ആ ചിത്രം അധികവും അവർ അറിയാതെ എടുത്തതായിരുന്നു, അതാണ് സിനിമയുടെ ഭംഗി: ഗൗതം മേനോൻ
Entertainment
ആ ചിത്രം അധികവും അവർ അറിയാതെ എടുത്തതായിരുന്നു, അതാണ് സിനിമയുടെ ഭംഗി: ഗൗതം മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 8:54 pm

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ഓളം സൃഷ്ടിച്ച റൊമാന്റിക് ചിത്രമായിരുന്നു ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘വിണ്ണൈത്താണ്ടി വരുവായ’. സിമ്പുവും തൃഷയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംസാരിച്ചത് മലയാളി പെൺകുട്ടിയെ പ്രേമിക്കുന്ന ഒരു തമിഴ് പയ്യന്റെ കഥയായിരുന്നു.

അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും വലിയ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രത്തിനായി എ. ആർ. റഹ്മാൻ ഒരുക്കിയ പാട്ടുകൾ ഇന്നും ആളുകൾ ആവർത്തിച്ചു കേൾക്കുന്ന ഒന്നാണ്.

ചിത്രത്തിലെ സീനുകൾ ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. പല സന്ദർഭങ്ങളിലും ഷോട്ടിന് മുൻപ് താരങ്ങൾ സംസാരിക്കുന്നതിനിടയിൽ ക്യാമറ ഓണാക്കി വെച്ചിട്ടാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളതെന്നും അങ്ങനെ സിനിമയെടുക്കുന്നത് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഗൗതം മേനോൻ പറയുന്നു. അങ്ങനെ ചിത്രീകരിക്കുന്നത് വഴി വളരെ ഒറിജിനലായ വിഷ്വൽസ് സിനിമയ്ക്കായി ലഭിക്കുമെന്നും സിനിമ വികടന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘സത്യം പറഞ്ഞാൽ അവരുടെ റിഹേഴ്സലുകളാണ് ഞാൻ കൂടുതലും ക്യാപ്ചർ ചെയ്തിട്ടുള്ളത്. ടേക്കിന് മുൻപ് അവർ സംസാരിക്കുമ്പോൾ ഞാൻ ക്യാമറ ഓൺ ചെയ്തു വെക്കും.

അവർ ആ ഒരു മൂഡിലേക്ക് വരുന്നതും അവർ ചെയ്യുന്നതുമെല്ലാം അതുപോലെ തന്നെ ഞാൻ സിനിമയ്ക്കായി പകർത്തിയെടുത്തിട്ടുണ്ട്. അവരുടെ ചുറ്റുമുള്ളവരെയെല്ലാം മാറ്റി അവർ ഒന്നിച്ച് നിൽക്കുമ്പോഴേക്കും ഞങ്ങൾ റെഡിയായി നിൽക്കും. അപ്പോൾ നല്ല രീതിയിൽ അവരുടെ സീനുകൾ കിട്ടും.

വിണ്ണൈത്താണ്ടി വരുവായ സിനിമ മുഴുവനായും അങ്ങനെയെടുത്ത ചിത്രമാണ്. അത്തരം ഷോട്ടുകൾ എടുക്കുന്നതിനിടയിലായിരിക്കും സിമ്പുവും തൃഷയും ക്യാമറ ഓൺ ആയി കിടക്കുന്നത് കാണുക. അപ്പോൾ, നിങ്ങൾ എന്താ കളിക്കുകയാണോ എന്നൊക്കെ അവർ ചോദിക്കും. എനിക്ക് അങ്ങനെ സിനിമ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. അപ്പോൾ നമുക്ക് ഒറിജിനലായ ഒരു റോ വിഷ്വൽസ് കിട്ടും. അവർ രണ്ട് പേരും ഗംഭീര അഭിനേതാക്കളുമാണ്. അതും ഒരുപാട് ആ സിനിമയെ സഹായിച്ചിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് കാസ്റ്റിങ് വളരെ പ്രാധാന്യമുള്ളതാണ്.

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ സംഭവിക്കുന്നത്. എല്ലാം ഒന്നിച്ച് വന്ന് ചേർന്നാൽ മാത്രമേ അത് നടക്കുകയുള്ളൂ. അവസാനം ക്യാമറ റൺ ആവുമ്പോൾ അഭിനേതാക്കൾ പെർഫോം ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം. അതെല്ലാം ഈസിയായി സംഭവിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും അത് നന്നായി ഗുണം ചെയ്യും,’ ഗൗതം മേനോൻ പറയുന്നു.

Content Highlight: Goutham Menon Talk About Shooting Of Vinnaithandi Varuvaaya Movie