ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച താരങ്ങളാണ് വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും. പല കാര്യങ്ങളിലും സാമ്യത പുലര്‍ത്തുന്ന ഇവര്‍, കളിക്കളത്തിലെ അഗ്രഷന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്.
ഇപ്പോഴിതാ, 2013 ഐ.പി.എല്‍ മത്സരത്തിനിടെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിയുമായി വാക്കേറ്റമുണ്ടായതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഗംഭീര്‍. ജതിന്‍ സപ്രുവിന്റെ ‘ഓവര്‍ ആന്‍ഡ് ഔട്ട്’ എന്ന ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം പറയുന്നത്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ സ്ലെഡ്ജിംഗ് മൊമന്റായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായത്.
കൊല്‍ക്കത്ത ബൗളര്‍ ലക്ഷ്മിപതി ബാലാജിയുടെ പന്തില്‍ പുറത്തായി മടങ്ങവെയായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഉടന്‍ തന്നെ ഗാംഗുലിയടക്കമുള്ള താരങ്ങളും അമ്പയറുമടക്കം എത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്.
‘അന്ന് സംഭവിച്ച കാര്യങ്ങളില്‍ എനിക്ക് ഒരു കുഴപ്പവുമില്ല. ആളുകള്‍ക്ക് മത്സരബുദ്ധിയുണ്ടായിരിക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ ഇഷ്ടമുള്ള കാര്യമാണ്.
വിരാടും ധോണിയും അവരുടേതായ ശൈലിയില്‍ മത്സരബുദ്ധി വെച്ചുപുലര്‍ത്തുന്നവരാണ്, എന്നാല്‍ അത്തരം കാര്യങ്ങള്‍ നേരിടുന്നതില്‍ എനിക്ക് എന്റേതായ രീതിയാണുള്ളത്.
ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ എന്റെ ടീമിനെ നയിക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അല്ലാതെ പേഴ്‌സണല്‍ റിലേഷന്‍ഷിപ്പുകളെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. അതിനെ കുറിച്ച് പിന്നീട് ഖേദിക്കാറുമില്ല’ താരം പറയുന്നു.
എന്നാല്‍ അതിന ശേഷം വിരാടുമായി വ്യക്തിപരമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഗംഭീര്‍ പറയുന്നു.
‘അന്നും ഇന്നും എന്നും വിരാടുമായി ഒരു തരത്തിലുമുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. വിരാട് ഇതിനോടകം ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അന്നുള്ളതില്‍ നിന്നും ഇന്നുള്ളതിലേക്കുള്ള അവന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്,’ താരം കൂട്ടിച്ചേര്‍ക്കുന്നു.
ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 26ന് തുടങ്ങാനിരിക്കുകയാണ്. ആര്‍.സി.ബിയുടെ നായകസ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള വിരാടിന്റെ ആദ്യ ഐ.പി.എല്‍ കൂടിയാണിത്.