|

സഞ്ജുവിനെയല്ല വേണ്ടത് പന്തിനേയാണ്, അതിന് വ്യക്തമായ കാരണമുണ്ട്; വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ടി-20 ലോകകപ്പാണ്.

2024 ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെയാണ് തെരഞ്ഞെടുത്തത്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണിനേയും റിഷബ് പന്തിനേയുമാണ് ബി.സി.സി.ഐ പരിഗണിച്ചത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ആരേയാണ് ഇറക്കേണ്ടത് എന്നുള്ള ചൂടേറിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്.

എന്നാല്‍ സ്പോര്‍ട്സ്‌കീഡയിലെ മാച്ച് കി ബാത്ത് ഷോയില്‍ സംസാരിക്കവേ ഇലവനില്‍ ആരാണ് ഉചിതമെന്ന് പറയുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീര്‍.

ഐ.പി.എല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ സാംസണ്‍ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ എന്ന നിലയിലാണ് കളിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയ്ക്ക് ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി എന്നിവരുള്ളതിനാല്‍ റിഷബ് പന്ത് ആദ്യ ഇലവനില്‍ ഇടംപിടിക്കണമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞത്.

‘രണ്ടുപേര്‍ക്കും അതിശയകരമായ തുല്യ നിലവാരമുണ്ട്. എനിക്ക് തെരഞ്ഞെടുക്കേണ്ടിവന്നാല്‍, ഞാന്‍ റിഷബ് പന്തിനെ തിരഞ്ഞെടുക്കും. കാരണം അവന്‍ ഒരു മധ്യനിര ബാറ്ററാണ്. സഞ്ജു ഐ.പി.എല്ലില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. റിഷബ് അഞ്ചിലും ആറിലും ഏഴിലും ബാറ്റ് ചെയ്തിട്ടുണ്ട്,’ ഗംഭീര്‍ പറഞ്ഞു.

‘ടീം ഇന്ത്യയുടെ കോമ്പിനേഷന്‍ നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആ സ്ഥാനത്ത് വിക്കറ്റ് കീപ്പറെയാണ് വേണ്ടത്, ടോപ്പ് ഓര്‍ഡര്‍ ബാറ്ററെയല്ല. അതിനാല്‍ ഞാന്‍ പന്തില്‍ നിന്ന് തുടങ്ങും. കൂടാതെ, അവന്‍ ഒരു ഇടംകൈയ്യനാണ്. ഇടംകൈ -വലത് കൈ കോമ്പിനേഷന്‍ നമുക്ക് വേണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Goutham Gambhir Talking About Sanju Samson And Rishabh Pant