ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ വമ്പന്‍ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ നിലവില്‍ ഗൗതം ഗംഭീര്‍ മെന്ററായി നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഒന്നാമത്.
ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ 12 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയും അടക്കം 18 പോയിന്റാണ് ടീം സ്വന്തമാക്കിയത്. +1.428 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്. കൊല്‍ക്കത്തയെ രണ്ട് കിരീടങ്ങളിലേക്ക് നയിച്ച ഗൗതം ഗംഭീര്‍ ഇപ്പോള്‍ ഒരു വമ്പന്‍ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.
2014 മുതല്‍ 2017 വരെ കൊല്‍ക്കത്തയില്‍ കളിച്ച സൂര്യകുമാര്‍ യാദവിനെ കുറിച്ചാണ് താരം മനസ്സ് തുറന്ന് സംസാരിച്ചത്. മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ കാലത്ത് കൊല്‍ക്കത്തക്ക് വേണ്ടി 360 ഡിഗ്രി ബാറ്ററെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു ഗംഭീര്‍.
‘ഏറ്റവും അത്ഭുതകരമായ സാധ്യതകള്‍ കണ്ടെത്തുകയും അത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒരു ക്യാപ്റ്റന്റെ പങ്ക്. ഏഴുവര്‍ഷത്തെ ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് സൂര്യകുമാര്‍ യാദവിനെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ എനിക്കോ ടീമിനോ കഴിഞ്ഞില്ല എന്നതാണ്,’ അദ്ദേഹം പറഞ്ഞു.
‘നമ്പര്‍ മൂന്നില്‍ ഒരാളെ മാത്രമേ കളിക്കാന്‍ കഴിയൂ. എന്നാല്‍ ഒരു ലീഡര്‍ എന്ന നിലയില്‍, ലൈനപ്പിലെ മറ്റ് പത്ത് കളിക്കാരെയും പരിഗണിക്കേണ്ടതുണ്ട്. 7ാം നമ്പറില്‍ അദ്ദേഹം മികച്ച ആളായിരുന്നുവെങ്കിലും, മൂന്നാം നമ്പറില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയാകുമായിരുന്നു,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
2012 മുംബൈക്കൊപ്പമാണ് സൂര്യകുമാര്‍ തന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ 2014 കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കി. ആ സീസണില്‍ തന്നെ ടീം ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു. കൊല്‍ക്കത്തക്ക് ഒപ്പം 54 കളികളില്‍ നിന്ന് 608 റണ്‍സ് ആണ് സ്‌കൈ അടിച്ചെടുത്തത്.
Content Highlight: Goutham Gambhir Talking About Suryakumar Yadav