| Tuesday, 11th May 2021, 2:55 pm

ഞാന്‍ കൈപിടിച്ചുകയറ്റിയ ഗൗരിയമ്മ

കെ.എ സെയ്ഫുദ്ദീന്‍

ഗൗരിയമ്മ എന്നെ തൊട്ടിട്ടുണ്ട്. എന്റെ നെറുകയില്‍ തലോടിയിട്ടുണ്ട്. അത്, ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.

എന്റെ വീടിനു തൊട്ടടുത്തായിരുന്നു എല്ലാ കാലത്തും ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്. മമ്മൂഞ്ഞ് മാമയുടെ ചായക്കടയുടെ മുറ്റത്തേക്ക് ഓലകൊണ്ട് കെട്ടിയുണ്ടാക്കുന്ന പാര്‍ട്ടി ഓഫീസ്. അവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തുടങ്ങുന്നതു മുതല്‍ ഫലമറിയുന്നതുവരെ മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്തു വെച്ചിട്ടുണ്ടാവും.

തൊട്ടപ്പുറത്ത് അബ്ദുല്ലാക്കുട്ടി ഇക്കായുടെ കോണ്‍ക്രീറ്റ് കടമുറിയിലാണ് യു.ഡി.എഫുകാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.
അവിടെയും മൈക്കുണ്ട്. പൈസക്ക് പഞ്ഞമില്ലാത്ത പാര്‍ട്ടിയായതിനാല്‍ നല്ല ഇടിവെട്ട് മൈക്ക് സെറ്റ്.

കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് നാട്ടില്‍ കാര്യമായി അന്ന് പ്രഭാഷകര്‍ ആരുമില്ല. എല്ലാവരും തനി നാടന്‍മനുഷ്യര്‍. അപ്പുറത്ത് നല്ല ഘനഗാംഭീര്യ ശബ്ദത്തില്‍ അനൗണ്‍സ്‌മെന്റ് നടത്താന്‍ വക്കംബി എന്നു വിളിക്കുന്ന ഷെരീഫിക്കയുണ്ട്. ഇടയ്ക്ക് സത്യസായി ബാബയുടെ ഹെയര്‍ സ്‌റ്റൈലിലൊരാള്‍ വരും. പ്രസംഗം കാച്ചും. കുമരന്‍കാലില്‍ ഹമീദിക്ക. പിന്നെ എ.കെ. രാജന്‍. കോണ്‍ഗ്രസ് അന്ന് സമ്പന്നമായിരുന്നു.
വൈകുന്നേരങ്ങളില്‍ പുറത്തുനിന്ന് വരുന്ന നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ ഇരുപുറത്തുനിന്നും അലറിവിളിക്കും.

തൊട്ടടുത്ത വീടായതിനാലും ബാപ്പയും ഉപ്പുപ്പായും മാമയുമൊക്കെ കമ്മ്യൂണിസ്റ്റുകാരായതിനാലും പാര്‍ട്ടി സഖാക്കളുടെ താവളം ഞങ്ങളുടെ വീടായിരുന്നു. അവിടെ വന്ന് ഉമ്മയുണ്ടാക്കി കൊടുത്ത ചായ കുടിച്ചിട്ട് തൊട്ടപ്പുറത്ത് പ്രസംഗവേദിയില്‍ കയറിയ നേതാക്കന്മാരില്‍ അക്കാലത്തെ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമുണ്ട്.

സി.ബി.സി വാര്യരും അച്യുതാനന്ദനും സുശീലഗോപാലനും ജി. സുധാകരനും ടി.ജെ. ആഞ്ചലോസുമൊക്കെ അങ്ങനെ വന്നിട്ടുണ്ട്. എല്‍.സി. സെക്രട്ടറിയായിരുന്ന ടി.കെ.ദേവകുമാറിന് പൂമുഖത്തെ ഹാളില്‍ ഒരു സ്ഥിരം കട്ടില്‍ തന്നെയുണ്ടായിരുന്നു.

സഖാവ് സലിം, ശ്യാംസുന്ദര്‍ (പില്‍ക്കാലത്ത് മുസ്‌ലിം ലീഗില്‍പോയി), ഷൗക്കത്തിക്കാ, രത്‌നകുമാര്‍, ശ്രീധരന്‍ ചേട്ടന്‍, സദപ്പണിക്കന്‍, സുകുമാരന്‍ നായര്‍, സഖാക്കളുടെ പട്ടിക നീളും.
നാസര്‍ മാമയാണ് അവരെ കൂട്ടി വീട്ടില്‍ കൊണ്ടുവരിക. മാമയിപ്പോള്‍ പാരലൈസ് വന്ന് കിടപ്പിലാണ്.. പണ്ട് കുടികിടപ്പ് സമരത്തിന് പോയതിന് പോലീസ് കൊടുത്ത ഇടിയുടെ ബാക്കി.

