എറണാകുളം: പ്രളയത്തില്‍ തകര്‍ന്ന വയനാട് , പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത ശേഷം വാഗ്ദാനം പാലിക്കാത്ത ചലച്ചിത്രതാരം മഞ്ജുവാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് സംഘടനകളും ആവശ്യപ്പെട്ടു. എറണാകുളം പ്രസ്സ് ക്ലബില്‍ച്ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്
വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മഞ്ജു വാര്യരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷം അവര്‍ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായെന്നും പ്രദേശത്തുകാര്‍ക്കായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.
‘മഞ്ജു വാര്യരുടെ സന്നദ്ധത വിശ്വാസത്തിലെടുത്ത ജില്ലാഭരണകൂടവും പഞ്ചായത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2018-ലും 2019-ലും പ്രളയക്കെടുതികള്‍ ആവര്‍ത്തിച്ചിട്ടും വാഗ്ദാനം നല്‍കിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അതുവഴി തിരിഞ്ഞുനോക്കിയില്ല. ഫൗണ്ടേഷന്റെ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ യാതൊരുവിധ സഹായവും ലഭിച്ചതുമില്ല. കേരള സര്‍ക്കാരിന്റെയും പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളുടെയും ബ്രാന്റ് അംബാസഡര്‍ എന്ന നിലയില്‍ വിശ്വാസ്യതയുടെ പ്രതീകമായി പ്രവര്‍ത്തിച്ചുവരുന്ന മഞ്ജു വാര്യര്‍ വിശ്വാസവഞ്ചന നടത്തിയതായും, ആദിവാസികളുടെ പേരില്‍ ധനസമാഹരണം നടത്തിയതുമായാണ് ആദിവാസികള്‍ വിശ്വസിക്കുന്നത് എന്നും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ഗോത്ര മഹാ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറഞ്ഞു
ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സാമ്പത്തിക പരാധീനതയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും, പദ്ധതി നടപ്പാക്കാന്‍ ഒരു വ്യക്തി എന്ന നിലയില്‍ ബുദ്ധിമുട്ടുകളുണ്ടെന്നും, ഇതിനകം മൂന്നര ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും 10 ലക്ഷം രൂപ മാത്രമെ തുടര്‍ന്ന് നല്‍കാന്‍
കഴിയൂ എന്നും, കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും മാത്രമെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ മുമ്പാകെ അഭ്യര്‍ത്ഥിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ആവശ്യമായി വരുന്നത് ഏകദേശം രണ്ടരക്കോടി രൂപയോളമാണ്. സിനിമാരംഗത്ത് സജീവമായി തുടരുന്ന മഞ്ജു വാര്യര്‍ക്ക് ഇത്രയും തുക കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമല്ലെന്നും, ഈ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വാഗ്ദാനമനുസരിച്ചുള്ള പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലത്തേണ്ടതാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൗണ്ടേഷന്‍ തയ്യാറാകുന്നില്ലെങ്കില്‍ ആദിവാസി ക്ഷേമത്തിന് വേണ്ടി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ശേഖരിച്ച തുകയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയും ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും വേണമെന്നും, മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍, ആദിവാസി സംഘടനകള്‍ നിയമനടപടിക്കും പ്രക്ഷോഭത്തിനും തയ്യാറാകുമെന്ന് നേതാക്കളായ ഗീതാനന്ദന്‍ എം, സി.എസ്. മുരളി, കുഞ്ഞമ്മ മൈക്കിള്‍ എന്നിവര്‍ പറഞ്ഞു.