2013ല്‍ പുറത്തിറങ്ങിയ ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ഗൗരവ് മേനോന്‍. ചിത്രത്തിലെ ഗൗരവിന്റെ ജുഗ്രു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ബെന്‍ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഗൗരവ് നേടിയിരുന്നു.
ഗൗരവ് മേനോന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമയായിരുന്നു 2015ല്‍ പുറത്തിറങ്ങിയ ജിലേബി. ജയസൂര്യ, രമ്യ നമ്പീശന്‍, വിജയരാഘവന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. ജയസൂര്യയോടൊപ്പമുള്ള ഗൗരവിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ജിലേബി.
ഈ സിനിമയുടെ ഇടയില്‍ ഒരു ആക്‌സിഡന്റുണ്ടായതിനെ കുറിച്ച് പറയുകയാണ് ഗൗരവ്. അന്ന് തന്റെ കൂടെ നിന്നത് ജയസൂര്യ ആണെന്നും നടന്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരവ് മേനോന്‍.
‘എന്നെ ജയസൂര്യ അങ്കിള്‍ കുറേ ഹെല്‍പ്പ് ചെയ്തിരുന്നു. എങ്ങനെ സിനിമ ചെയ്യണം എന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നിരുന്നു. ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ആളാണ് അദ്ദേഹം. അതിലും നല്ല ആളുകള്‍ ഉണ്ടാകാം. പക്ഷെ എന്റെ ജീവിതത്തില്‍ എനിക്ക് നല്ല ആക്ടറായി തോന്നിയത് അങ്കിളിനെയാണ്.
ഒരു കുട്ടിയോടാണ് ഇന്‍ട്രാക്ട് ചെയ്യുന്നത് എന്ന രീതിയില്‍ തന്നെ എന്നോട് സംസാരിച്ചത് അദ്ദേഹമാണ്. ഒരുപക്ഷെ ഞാന്‍ ജയസൂര്യ അങ്കിളിനൊപ്പം നാല് പടങ്ങളില്‍ അഭിനയിച്ചത് കൊണ്ടാകാം അങ്ങനെ തോന്നുന്നത്. മങ്കി പെന്‍ ആയിരുന്നു ആദ്യ സിനിമ. അതിന് ശേഷം ജിലേബിയില്‍ അഭിനയിച്ചു.
ജിലേബി സിനിമയിലൂടെയാണ് ഞാനും അങ്കിളും കുറച്ചുകൂടെ ക്ലോസാകുന്നത്. ആ സിനിമ ശരിക്കും കൊടൈക്കനാലിലേക്കുള്ള ട്രിപ്പായിരുന്നു. ഭൂരിഭാഗവും വണ്ടിയില്‍ ആയിരുന്നു ഷൂട്ട് നടന്നത്. യാത്ര ചെയ്ത് കൊണ്ടായിരുന്നു ഷൂട്ട് ചെയ്തത്. എനിക്ക് ഈ സിനിമയുടെ ഇടയില്‍ ഒരു ആക്‌സിഡന്റ് നടന്നിരുന്നു.
ഒരു ഓട്ടോയിലെ ചേസിങ് സീനായിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതിന്റെ ഇടയിലാണ് ആക്‌സിഡന്റാകുന്നത്. അങ്ങനെ ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. കോയമ്പത്തൂരിലെ ഹോസ്പിറ്റലിലായിരുന്നു എന്നാണ് എന്റെ ഓര്‍മ. അന്ന് ജയസൂര്യ അങ്കിളായിരുന്നു കൂടെ നിന്നത്,’ ഗൗരവ് മേനോന്‍ പറയുന്നു.
Content Highlight: Gourav Menon Talks About An Accident In Jilebi Movie Location And Actor Jayasurya