ഇടതടവില്ലാതെ വിപ്ലവഗാനങ്ങള്‍ ഒഴുകുന്ന പാര്‍ട്ടി ഓഫീസില്‍ തന്നെ ആ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ സ്ഥിരവാസമാക്കി. മൈദപ്പശയില്‍ തോരണമുണ്ടാക്കിയും പോസ്റ്ററൊട്ടിച്ചും ആവുംപോലെ ഞങ്ങളും കൂടി.

ഒരു ദിവസം അപ്പുറത്ത് യു.ഡി.എഫ് ഓഫീസില്‍ വക്കംബി തകര്‍ക്കുമ്പോള്‍ ഹസന്‍കുട്ടി ഇക്ക ഒരു നോട്ടീസ് എടുത്തു തന്നിട്ട് മൈക്ക് ഓണ്‍ ചെയ്ത് എന്റെ നേരേ നീട്ടി. ‘നീയിത് മൈക്കീക്കൂടങ്ങ് വായിക്ക്…’പേടിച്ച് വിറച്ച് ഞാനാ നോട്ടീസ് വായിച്ചു…

‘സഖാവ്. ഇ.കെ. നായനാര്‍ ഹരിപ്പാട് നാരകത്ര ജംഗ്ഷനില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നു, എന്ന നോട്ടീസ്.
എനിക്കു തന്നെ മൈക്കില്‍ കൂടി കേട്ട എന്റെ ശബ്ദം അപരിചിതമായി അനുഭവപ്പെട്ടു.

അതൊരു തുടക്കമായിരുന്നു. പിന്നെ ഞാന്‍ സ്ഥിരം അനൗണ്‍സറായി. സഖാക്കള്‍ എഴുതിത്തരുന്നത് വായിക്കുന്ന പരിപാടി.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരറിയിപ്പുണ്ടായി.’സഖാവ് ഗൗരിയമ്മ ചിലപ്പോള്‍ ഇതുവഴി വന്നേക്കും.’ തീരുമാനിച്ചുറപ്പിച്ച ഒരു പരിപാടിയല്ല, അതുകൊണ്ട് വരുമെന്ന് വലിയ ഉറപ്പില്ല. ഹൈവേയിലൂടെ ഹരിപ്പാടിന് പോകുന്ന വഴിയില്‍ തോട്ടപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് പല്ലനവഴി ഒന്നു പോകാന്‍ പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടി ഓഫീസിന് തൊട്ടരികില്‍ ബാപ്പയുടെ സ്‌റ്റേഷനറി കടയോട് ചേര്‍ന്ന് ഒരു സ്‌റ്റേജ് കെട്ടിയിട്ടുണ്ട്. അതില്‍ രാവിലെ 10 മണിക്ക് ഗൗരിയമ്മ പ്രസംഗിക്കാനെത്തുമെന്ന് അറിയിപ്പുണ്ടായി. ഞാനത് മൈക്കിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒമ്പതു മണിമുതലേ പരിസരത്തെ സ്ത്രീകളെല്ലാം ഗൗരിയമ്മയെ കാണാന്‍ വന്നുകൂടി. ‘കുഞ്ഞമ്മ ഇപ്പോള്‍ വരും.’ അവര്‍ പിറുപിറുത്തു. കാത്തിരുന്ന ആ ഇടനേരത്തെ അവര്‍ ഗൗരിക്കഥകള്‍ കൊണ്ടു നിറച്ചു. മണി പത്ത് കഴിഞ്ഞിട്ടും ഗൗരിയമ്മ എത്തിയില്ല. പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞു. ഗൗരിയമ്മയില്ല.

അതിനിടയില്‍ അവര്‍ ഹരിപ്പാട്ടെത്തിയെന്നും പൊതുയോഗത്തില്‍ പ്രസംഗിച്ചെന്നുമൊക്കെ കരമൊഴി കേട്ടു. കയറു പിരിയും തൊണ്ടുതല്ലും ഓലമെടയലും വീട്ടുപണികളും നിര്‍ത്തിവന്ന സ്ത്രീകള്‍ നിരാശയോടെ മടങ്ങിപ്പോയി.
കവലയപ്പോള്‍ ആളൊഴിഞ്ഞ് ശൂന്യമായി. ഉച്ചയ്ക്ക് ഒന്നര മണിയോടടുക്കുമ്പോള്‍ ഒരു വെളുത്ത അംബാസഡര്‍ കാര്‍ പാഞ്ഞുവന്നു പാര്‍ട്ടി ഓഫീസിനു മുന്നില്‍നിന്നു. അതില്‍നിന്ന് വെളുത്ത സാരി ധരിച്ച ഗംഭീരയായൊരു ഗൗരിയമ്മ ഇറങ്ങിവന്നു. സഖാക്കള്‍ എവിടെ നിന്നോ ഓടിയെത്തി. എന്നോട് സ്‌റ്റേജില്‍ കയറി അനൗണ്‍സ് ചെയ്യാന്‍ പറഞ്ഞു. ഞാനപ്പോള്‍ ഒരു നിക്കര്‍ മാത്രമേ ഇട്ടിട്ടുള്ളു. ഷര്‍ട്ടുപോലുമില്ല.

