കോളിവുഡിൽ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. ഗൗതം മേനോനിന്റെ റൊമാന്റിക് സിനിമകൾക്ക് വലിയ രീതിയിയിൽ പ്രേക്ഷകരുണ്ട്.
വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങി സൂപ്പർ ഹിറ്റുകൾ നൽകിയ സംവിധായകൻ ഇന്ന് അഭിനയ രംഗത്തും സജീവമാണ്. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോയിൽ ഒരു പ്രധാന വേഷത്തിൽ ഗൗതം മേനോൻ അഭിനയിച്ചിരുന്നു.
ചിത്രത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് പറയുകയാണ് ഗൗതം മേനോൻ.
ലോകേഷ് കനകരാജെന്ന സംവിധായകനാണ് ലിയോയിൽ താൻ അഭിനയിക്കാൻ പ്രധാന കാരണമെന്നാണ് ഗൗതം മേനോൻ പറയുന്നത്. ഭാവിയിൽ ഒരു നല്ല റൊമാന്റിക് സിനിമ ചെയ്യാൻ ലോകേഷിന് കഴിയുമെന്നും ലിയോ സക്സസ് മീറ്റിൽ ഗൗതം മേനോൻ പറഞ്ഞു.
‘ലിയോയിൽ ഞാൻ അഭിനയിക്കാൻ കാരണം ലോകേഷ് കനകരാജെന്ന സംവിധായകനാണ്. വിക്രം ചെയ്യുന്ന സമയത്ത് ലോകേഷ് എന്നെ വിളിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. അതുപോലെ വാരിസ് സിനിമയിൽ ദളപതി വിജയിയോടൊപ്പം അഭിനയിക്കാനൊരു അവസരം എനിക്ക് ലഭിച്ചിരിക്കുന്നു.
ആ ചിത്രത്തിൽ ശ്രീകാന്ത് സാർ അവതരിപ്പിച്ച വേഷം എനിക്ക് വന്നതായിരുന്നു. പക്ഷെ അതും നടന്നില്ല. ലിയോയിൽ അഭിനയിക്കാനുള്ള രണ്ടാമത്തെ കാരണം ദളപതി വിജയ് തന്നെയാണ്.
ഒരു പ്രത്യേക രീതിയിലേക്ക് മാത്രം ലോകേഷിനെ ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നല്ല റൊമാന്റിക് സിനിമ ചെയ്യാൻ കഴിവുള്ള ആളാണ് ലോകേഷെന്ന് എനിക്കുറപ്പുണ്ട്.
പക്ഷെ ആ ഒരു സോണിൽ ഇതുവരെ ലോകേഷ് ഒരു സിനിമ ചെയ്യാത്തതുകൊണ്ടാണ്. ജീവിതത്തിൽ ഒരിക്കൽ അത് തീർച്ചയായും സാധ്യമാകും. നമ്മൾ അതിനെ തേടി പോവേണ്ട ആവശ്യമില്ല അത് നമ്മളെ തേടി അടുത്തേക്ക് വരും. വലിയ മാറ്റങ്ങൾ ഉണ്ടാവും,’ഗൗതം മേനോൻ പറയുന്നു.
അതേസമയം ലിയോ ബോക്സ് ഓഫീസിൽ തേരോട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. 500 കോടിയും കടന്ന് മുന്നേറുന്ന ചിത്രത്തിൽ വിജയിക്ക് പുറമേ സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Content Highlight: Goutham Menon Talk About Lokesh Kanakaraj