സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്.
പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഗൗതം മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ.
എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ വേട്ടയാട് വിളയാട് എന്ന കമൽ ഹാസൻ ചിത്രം പോലൊരു മമ്മൂട്ടി സിനിമ താൻ പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ ചർച്ചകൾ നടന്നെങ്കിലും ആ സിനിമ സംഭവിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഡൊമിനിക്കിന്റെ തിരക്കഥാകൃത്തുക്കളെ നടി മഞ്ജു വാര്യരാണ് തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും ഒടുവിലാണ് ഈ സിനിമയിലേക്ക് എത്തുന്നതെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘2005-06 കാലത്ത് മമ്മൂക്കയുമായി ഒരു സിനിമയെക്കുറിച്ച് ചില സംസാരങ്ങൾ നടന്നിരുന്നു. അന്നു തന്നെ അതെല്ലാം വലിയ രീതിയിൽ വാർത്തകളാകുകയും ചെയ്തു. വേട്ടയാട് വിളയാട് പോലുള്ള ഒരു വിഷയത്തിലൂന്നിയ സിനിമയാണ് ചർച്ചയിലേക്കു വന്നത്. എന്നാൽ, ആ പ്രോജക്ട് മുന്നോട്ടുപോയില്ല.
പിന്നീട് ഞങ്ങൾതമ്മിൽ സിനിമാചർച്ചകളും ഉണ്ടായിട്ടില്ല. വർഷങ്ങൾക്കുശേഷം 2024ലാണ് മറ്റൊരു കഥയിലൂന്നിയുള്ള ചർച്ച നടക്കുന്നത്. ആദ്യം പറഞ്ഞ കഥയുമായൊന്നും ഒരുബന്ധവും പുതിയ സിനിമയ്ക്കില്ല. ഇരുപതുവർഷം മുൻപുള്ള സംസാരങ്ങൾ അക്കാലത്തുതന്നെ അവസാനിപ്പിച്ചു. മഞ്ജു വാര്യരാണ് ഡൊമിനിക്കിൻ്റെ രചയിതാക്കളായ ഡോ. നീരജ് രാജനെയും ഡോ. സൂരജ് രാജനെയും എനിക്കു പരിചയപ്പെടുത്തുന്നത്.
എൻ്റെ സംവിധാനത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്ന ഒരു സിനിമയായിരുന്നു ലക്ഷ്യം. പക്ഷേ, അത് നടന്നില്ല. ചർച്ചയുമായി പലവഴിക്കായി. ഒരുദിവസം ഡൊമിനിക്കിന്റെ ത്രെഡ് അവർ പറഞ്ഞു. കഥ ഇഷ്ടമായി. ഡൊമിനിക്കായി മമ്മൂക്ക എത്തിയാൽ നന്നാകുമെന്ന് ഞങ്ങൾക്ക് തോന്നി.
മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടിൽ ഞാനും സൂരജും നീരജും ചേർന്ന് കഥ വിവരിച്ചു. അഭിനയവും നിർമാണവും അദ്ദേഹം ഏറ്റെടുത്തതോടെ കാര്യങ്ങൾ പെട്ടെന്നായി. എൻ്റെ സംവിധാന കരിയറിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ സിനിമയാണ് ഡൊമിനിക്ക്,’ഗൗതം മേനോൻ പറയുന്നു.
Content Highlight: Goutham Menon About A Dropper Project With Mammootty