വിജയ് ജയിംസ് ബോണ്ടാവുകയാണെങ്കിൽ അത് ആ ചിത്രത്തിലായിരിക്കും : ഗൗതം മേനോൻ
Indian Cinema
വിജയ് ജയിംസ് ബോണ്ടാവുകയാണെങ്കിൽ അത് ആ ചിത്രത്തിലായിരിക്കും : ഗൗതം മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th November 2023, 2:39 pm

തമിഴ് സിനിമാലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സംവിധായകൻ ഗൗതം മേനോനും നടൻ വിജയിയും ഒന്നിച്ചുള്ളൊരു ചിത്രം.

പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ഗൗതം മേനോൻ. വ്യത്യസ്തമായ റൊമാന്റിക് ചിത്രങ്ങളിലൂടെയും പോലീസ് കഥ പറഞ്ഞ സിനിമകളിലൂടെയും സിനിമ പ്രേമികൾക്കിടയിൽ വേറിട്ട് നിൽക്കുന്ന സംവിധായകനാണ് ഗൗതം മേനോൻ.

വിജയിയെ നായകനാക്കി ‘യോഹൻ: അദ്ധ്യായം ഒന്ന്’ എന്ന പേരിൽ ഗൗതം മേനോൻ നേരത്തെ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ആരാധകർ ആവേശത്തോടെ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു അത്. പിന്നീട് പല കാരണങ്ങളാൽ ആ പ്രൊജക്റ്റ്‌ ഉപേക്ഷിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോയുടെ സക്സസ് മീറ്റിൽ യോഹൻ എന്ന ചിത്രത്തെ കുറിച്ച് പരാമർശിച്ചിരിക്കുകയാണ് ഗൗതം മേനോൻ. ചിത്രത്തിൽ ഗൗതമും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

വിജയ് സാർ എന്നെങ്കിലും ജെയിംസ് ബോണ്ടിന്റെ വേഷത്തിൽ അഭിനയിച്ചാൽ ആ ചിത്രമാവും യോഹൻ എന്നാണ് ഗൗതം മേനോൻ പറയുന്നത്. ലിയോയിൽ വിജയിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും താരം പങ്കുവച്ചു.

‘ഒരുപാട് പേരെന്നോട് ചോദിക്കുന്ന ചോദ്യമാണ് യോഹാൻ സിനിമ നടക്കുമോയെന്ന്. ഇപ്പോൾ ഞാൻ അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ സോഷ്യൽ മീഡിയയിലെല്ലാം അതിനെ കുറിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങും. പക്ഷെ അത് സത്യമല്ല.

ഒരിക്കൽ സംവിധായകൻ മിഷ്കിൻ സാർ പറഞ്ഞിരുന്നു ദളപതി വിജയ് ജെയിംസ് ബോണ്ട്‌ ആയി അഭിനയിച്ചാൽ നന്നായി ചേരുമെന്ന്. വിജയ് സാർ അങ്ങനെ അഭിനയിക്കുകയാണെങ്കിൽ അത് എന്തായാലും യോഹാൻ എന്ന സിനിമയായിരിക്കും.

ലിയോ സിനിമയുടെ ഷൂട്ട്‌ നടക്കുമ്പോൾ തന്നെ ഞാൻ വിജയ് സാറോട് പറഞ്ഞിരുന്നു ഇതിലെ കഥാപാത്രം വളരെ വ്യത്യസ്തമായ രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന്.

ലിയോയിൽ എന്റെ ആദ്യ സീൻ സിനിമയിലെ ഒരു റെസ്റ്റോറന്റ് ഫൈറ്റ് കഴിഞ്ഞതിന് ശേഷമാണ്. വിജയ് സാർ നിലത്ത് ഇരിക്കുമ്പോൾ ഞാൻ ചെന്ന് സംസാരിച്ചു കൊണ്ട് കൈ വെക്കുന്നതാണ് ഷോട്ട്. ആദ്യമായി അത് ചെയ്യുമ്പോൾ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു.

എന്നാൽ ഞാൻ കൈ അദ്ദേഹത്തിന്റെ മേൽ വെച്ചപ്പോൾ തന്നെ ഒരു കംഫർട് സോൺ എനിക്ക് തോന്നി. എനിക്ക് നല്ല സന്തോഷം തോന്നി. പടം ഇറങ്ങി കഴിഞ്ഞപ്പോഴും ഞാൻ പറഞ്ഞത് ലിയോയിലെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ കഥാപാത്ര രൂപീകരണത്തെ കുറിച്ചാണ്,’ഗൗതം മേനോൻ പറയുന്നു.

അതേസമയം ബോക്സ്‌ ഓഫീസിൽ 500 കോടിയും കടന്ന് മുന്നേറുകയാണ് ലിയോ. ചിത്രത്തിൽ വിജയിക്ക്‌ പുറമേ സഞ്ജയ്‌ ദത്ത്, അർജുൻ സർജ, തൃഷ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Content Highlight: Goutham Menon Talk About His Dream Project With Vijay