കൊച്ചി: ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സമഗ്ര ഭൂപരിഷ്‌കരണ രാഷ്ട്രീയ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 19, 20 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. മുത്തങ്ങ ദിനാചരണത്തോടനുബന്ധിച്ചാണ് കണ്‍വെന്‍ഷന്‍. തിരുവനന്തപുരം ഹസ്സന്‍ മരക്കാര്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പുതിയ രാഷ്ട്രീയ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹാരിസണ്‍ ഉള്‍പ്പടെയുള്ള 25ലേറെ എസ്റ്റേറ്റുകള്‍ നിയമവിരുദ്ധമായി കൈവശം വെക്കുന്ന ഭൂമി ഏറ്റെടുത്ത് സമഗ്ര ഭൂപരിഷ്‌കരണം നടപ്പാക്കുക, 2006ലെ വനാവകാശം സമ്പൂര്‍ണമായി നടപ്പിലാക്കുക, നില്‍പ്പ് സമര തീരുമാനങ്ങള്‍ നടപ്പിലാക്കി ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി പതിച്ച് നല്‍കുക, ആദിവാസി സ്വയംഭരണം നടപ്പാക്കുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഗോത്രമഹാസഭ ഉന്നയിക്കും.
ഭൂപരിഷ്‌കരണം, സ്വയംഭരണം, പ്രാദേശിക വികസനം, എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ ജനാധിപത്യ ഊര് വികസനമുന്നണിയെന്ന രാഷ്ട്രീയ വേദിയുടെ നയപ്രഖ്യാപനവും 19ാം തീയ്യതി ഉണ്ടാകും. രോഹിത് വെമുല അനുസ്മരണത്തിലും വിദ്യാഭ്യാസ സംരക്ഷണത്തിലും ദളിത് ആദിവാസി വിദ്യാര്‍ത്ഥികളുടെ പൗരാവകാശം സംരക്ഷിക്കാനുള്ള നിയമ നിര്‍മ്മാണത്തെ കുറിച്ച് 20ാം തീയ്യതി ചര്‍ച്ച നടത്തും.
ഇതില്‍ രൂപം കൊള്ളുന്ന ഒരു കരട് നിയമനിര്‍മ്മാണ നിര്‍ദ്ദേശം മാര്‍ച്ച് മാസം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ആദിവാസി ഗോത്രമഹാസഭ ഭാരവാഹികള്‍ അറിയിച്ചു.
ഇതിനു പുറമെ പരമ്പരാഗത തൊഴിലാളികളെ വഴിയാധാരമാക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റത്തെ തടയാനുള്ള നടപടി കൈകൊള്ളുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നയം പുനരാവിഷ്‌കരിക്കുക, തോട്ടം തൊഴിലാളി നിയമം പരിഷ്‌കരിക്കുക തുടങ്ങിയ വിഷയങ്ങളും കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കപ്പെടും. ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനു, കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.