| Wednesday, 27th June 2018, 6:11 pm

പ്രധാനമന്ത്രിയെ വിമര്‍ശിച്ചു, ഗൗരി ഘാതകരുടെ അടുത്ത ഉന്നം പ്രകാശ് രാജെന്ന് പൊലീസ്; ഭീഷണിയെ ഭയക്കുന്നില്ലെന്ന് പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: തന്റെ നിലപാടുകള്‍ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഗൗരിയുടെ ഘാതകര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും. കൂടുതല്‍ കരുത്തോടെ.”- പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട് സഹിതമാണ് പ്രകാശ് രാജിന്റെ പ്രതികരണം.

ALSO READ: ദിലീപിനെ തിരിച്ചെടുക്കുക വഴി സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് ‘അമ്മ’: എം.എ ബേബി

പ്രകാശ് രാജിനെ ഇല്ലാതാക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കന്നഡ വാര്‍ത്താ ചാനല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും നിരന്തരം വിമര്‍ശിച്ചിരുന്നു എന്ന കാരണത്താലാണ് പ്രകാശ് രാജ് ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു.

ഓപ്പറേഷന്‍ കാക എന്നായിരുന്നു ഗിരീഷ് കര്‍ണാടിന്റെ വധിക്കുന്നതിന് പേരിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5 നാണ് ഗൗരി ലങ്കേഷ് ബെംഗലൂരുവിലെ സ്വവസതിയ്ക്കുമുന്നില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഹിന്ദുത്വയുടെ നിരന്തര വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് കല്‍ബുര്‍ഗി വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി പ്രയത്‌നിച്ചിരുന്നു.

ALSO READ:ശുജാഅത് ബുഖാരിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; പ്രതികളിലൊരാള്‍ പാക് പൗരന്‍

നേരത്തെ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിലും അക്രമികള്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. രാജ്യത്തെ പുരോഗമനവാദികളായ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സംഘത്തിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നെന്ന് അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

കെ.എസ് ഭഗവാന്‍, മുന്‍ മന്ത്രിയും എഴുത്തുകാരിയുമായ ബി. ടി. ലളിത നായിക്, യുക്തിവാദി സി.എസ് ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പലരും പട്ടികയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.
We use cookies to give you the best possible experience. Learn more