കല്‍ബുര്‍ഗി വധക്കേസില്‍ ഗൗരി ലങ്കേഷ് കൊലക്കേസിലെ മൂന്നുപേരെ പ്രതിചേര്‍ത്തു
national news
കല്‍ബുര്‍ഗി വധക്കേസില്‍ ഗൗരി ലങ്കേഷ് കൊലക്കേസിലെ മൂന്നുപേരെ പ്രതിചേര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2019, 10:29 pm

ബെംഗളൂരു: മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ കല്‍ബുര്‍ഗി കൊലക്കേസിലും പ്രതിചേര്‍ത്തു. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രത്യേക അന്വേഷണസംഘത്തിന് കല്‍ബുര്‍ഗി വധക്കേസ് കൈമാറിക്കൊണ്ട് ഫെബ്രുവരി 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുപേരെ പ്രതിചേര്‍ത്തത്.


ഉത്തര കര്‍ണാടകയിലെ ബെളഗാവിയില്‍ നിന്നുള്ള വ്യാപാരികളായ അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള ബൈക്ക് മെക്കാനിക്ക് വസുദേവ് സൂര്യവംശി എന്നിവരെയാണ് കല്‍ബുര്‍ഗി വധക്കേസിലും പ്രതിചേര്‍ത്തത്. മൂവരും ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അറസ്റ്റിലായിരുന്നു.

മൂന്നുപേരെയും പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നേരത്തേ തന്നെ സമര്‍പ്പിച്ചിരുന്നുവെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളേയും വൈകാതെ പിടികൂടുമെന്നും അന്വേഷണം സംഘം പറഞ്ഞു.

മറ്റു പുരോഗമനവാദികളെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക്, കല്‍ബുര്‍ഗിയുടെ വധക്കേസിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണസംഘം പറഞ്ഞു.


2015 ആഗസ്റ്റ് 30നാണ് കര്‍ണാടകയിലെ ധര്‍വാദിലെ കല്യാണ്‍ നഗറിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റ് യുക്തിവാദികൂടിയായ പ്രഫ.എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. വിഗ്രഹാരാധനയെ എതിര്‍ത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു.