കൊളംബോ: ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായി ഗോതബായ രജപക്സെ ഇന്ന് അധികാരത്തിലേറും. 52.25 ശതമാനം വോട്ടിന്റെ ബലത്തില്‍ വരുന്ന ഗോതബായയുടെ വരവ് തെല്ലൊന്നുമല്ല ശ്രീലങ്കയിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത്.
രാജ്യത്തെ ഭൂരിപക്ഷമായ ബുദ്ധ മതത്തിലെ സിംഹള വിഭാഗക്കാരുടെ പ്രിയങ്കരനായ ഗോതബായ, പക്ഷെ ശ്രീലങ്കന്‍ തമിഴ് ന്യൂനപക്ഷങ്ങളില്‍ ഭീതിയാണുണ്ടാക്കുന്നത്.
2009 ല്‍ അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധ കാലത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായ അന്ന് തമിഴര്‍ക്കെതിരെ നടന്ന വംശീയാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ്. അന്ന് തമിഴ് വിമത സംഘടനയായിരുന്ന എല്‍.ടി.ടി.ക്കെതിരെ ഇദ്ദേഹമാണ് മുന്നില്‍ നിന്ന് ആക്രമണം നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2011 ല്‍ വന്ന യു.എന്നിന്റെ കണക്കു പ്രകാരം 40000 പേരാണ് ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഈ കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചില്ല.
എല്‍.ടി.ടിക്കെതിരെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലരും നിരപരാധികളായിരുന്നു. ചോദ്യം ചെയ്യാന്‍ കൊണ്ടു പോയ പലരെയും കാണാതായി. ഗോതബായയുടെ പ്രധാന എതിരാളി ആയിരുന്ന സജിത്ത് പ്രേമദാസിന്റെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ ആയിരുന്നു തമിഴ് ജനതയെ പ്രതിനിധീകരിക്കുന്ന ടി.എന്‍.എ പാര്‍ട്ടി പിന്തുണച്ചിരുന്നത്.
അന്ന് തമിഴ് പുലികളുടെ പേരില്‍ തമിഴ് വംശജര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടെങ്കില്‍ ഇന്ന് അതേ ഭീതിയിലുള്ളത് ശ്രീലങ്കയിലെ മുസ്‌ലിം ജനവിഭാഗമാണ്.
ഏപ്രിലില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ മുറിവ് ഇതുവരെയും ശ്രീലങ്കന്‍ ജനതയ്ക്ക് ഉണങ്ങിയിട്ടില്ല. ഈ ആക്രമണ സംഭവം മുതലെടുത്തു കൊണ്ട് തന്നെയായിരുന്നു ഗോതബായയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും.
ശ്രീലങ്കയിലെ ബുദ്ധമത സംഘടനയായ ബി.ബി.എസ് ബുദ്ധിസ്റ്റ് പവര്‍ ഫോര്‍സുമായി രജപക്‌സെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.
ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കു നേരെ പലപ്പോഴും ബി.എസ്.എസ് തിരിഞ്ഞിട്ടുണ്ട്. മുസ്‌ലിം ജനങ്ങളുടെ വ്യാപാരത്തിന് അനൗദ്യോഗിക വിലക്കേര്‍പ്പെടുത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രജപക്‌സെയുടെ വരവ് ഇന്ത്യ ആകാംക്ഷയോടെയാണ് നോക്കുന്നത്. നിലവില്‍ ഗോതബായയുടെ നേതൃത്വത്തില്‍ ശ്രീലങ്ക ചൈനയുമായി അടുക്കാനുള്ള സാധ്യതയാണ് കാണുന്നത്. ചൈനയോട് ശ്രീലങ്കയ്ക്കുള്ള സാമ്പത്തിക ബാധ്യതകളും ഇതിലൊരു വലിയ ഘടകമാണ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കും ശ്രീലങ്ക അനുകൂലനയമാണ് സ്വീകരിച്ചത്. ഗോതബായയുടെ വിജയത്തിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിക്കുകയുണ്ടായിരുന്നു.
മുന്‍ പ്രസിഡന്റായ മഹീന്ദ രജപകസെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോതബായ രജപക്‌സെ ശ്രീലങ്കന്‍ പീപ്പീള്‍സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. തോല്‍വി സമ്മതിച്ച സജിത് പ്രേമദാസ് പ്രധാനമന്ത്രി റെനില്‍ വിക്രമസിഗെയുടെ മന്ത്രിസഭാംഗമായിരുന്നു.