ഓണ്‍ ചെയ്ത മൈക്കിനു മുന്നില്‍നിന്ന് സ്‌ക്രിപ്റ്റില്ലാതെ ഞാന്‍ വിളിച്ചുകൂവി.’സഖാവ് ഗൗരിയമ്മ വന്നൂ, സഖാവ് ഗൗരിയമ്മ വന്നൂ.’
കാറില്‍ നിന്നിറങ്ങി ഗൗരിയമ്മ സ്‌റ്റേജിലേക്ക് കയറാനാഞ്ഞു. മുകളില്‍ നില്‍ക്കുന്ന എന്റെ നേരേ കൈനീട്ടിയിട്ട് ഒരാജ്ഞ. ‘പിടിക്കെടാ….!’
ഞാനാ കൈകളില്‍ പിടിച്ചു. അവര്‍ സ്‌റ്റേജിലേക്ക് കയറി. മൈക്കിനു മുന്നിലേക്ക് നീങ്ങുന്നതിനു മുമ്പ് ചീകിയൊതുക്കാത്ത എന്റെ മുടിയില്‍ അവര്‍ ഒന്നു തട്ടിത്തലോടി.

പിന്നെ വിറയാര്‍ന്ന സ്വരത്തില്‍ പ്രസംഗമായി. നിമിഷ നേരംകൊണ്ട് അങ്ങാടി പെണ്ണുങ്ങളെക്കൊണ്ടു നിറഞ്ഞു.
15 മിനിട്ട് സംസാരം കഴിഞ്ഞ് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അവരിറങ്ങി. അവര്‍ക്കു ചുറ്റും ആ പെണ്ണുങ്ങള്‍ വന്നു പൊതിഞ്ഞുനിന്നു. ലുങ്കിയും ബ്ലൗസും ധരിച്ച തൊഴിലാളി സ്ത്രീകള്‍, വീട്ടമ്മമാര്‍. അവരോട് ഗൗരിയമ്മ കുശലം പറഞ്ഞു. ആ സ്ത്രീകളുടെ ആവേശത്തില്‍ കുറച്ചുനേരം കൂടി അവര്‍ അലിഞ്ഞുനിന്നു.

ഇത്തിരി ചൂടുവെള്ളം വേണമെന്നു പറഞ്ഞപ്പോള്‍ നേരേ എന്റെ വീട്ടിലേക്ക് വന്നു. മുറ്റത്തുനിന്ന് വെള്ളവും കുടിച്ച് ഗൗരിയമ്മ കാറില്‍ കയറി വടക്കോട്ടു പോയി. കാത്തുനില്‍ക്കുന്ന സഖാക്കളെ നിരാശപ്പെടുത്താതിരിക്കാന്‍ തിരിക്കിട്ട് വന്നുപോയതാണ്.
ആ ജീവിതത്തിന്റെ ഇരുപുറങ്ങളിലായിരുന്നു കേരളത്തിന്റെ ചരിത്രമെന്ന് പിന്നീട് വളര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞു.
അവര്‍ താണ്ടിയ ജീവിതമോര്‍ത്ത് അതിശയിച്ചു.

പില്‍ക്കാലത്ത് അതേ കുറ്റിക്കാട്ടു മുക്കിലെ പൊതുയോഗത്തില്‍ വെച്ച് ജി. സുധാകരന്‍ ഗൗരിയമ്മക്ക് താന്‍പോരിമയാണെന്ന് വെടിപൊട്ടിക്കുമ്പോള്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചുകഴിഞ്ഞ ഞാനും അതുകേട്ട് ആ കവലയിലുണ്ടായിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഒരു പത്രസമ്മേളനത്തിനിടയില്‍ ഗൗരിയമ്മയെ ഞാന്‍ കണ്ടു. തൊട്ടടുത്ത് ചെവികൂര്‍പ്പിച്ചിരുന്നാല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്നത്രയും താഴ്ന്ന സ്ഥായിയില്‍ പഴയതിലും വിറവീണ ശബ്ദത്തില്‍ അവര്‍ സംസാരിച്ചു.
പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ഞാന്‍ അവരുടെ അടുത്തെത്തി.
‘സഖാവേ, ഞാനുമൊരു ആലപ്പുഴക്കാരനാണ്.’ എന്നു പറഞ്ഞ് ഗൗരിയമ്മയുടെ വാര്‍ധക്യം പുളഞ്ഞുകയറിയ കൈയില്‍ ഞാന്‍ തൊട്ടു.
പണ്ട് എന്റെ തലയില്‍ തൊട്ടതിന് പകരമായി.

ഇതിഹാസമായിരുന്ന ആ ഒരു നൂറ്റാണ്ടിന് ആദരമര്‍പ്പിക്കുന്നു.
നിങ്ങളില്ലാതെ ചരിത്രം പൂര്‍ത്തിയാവില്ല ഗൗരിയമ്മേ…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Gouri Ammas speech in kuttikattumukku

കെ.എ സെയ്ഫുദ്ദീന്‍

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more