, 9:57 am

വിനായകനായി ചില ഭാഗങ്ങൾ വീണ്ടും എഴുതി, അത് വെറുതെയായില്ല: ഗൗതം മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒട്ടേറെ ആരാധകരുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. എന്നും ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള ഗൗതം മേനോനിന്റെ ഏറ്റവും പുതിയ ചിത്രം ധ്രുവ നച്ചത്തിരത്തിനായി സിനിമാ പ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറിയായി.

ഏഴുവർഷത്തോളമെടുത്ത് ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൽ വിക്രം ആണ് നായകനായി എത്തുന്നത്. ജയിലർ എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം വിനായകൻ വീണ്ടും വില്ലൻ കഥാപാത്രമായി എത്തുന്ന തമിഴ് സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ഗൗതം മേനോൻ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രം ആയിരുന്നു ‘യെന്നൈ അറിന്താൽ’. വലിയ ശ്രദ്ധ നേടിയ ചിത്രത്തിൽ നടൻ അരുൺ വിജയ് ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ധ്രുവനച്ചത്തിരത്തിനായി കഥ എഴുതുമ്പോൾ വില്ലൻ വേഷം അരുൺ വിജയിയുടെ ഗെറ്റപ്പിൽ ഒരു കഥാപാത്രത്തെ മനസ്സിൽ കണ്ടാണ് എഴുതിയതൊന്നും പിന്നീട് അത് വിനായകനിലേക്ക് എത്തിയപ്പോൾ മാറ്റങ്ങൾ വരുത്തിയെന്നും ഗൗതം പറയുന്നു. വിനായകൻ തന്റെ വേഷം ഗംഭീരമായാണ് ചെയ്തിട്ടുള്ളതെന്നും സിനിമ വികടന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞാൻ സൂര്യയെ വെച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. അതിൽ സൂര്യയുടെ ഓപ്പോസിറ്റ് വേഷത്തിലേക്ക് പരിഗണിച്ചത് നടൻ അരുൺ വിജയിയെ ആയിരുന്നു. എന്നാൽ അത് നടന്നില്ല.

പിന്നീട് ഞാൻ അജിത് സാറിനോടൊപ്പം യെന്നൈ അറിന്താൽ ചെയ്തപ്പോൾ അതിലേക്ക് പ്രധാന വേഷത്തിലേക്ക് തെരഞ്ഞെടുത്തത് അരുൺ വിജയിയെ ആയിരുന്നു.

ആ ചിത്രത്തിലെ അരുൺ വിജയിയുടെ ഒരു ലുക്കിലാണ് ധ്രുവനച്ചത്തിരത്തിലെ വില്ലൻ കഥാപാത്രം രൂപപ്പെടുത്തണമെന്ന് ഞാൻ കരുതിയത്. വിനായകന്റെ ലുക്ക് ഞാൻ വിചാരിച്ചിട്ടേ ഇല്ലായിരുന്നു. പിന്നെ ചിത്രത്തിലേക്ക് വിനായകൻ വന്നതിനുശേഷം ഞാൻ ചില ഭാഗങ്ങൾ വീണ്ടും എഴുതി നോക്കി. ചില പോർഷൻസ് വീണ്ടും ഒന്നൂടെ ഫിക്സ് ചെയ്തു.

അത് എക്സ്ട്രാ ഓർഡിനറിയായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും. വിക്രം സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വളരെ സ്റ്റൈലിഷായി ഈസിയായി എല്ലാ കാര്യത്തിനെയും മാനേജ് ചെയ്യുന്ന ഹീറോയാണ് സിനിമയിൽ വിക്രം.

നാട്ടിൽ എന്ത് പ്രശ്നം സംഭവിച്ചാലും അത് കൈകാര്യം ചെയ്യുന്ന ഒരു കഥാപാത്രമാണ് വിക്രം. അയാൾക്ക് ഓപ്പോസിറ്റ് അതുപോലെ തന്നെ എന്തിനും തയ്യാറായിട്ടുള്ള പവർഫുൾ കഥാപാത്രമാണ് വിനായകനും,’ഗൗതം മേനോൻ പറയുന്നു.

Content Highlight: Goutham Menon Talk About Vinayakan And Arun Vijay

We use cookies to give you the best possible experience. Learn more