| Wednesday, 27th July 2022, 12:25 pm

ഗോതബയ ഒളിവിലല്ല, സിംഗപ്പൂരില്‍ നിന്നും തിരിച്ചുവരും: ബന്ദുള ഗുണവര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരില്‍ നിന്നും രാജ്യത്തേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിസഭാ വക്താവ് ബന്ദുള ഗുണവര്‍ധന ചൊവ്വാഴ്ച്ച പറഞ്ഞു.

1948 മുതലുള്ള രാജ്യത്തെ മോശം സാമ്പത്തികാവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തതോടെ രാജ്യത്ത് വന്‍പ്രതിഷേധങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ഇതിനുപിന്നാലെ പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി കൈയേറുകയും ചെയ്തിരുന്നു.

ജൂലൈ 9 മുതലുള്ള ഈ കലാപത്തിന് പിന്നാലെയാണ് 73 കാരനായ ഗോതബയ രജപക്സെ രാജ്യം വിട്ടത്.

ആദ്യം ജൂലൈ 13ന് രജപക്സെ മാലിദ്വീപിലേക്ക് കടക്കുകയും പിന്നീട് തൊട്ടടുത്ത ദിവസം തന്നെ സിംഗപ്പൂരിലേക്ക് പോകുകയും ചെയ്തു.

മുന്‍ പ്രസിഡന്റ് സിംഗപ്പൂരില്‍ നിന്നും തിരിച്ചുവരുമെന്നും അദ്ദേഹം ഒളിവിലല്ലെന്നുമാണ് മന്ത്രിസഭാ വക്താവ് ഗുണവര്‍ധന പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍ പ്രസിഡന്റ് രാജ്യത്ത് നിന്ന് ഒളിച്ചോടിയതല്ലെന്നും, അദ്ദേഹം ഒളിവിലാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നുമാണ് ഗതാഗത – ഹൈവേ വകുപ്പ് മന്ത്രിയായ ഗുണവര്‍ധന പറഞ്ഞത്. രജപക്സെയെകുറിച്ച് മറ്റു വിവരങ്ങളൊന്നും തന്നെ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

സ്വകാര്യ സന്ദര്‍ശനത്തിനായി രാജ്യത്ത് പ്രവേശിച്ച രജപക്സെക്ക് 14 ദിവസത്തെ ഹ്രസ്വകാല സന്ദര്‍ശന പാസ് സിംഗപ്പൂര്‍ അനുവദിച്ചിട്ടുണ്ട്.

രജപക്സെ ഒരുതരത്തിലുമുള്ള അഭയത്തിനായി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ അത് നല്‍കിയിട്ടിന്നെന്നുമാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്.

സാമൂഹിക സന്ദര്‍ശനത്തിനായി സിംഗപ്പൂരിലെത്തുന്ന ശ്രീലങ്കയില്‍ നിന്നുള്ള ഏതൊരാള്‍ക്കും 30 ദിവസത്തെ ഹ്രസ്വകാല സന്ദര്‍ശന പാസ് (എസ്.ടി.വി.പി) അനുവദിക്കാറുണ്ടെന്ന് സിംഗപ്പൂര്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ചെക്ക്പോസ്റ്റ് അതോറിറ്റി പറഞ്ഞു.

സിംഗപ്പൂരില്‍ താമസിക്കുന്നവര്‍ അവരുടെ എസ്.ടി.വി.പി നീട്ടികിട്ടുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്നും, ഓരോ കേസുകളുടേയും അടിസ്ഥാനത്തില്‍ അപേക്ഷകള്‍ വിലയിരുത്തുമെന്നും ഐ.സി.എ അറിയിച്ചു.

നേരത്തെ, ശ്രീലങ്കയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഗോതബയ രജപക്‌സെ രാജിവെച്ചിരുന്നു. സിംഗപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞദിവസം ഓണ്‍ലൈനായി, ഇ-മെയില്‍ വഴിയാണ് അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റിരുന്നു.

പ്രസിഡന്റായിരുന്ന ഗോതബയ രജപക്സെയുടെ രാജി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യപ അഭയ്വര്‍ധന സ്വീകരിച്ചതിന് പിന്നാലെയാണ് വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റായി സ്പീക്കര്‍ നിയമിച്ചത്.

Content Highlight:  Gotabaya is not in hiding, will return from Singapore: Bandula Gunawardana

We use cookies to give you the best possible experience. Learn more