'ഗൗരി ലങ്കേഷിനെ കൊന്നത് എന്റെ മതത്തെ രക്ഷിക്കാന്‍'; കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്നും പ്രധാന പ്രതിയുടെ കുറ്റസമ്മതം
Gouri Lankesh murder
'ഗൗരി ലങ്കേഷിനെ കൊന്നത് എന്റെ മതത്തെ രക്ഷിക്കാന്‍'; കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്നും പ്രധാന പ്രതിയുടെ കുറ്റസമ്മതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th June 2018, 12:34 pm

ബംഗലൂരു: തന്റെ മതത്തെ രക്ഷിക്കാനാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് കേസിലെ പ്രധാന പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം. കൊലപാതകത്തില്‍ പശ്ചാത്തപിക്കുന്നതായും പരശുറാമിന്റെ കുറ്റസമ്മതമൊഴിയില്‍ ഉണ്ട്.

“ആരെയാണ് കൊലപ്പെടുത്തിയതെന്ന് എനിക്കറിയില്ലായിരുന്നു. 2017 മെയ് മാസത്തിലാണ് തന്നെ ചിലര്‍ കൊലയ്ക്കായി നിയോഗിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസ്സിലായത്.”

കൊലപാതകം നടത്താനായി തനിയ്ക്ക് പ്രത്യേകം പരിശീലനം നല്‍കിയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 2017 മേയ് മാസത്തിലാണ് ഇയാളെ കൊലപാതകത്തിനായി നിയോഗിച്ചത്.

ALSO READ: പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ് കുമാറിനെ സ്ഥാനത്തുനിന്നും നീക്കി

ബംഗലൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഗൗരി ലങ്കേഷ് വീടിന് മുന്നിലെത്തിയ സമത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാല് വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്നുരാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് രാജ്യം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന വലിയ സംഘത്തിലെ കണ്ണികളെന്ന് പൊലീസ് പറഞ്ഞിരുന്നു. ഗൗരി ലങ്കേഷിനുശേഷം കന്നട എഴുത്തുകാരനായ കെ.എസ് ഭഗവാന്‍, ജ്ഞാനപീഠ ജേതാവും നടനുമായ ഗിരീഷ് കര്‍ണാട് എന്നിവരെയും വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു

നേരത്തെ രാജ്യത്തെ പുരോഗമനവാദികളായ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നെന്ന് അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. മുന്‍ മന്ത്രിയും എഴുത്തുകാരിയുമായ ബി. ടി. ലളിത നായിക്, യുക്തിവാദി സി.എസ് ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പലരും പട്ടികയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിലും അക്രമികള്‍ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

ALSO READ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

പ്രത്യേക പേരൊന്നും ഇല്ലാത്ത സംഘമാണിത്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഈ വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു ജാഗ്രതി സമിതി, സനാതന്‍ സന്‍സ്ത എന്നിവയില്‍നിന്നുള്ള അംഗങ്ങള്‍ക്ക് നേരിട്ട് ഈ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

WATCH THIS VIDEO: