| Monday, 19th February 2024, 3:10 pm

ഐ.പി.എല്ലില്‍ ഞാന്‍ ഏറ്റവും ഭയപ്പെട്ടത് അവനെ, ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ താരവും രണ്ട് തവണ ഐ.പി.എല്‍ ജേതാവുമായ ഗൗതം ഗംഭീര്‍ അടുത്തിടെ ഐ.പി.എല്‍ ബ്രോഡ്കാസ്റ്റിന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോട്‌സില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അഭിമുഖത്തില്‍ തനിക്ക് ഏറ്റവും പേടി തോന്നിയ ബാറ്ററെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗംഭീര്‍.

വമ്പന്‍ ബാറ്റര്‍മാരായ ക്രിസ് ഗെയ്ലോ എ.ബി.ഡി. വില്ലിയേഴ്സോ അല്ല ആ താരമെന്ന് ഗംഭീര്‍ പറഞ്ഞു. തന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തിയ ആ ബാറ്റര്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മായാണെന്നാണ് താരം പറയുന്നത്.

‘എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഒരേയൊരു കളിക്കാരനേ ഉള്ളൂ, അത് ക്രിസ് ഗെയ്ലല്ല, എ.ബി. ഡി വില്ലിയേഴ്സ് അല്ല, രോഹിത് ശര്‍മ മാത്രമാണ്. ഐ.പി.എല്ലില്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചത് അവനാണ്. രോഹിതിനൊപ്പം കളിക്കുമ്പോള്‍ എനിക്ക് പ്ലാന്‍ എ, പ്ലാന്‍ ബി, ഒരുപക്ഷേ പ്ലാന്‍ സിയും വേണമായിരുന്നു, കാരണം രോഹിത് അകത്തുണ്ടെങ്കില്‍ ആര്‍ക്കും അവനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല,’ ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പറഞ്ഞു.

നിലവില്‍ തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി താരം ജോയിന്‍ ചെയ്തിരിക്കുകയാണ്.

2011 മുതല്‍ 2017 വരെ ഗംഭീര്‍ കെ.കെ.ആറിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ രോഹിത് ശര്‍മയെയും എം.ഐയെയും നേരിടുന്നതിന് ഒരു രാത്രി മുമ്പ് തന്റെ പദ്ധതികളെക്കുറിച്ച് ഒരുപാട് ചിന്തിക്കാറുണ്ടായിരുന്നു. 2012ല്‍ ഗംഭീര്‍ കെ.കെ.ആറിന് വേണ്ടി ആദ്യ കിരീടം നേടിക്കൊടുത്തു. 2013ലാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ആദ്യമായി ഐ.പി.എല്‍ സ്വന്തമാക്കുന്നത്.

2014ല്‍ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ച് കെ.കെ.ആര്‍ വീണ്ടും ചാമ്പ്യന്മാരായി. ശേഷം അഞ്ച് ഐ.പി.എല്‍ കിരീടമാണ് രാഹിത് മുംബൈക്ക് വേണ്ടി നേടിയത്.

നിലവില്‍ 2024 ഐ.പി.എല്‍ ആരംഭിക്കാനിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപറ്റനായിരുന്ന ഹര്‍ദിക് പാണ്ഡ്യയെ മുബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ടീമില്‍ എത്തിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ 2024 ഐ.പിഎല്‍ കാത്തിരിക്കുന്നത്.

Content highlight: Goutham Gambhir Talks About Rohit Sharma

We use cookies to give you the best possible experience. Learn more