96 എന്നൊരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി.ജി. കിഷൻ.
ചിത്രത്തിൽ തൃഷയുടെ കൗമാര കാലഘട്ടമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ താരം നായികയായി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു സർക്കാർ ഉത്പന്നമാണ് ഗൗരിയുടെ ഏറ്റവും പുതിയ ചിത്രം. തന്റെ അരങ്ങേറ്റ ചിത്രമായ 96നെ കുറിച്ച് പറയുകയാണ് ഗൗരി. 96 പോലൊരു സിനിമയിലെ തുടക്കം തനിക്ക് സ്വപ്നതുല്യമായിരുന്നുവെന്നും ആ കഥാപാത്രത്തോടുള്ള ഇഷ്ടമാണ് സിനിമയോടും കിട്ടിയതെന്നും താരം പറഞ്ഞു.
96 റീ റിലീസ് ചെയ്തപ്പോൾ ആ സമയത്ത് തിയേറ്ററിൽ ഓടിയിരുന്ന രജിനികാന്ത് ചിത്രത്തേക്കാൾ സ്വീകരണം 96ന് ലഭിച്ചെന്നും താരം ദി മലബാർ ജേർണലിനോട് പറഞ്ഞു.
‘അങ്ങനെയൊരു തുടക്കം സ്വപ്നതുല്യമാണല്ലോ. ഒരു പ്രണയ ദിനത്തിൽ 96 റീ റിലീസായി. പക്ഷെ അപ്പോഴുള്ള ഒരു രജിനികാന്ത് ചിത്രത്തിനേക്കാൾ ബുക്കിങ് 96നാണ് എന്നറിയുമ്പോൾ അത്ഭുതമായിരുന്നു. ഞാൻ ഇപ്പോൾ ചെയ്ത ഒരു സർക്കാർ ഉത്പന്നം പോലെ ആ ചിത്രത്തിന്റെയും കഥ തന്നെയായിരുന്നു പ്രധാന ഘടകം.
ആദ്യപ്രണയമെന്ന ഒരു സംഭവം ഒരുപക്ഷെ എല്ലാവർക്കും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. ആ ഒരു കഥാപാത്രത്തോടുള്ള ഇഷ്ടമാണ് ആ സിനിമയ്ക്കും കിട്ടിയത്. അതെന്നും ഉണ്ടാവും. പക്ഷെ ആ ഒരു ഐഡന്റിറ്റി ബ്രേക്ക് ചെയ്ത് ഞാൻ ജാനു മാത്രമല്ല എന്നെനിക്ക് തെളിയിക്കണം. അതിന്റെ ശ്രമത്തിലാണ് ഞാൻ.
സർക്കാർ ഉത്പന്നത്തിലെ ഈയൊരു ക്യാരക്ടറും ഞാൻ ഇത് വരെ ചെയ്തതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. പുതിയ കഥാപാത്രങ്ങൾക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,’ഗൗരി പറയുന്നു.
Content Highlight: Gouri G Kishan Talk About 96 Movie