ഓരോ ഘട്ടത്തിലും ഞാന്‍ ധോണിയെ മറികടക്കും; ചെന്നൈയെയും ധോണിയെയും വെല്ലുവിളിച്ച് ഗംഭീര്‍
Sports News
ഓരോ ഘട്ടത്തിലും ഞാന്‍ ധോണിയെ മറികടക്കും; ചെന്നൈയെയും ധോണിയെയും വെല്ലുവിളിച്ച് ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th April 2024, 2:48 pm

ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. സി.എസ്.കെയെ റിതുരാജ് ഗെയ്ക്വാദും കെ.കെ.ആറിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍മാരായ ധോണിയും ഗംഭീറും തമ്മിലുള്ള ഒത്തുചേരലും മത്സരത്തിന്റ പ്രത്യേകതയാണ്. ഇരുവരും തമ്മിലുള്ള തന്ത്രപരമായ പോരാട്ടം കാണാന്‍ ആരാധകരും ആകാംക്ഷയിലാണ്.

മത്സരത്തിനോടനുബന്ധിച്ച് ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിച്ചിരുന്നു. ചെന്നൈ ടീമിനെക്കുറിച്ചും എം.എസ്. ധോണിയെക്കുറിച്ചുമാണ് മുന്‍ താരം സംസാരിച്ചത്.

‘ചെന്നൈയ്ക്ക് ഒരു ഓവറില്‍ 20 റണ്‍സ് വേണ്ട സമയത്ത് എം.എസ്. ധോണി ബാറ്റ് ചെയ്യുകയാണെങ്കില്‍, അദ്ദേഹത്തിന് കളി അവസാനിപ്പിക്കാനാവും. എന്നാല്‍ സൂപ്പര്‍ കിങ്‌സ് ലൈനപ്പിലെ ആരെയും വെല്ലുവിളിക്കാനുള്ള ബൗളിങ് ആക്രമണം എനിക്കുണ്ട്. തന്ത്രപരമായി, ഓരോ ഘട്ടത്തിലും ഞാന്‍ ധോണിയെ മറികടക്കും, അവസാന പന്ത് എറിയുന്നതുവരെ പോരാടുന്ന തരത്തിലുള്ള ടീമാണല്ലോ അവര്‍,’ അദ്ദേഹം പറഞ്ഞു.

‘ഫീല്‍ഡിലും കളിക്കളത്തിന് പുറത്തും ഞങ്ങള്‍ പരസ്പരം ബഹുമാനമുള്ള സുഹൃത്തുക്കളാണ്. സി.എസ്.കെയുടെയും കെ.കെ.ആറിന്റെയും ക്യാപ്റ്റന്‍മാരായി ഞാനും ധോണിയും പരസ്പരം ഏറ്റുമുട്ടുമ്പോള്‍, വിജയിക്കുക എന്നതിലാണ് ഏക ശ്രദ്ധ. എന്റെ ടീമിന് വേണ്ടി വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ സ്റ്റാര്‍ സ്പോര്‍ട്സില്‍ ഗംഭീര്‍ പറഞ്ഞു.

 

Content Highlight: Goutham Gambhir Talking About M.S. Dhoni And C.S.K