| Friday, 10th October 2014, 9:50 am

നില്‍പ്പ് സമരം: ആവശ്യങ്ങള്‍ വിശദീകരിച്ച് മന്ത്രിസഭാ ഉപസമിതിക്ക് ഗോത്രമഹാസഭ കത്ത് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: നില്‍പ്പ് സമരം തുടരുന്ന ആദിവാസികളുടെ ആവശ്യങ്ങള്‍ വിശദീകരിക്കുന്ന കത്ത് ഗോത്രമഹാസഭ മന്ത്രിസഭാ ഉപസമിതിക്ക് നല്‍കി. നില്‍പ്പ് സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ക്കാണ് കത്ത് നല്‍കിയത്.

കത്തിലുന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ ഇവയാണ്.

കേരളത്തിലെ ആദിവാസികളുടെ ഊര്ഭൂമിയും അവര്‍ ഉപയോഗിക്കുന്ന മേഖലകളും പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുകയും, ആദിവാസി ഗ്രാമസഭാ നിയമത്തിന് സംസ്ഥാന നിയമമുണ്ടാക്കുകയും ചെയ്യുക.

കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താനും, പ്രസ്തുത മേഖലകള്‍ വിജ്ഞാപനം ചെയ്ത് കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനൊട് ആവശ്യപ്പെടാനും കേരളമന്ത്രിസഭ തീരുമാനമെടുക്കണം.

ആദിവാസി പുനരധിവാസ വിഷന്‍ പുനരുജ്ജീവിപ്പിക്കുക. 2001ലെ കരാര്‍ നടപ്പാക്കുക.

പ്രിയദര്‍ശിനി, ചിക്കണ്ടി, പോത്തുപ്പാടി, കരുവാര, വട്ടുലക്കി തുടങ്ങിയ പ്രോജക്ടുകള്‍ പിരിച്ചുവിട്ട് കുടിയിരുത്തുന്നവര്‍ക്ക് ഭൂമി നല്‍കുക. പട്ടയം നല്‍കിയ ആദിവാസി ഭൂമിയിലാണ് 1979-80 കാലഘട്ടങ്ങളില്‍ ആദിവാസികളെ കുടിയിരുത്തി സഹകരണ എസ്റ്റേറ്റുകളുണ്ടാക്കിയത്. സഹകരണ സംവിധാനങ്ങള്‍ പരാജയമാണ്. 2001ലെ ആദിവാസി കരാറില്‍ 5 ഏക്കര്‍ വീതം പതിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്.

ആറളം ഫാം സ്വകാര്യ കമ്പനി പിരിച്ചുവിടണം. പൈനാപ്പിള്‍ കൃഷി അവസാനിപ്പിച്ച് ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണം.

ആറളം ഫാമിലെ പുനരധിവാസത്തിന് കാര്‍ഷിക പദ്ധതിയിലൂന്നുന്ന സമഗ്രമായ പാക്കേജ് തയ്യാറാക്കുക. ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥ സംഘത്തെ ഒരു പ്രത്യേക കാലയളവിലേക്ക് ആറളം ഫാമില്‍ നിയോഗിക്കുക. ടി.ആര്‍.ഡി.എം ന്റെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതി നടപ്പാക്കുക. ആദിവാസികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക.

ആറളം ഫാമില്‍ കുടിയിരുത്തിയ ആദിവാസികള്‍ക്ക് പ്രാഥമിക ജീവിതസാഹചര്യങ്ങള്‍ നല്‍കുക.

We use cookies to give you the best possible experience. Learn more