| Sunday, 4th February 2024, 7:41 pm

അവനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണം: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍ തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. യുവ ഓപ്പണറുടെ മിന്നും പ്രകടനത്തിനാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സിന്റെ മികച്ച സ്‌കോറില്‍ എത്തിയത്. 290 പന്തില്‍ നിന്ന് 209 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ബൗണ്ടറികളും ഏഴ് സിക്സറുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ സ്ട്രൈക്ക്.

ജയ്സ്വാളിന്റെ ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ യുവ പ്രതിഭകളെ അമിതമായി പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. അമിത പ്രതീക്ഷകളുടെ ഭാരം കൊടുക്കാതെ ജയ്സ്വാളിനെ കളിക്കാന്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത ഗംഭീര്‍ ഊന്നിപ്പറഞ്ഞു. പി.ടി.ഐയോട് സംസാരിക്കുമ്പോഴാണ് മുന്‍ താരം ഈ കാര്യം പറഞ്ഞത്.

‘യുവ താരത്തിന്റെ നേട്ടത്തിന് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പ്രധാനമായി, അവനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മുന്‍ കാലങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ നേട്ടങ്ങളെ മാധ്യമങ്ങള്‍ അമിതമായി പ്രചരിപ്പിച്ചിരുന്നു.
അവരെ നായകന്മാരായി ചിത്രീകരിക്കുന്ന പ്രവണതകളും ഉണ്ടായിരുന്നു,’ ഗംഭീര്‍ പറഞ്ഞു.


അനാവശ്യ സമ്മര്‍ദം ഒരു കളിക്കാരന്റെ സ്വാഭാവിക ഗെയിമിനെ തടസപ്പെടുത്തുമെന്ന് ഗംഭീര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

‘കളിക്കാര്‍ ഉയര്‍ന്ന പ്രതീക്ഷകള്‍ നേരിടുമ്പോള്‍ അവര്‍ പലപ്പോഴും സ്വാഭാവികമായി പ്രകടനം നടത്താന്‍ പാടുപെടും. അവന്റെ ക്രിക്കറ്റ് വളര്‍ത്താനും ആസ്വദിക്കാനും അവനെ അനുവദിക്കേണ്ടത് നിര്‍ണായകമാണ്, ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Goutham Gambhir Talks About Yashasvi Jaiswal

We use cookies to give you the best possible experience. Learn more