Entertainment
വിണ്ണൈത്താണ്ടി വരുവായയോട് ആ നടൻ നോ പറഞ്ഞു, അദ്ദേഹത്തിന് ആക്ഷൻ വേണമായിരുന്നു: ഗൗതം മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 30, 02:35 pm
Thursday, 30th January 2025, 8:05 pm

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ഓളം സൃഷ്ടിച്ച റൊമാന്റിക് ചിത്രമായിരുന്നു ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘വിണ്ണൈത്താണ്ടി വരുവായ‘. സിമ്പുവും തൃഷയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംസാരിച്ചത് മലയാളി പെൺകുട്ടിയെ പ്രേമിക്കുന്ന ഒരു തമിഴ് പയ്യന്റെ കഥയായിരുന്നു.

അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും വലിയ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രത്തിനായി എ. ആർ. റഹ്മാൻ ഒരുക്കിയ പാട്ടുകൾ ഇന്നും ആളുകൾ ആവർത്തിച്ചു കേൾക്കുന്ന ഒന്നാണ്.

വിണ്ണൈത്താണ്ടി വരുവായ നടൻ മഹേഷ് ബാബുവിന് വേണ്ടിയാണ് താൻ എഴുതിയതെന്നും എന്നാൽ ആക്ഷൻ സിനിമ വേണമെന്നായിരുന്നു മഹേഷ് ബാബുവിന്റെ ആഗ്രഹമെന്നും സംവിധായകൻ ഗൗതം മേനോൻ പറയുന്നു. ഒരു പുതുമുഖ നടനെ വെച്ച് സിനിമയുടെ ഷൂട്ട് തുടങ്ങിയ ശേഷം വെറുതെയൊന്ന് സിമ്പുവിനോട് കഥ പറയുകയായിരുന്നുവെന്നും സിമ്പുവിന് കഥ ഇഷ്ടമായെന്നും ഗൗതം മേനോൻ പറഞ്ഞു. പൂർണമായി തന്റെ ഇഷ്ടത്തിന് സിനിമ ചെയ്യാനാണ് സിമ്പു പറഞ്ഞതെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.

‘വിണ്ണൈത്താണ്ടി വരുവായ മഹേഷ് ബാബുവിന് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു. സിമ്പുവും ഞാനും ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന ചർച്ച മറ്റൊരു സൈഡിൽ നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് കഥ വളരെ ഇഷ്ടമാവുകയായിരുന്നു. ഞാൻ കരുതിയത് സിമ്പു ഒരു മാസ് ആക്ഷൻ ഫിലിമായിരിക്കും പ്രതീക്ഷിക്കുകയെന്നായിരുന്നു.

മഹേഷ് ബാബുവിനോട് പറഞ്ഞത്, ഈ സിനിമയിൽ ആക്ഷൻ ഇല്ലായെന്നായിരുന്നു. ഞങ്ങൾ ഒരു റൊമാന്റിക് സിനിമ ചെയ്യാനാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ പ്രേക്ഷകർ ആക്ഷൻ സിനിമ പ്രതീക്ഷിച്ചിട്ടാണ് വരുകയെന്നും ഇതിനകത്ത് ഫൈറ്റ് ഒന്നുമില്ലെന്നും മഹേഷ് ബാബു പറഞ്ഞു.

കഥ കേൾക്കുമ്പോൾ സിമ്പുവും അത് തന്നെയായിരിക്കും പറയുകയെന്ന് കരുതി ഒരു പുതുമുഖ നടനെ വെച്ച് ഞാൻ സിനിമ ഷൂട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. അപ്പോൾ എന്റെ നിർമാതാക്കളാണ് പറഞ്ഞത്, സിമ്പുവിനെ ഒന്ന് പോയി കണ്ടുനോക്കെന്ന്. അങ്ങനെ ഒട്ടും പ്രതീക്ഷയില്ലാതെയാണ് ഞാൻ അദ്ദേഹത്തെ കാണാൻ പോയത്. അദ്ദേഹത്തിന് ഇഷ്ടമാവില്ല, ഈ കഥയിൽ ഒന്നുമില്ലായെന്നായിരിക്കും പറയുകയെന്നും ഞാൻ കരുതി.

പക്ഷെ സിമ്പു അതിൽ പിടിച്ചു, ഞാനിത് ചെയ്യാമെന്ന് പറഞ്ഞു. എന്റെ ഒരു സ്റ്റൈലും ഇതിൽ വേണ്ട താങ്കളുടെ രീതിയിൽ ഈ സിനിമ ചെയ്യാമെന്ന് സിമ്പു പറഞ്ഞു. അങ്ങനെയാണ് വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമ സംഭവിക്കുന്നത്,’ഗൗതം മേനോൻ പറയുന്നു.

 

Content Highlight: Goutham Menon About Vinnaithandi Varuvaya Movie And Mahesh Babu