ശ്രീലങ്ക പ്രതിസന്ധി: ഗോതബയ സിംഗപ്പൂരിലേക്കെന്ന് റിപ്പോര്‍ട്ട്
World News
ശ്രീലങ്ക പ്രതിസന്ധി: ഗോതബയ സിംഗപ്പൂരിലേക്കെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2022, 2:05 pm

കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായിരിക്കെ രാജ്യം വിട്ട പ്രസിഡന്റ് ഗോതബയ രാജപക്‌സെ സിംഗപ്പൂരിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പ്രതിഷേധം വ്യാപകമായതോടെ ഗോതബയ മാല്‍ഡീവ്‌സിലേക്ക് കടന്നിരുന്നു. ഇവിടെ നിന്നും സിംഗപ്പൂരിലേക്ക് പോകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗോതബയ തത്ക്കാലത്തേക്ക് സിംഗപ്പൂരില്‍ തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജപക്സെ ബുധനാഴ്ച രാജിവെക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹത്തില്‍ നിന്ന് രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യെപ പറഞ്ഞു.

അതേസമയം പ്രതിഷേധക്കാര്‍ കൈയ്യേറിയ ഗോതബയയുടെ വസതിയില്‍ നിന്ന് ഒഴിഞ്ഞുപോകുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.

രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിയും പ്രതിഷേധക്കാര്‍ കൈയ്യേറിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പൊലീസും സൈന്യവും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ് നടത്തുക.

സ്പീക്കര്‍ മഹീന്ദ യാപ അഭയ്വര്‍ധന തന്നെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറക്കിയത്.

പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍, ഭരണഘടനയ്ക്ക് അനുസൃതമായി ഒരു പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഭരണകക്ഷി അറിയിച്ചിട്ടുണ്ട്” അഭയ്വര്‍ധന പ്രസ്താവനയില്‍ പറഞ്ഞു.

225 അംഗ പാര്‍ലമെന്റില്‍ അംഗങ്ങളായവരില്‍ നിന്നും ജൂലൈ 19ന് നോമിനേഷനുകള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക.

Content highlight: Gotabaya travelling to singapore says reports