| Thursday, 23rd August 2018, 11:37 pm

ഗൗരി ലങ്കേഷിന്റെ വധം ഒഴിവാക്കാമായിരുന്നു; വിവരം നല്‍കിയിരുന്നെങ്കിലും പൊലീസ് അനാസ്ഥ കാണിച്ചെന്ന് മുന്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗൗരി ലങ്കേഷിന്റെ മരണം പൊലീസിന്റെ അനാസ്ഥയുടെ ഫലമെന്ന് ധബോല്‍ക്കര്‍ വധക്കേസിലെ പ്രധാന സാക്ഷിയും മുന്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനുമായ സഞ്ജയ് സാധ്വില്‍ക്കര്‍. ഗൗരി ലങ്കേഷും മറ്റുള്ളവരും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടന്ന് താന്‍ നേരത്തേ തന്നെ പൊലീസ് അധികൃതരെ അറിയിച്ചിരുന്നെന്നും കൃത്യസമയത്ത് വേണ്ട നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നുമാണ് ഇന്ത്യാടുഡേയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സഞ്ജയ് അവകാശപ്പെട്ടത്.

ഗോവിന്ദ പന്‍സാരേയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വിരേന്ദ്ര സിംഗ് താവ്‌ഡേയെ അറസ്റ്റു ചെയ്യാന്‍ സി.ബി.ഐയെ സഹായിച്ചതും ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള സഞ്ജയുടെ നിര്‍ണായക മൊഴികളായിരുന്നു. ഹിന്ദു ജനജാഗ്രിതി സമിതിയുടെ പ്രവര്‍ത്തകനാണ് താവ്‌ഡേ എന്നാണ് റിപ്പോര്‍ട്ടുകള്‍.

സനാതന്‍ സന്‍സ്തയുടെ സഹോദര സംഘടനയായ സമിതിയുടെ പ്രവര്‍ത്തകരിലേക്ക് അന്വേഷണം വഴി തിരിച്ചുവിട്ടത് സഞ്ജയുടെ മൊഴിയായിരുന്നു. ലങ്കേഷിനെതിരെ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന അക്രമങ്ങളെക്കുറിച്ചും താന്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് സഞ്ജയുടെ പുതിയ വെളിപ്പെടുത്തല്‍. ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ് സൂപ്രണ്ടുമാര്‍, അഡീഷണല്‍ സൂപ്രണ്ടുമാര്‍, മഹാരാഷ്ട്ര എ.ടി.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോടെല്ലാം താന്‍ വിവരം പങ്കുവച്ചിരുന്നുവെന്നും സഞ്ജയ് സാധ്വില്‍ക്കര്‍ പറയുന്നു.

Also Read: മിസ്റ്റര്‍ 56, “നമ്മുടെ പെണ്‍മക്കള്‍ക്കു നീതി” എന്നതുകൊണ്ട് നിങ്ങളെന്താണുദ്ദേശിക്കുന്നത്?: മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

” ഞാന്‍ അന്നു നല്‍കിയ വിവരങ്ങള്‍ ഗൗരവത്തിലെടുത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍, കുറ്റവാളികള്‍ക്കെതിരെ അന്വേഷണമാരംഭിക്കുന്നതിനു പകരം എന്നെ ചോദ്യം ചെയ്യുകയാണ് അവര്‍ ചെയ്തത്.” സഞ്ജയ് വിശദീകരിച്ചു.

ധബോല്‍ക്കറിനും മറ്റു ചിലര്‍ക്കുമെതിരെ കോലാപ്പൂരില്‍ നടന്ന പ്രതിഷേധറാലിയ്ക്കിടയിലാണ് താവ്‌ഡേയെ ആദ്യമായി കാണുന്നതെന്നും, ശേഷം തന്നെ ഹിന്ദുമതത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചില പ്രധാന കൃത്യങ്ങള്‍ക്കായി ആവശ്യമുണ്ടെന്നറിയിച്ച് 2013ലാണ് വീണ്ടും ബന്ധപ്പെട്ടതെന്നും സഞ്ജയ് പറയുന്നു. റിവോള്‍വറുകളിലേക്കു വേണ്ട ബുള്ളറ്റുകള്‍ സംഘടിപ്പിക്കാനാണ് തന്നോടാവശ്യപ്പെട്ടത്.

ഇക്കാലയളവില്‍ നിരന്തരം പൊലീസിനു വിവരം കൈമാറാന്‍ ശ്രമിച്ചെങ്കിലും ആരും മുഖവിലയ്‌ക്കെടുത്തില്ലെന്നും സഞ്ജയ് ആരോപിക്കുന്നു. ഒടുവില്‍ 2016ല്‍ സി.ബി.ഐയാണ് സഞ്ജയുടെ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് താവ്‌ഡേയെയും അറസ്റ്റു ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more