ഗോരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ ഇല്ലാതായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് വാങ്ങിയ ഡോ:കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു
India
ഗോരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ ഇല്ലാതായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് വാങ്ങിയ ഡോ:കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2017, 7:18 pm

 

ലക്നൗ: ഗോരഖ്പൂരില്‍ 60ലേറെ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് ഓക്‌സിജന്‍  വാങ്ങിയ ഡോ:കഫീല്‍ ഖാനെ ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് സസ്‌പെന്റ് ചെയ്തത്.
ദുരന്തമുണ്ടായഎന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനാണ് കഫീല്‍ ഖാന്‍. നിരവധി ജീവനുകളാണ് ഡോക്ടറുടെ ഇടപെടല്‍ കാരണം രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ മരണസംഖ്യ 48 മണിക്കൂറിനുള്ളില്‍ 36ലേറെയാകുമായിരുന്നെന്ന് ആശുപത്രിയിലുള്ള രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.

ആഗസ്റ്റ് 10ന് രാത്രി ആശുപത്രി പരിസരത്തെ സെന്‍ട്രല്‍ ഓക്സിജന്‍ പൈപ്പ്ലൈന്‍ ബീപ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നു.മസ്തിഷ്‌കവീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ തുടര്‍ച്ചയായി ഓക്സിജന്‍ വിതരണം ചെയ്താല്‍ മാത്രമേ കഴിയൂവെന്നു മനസിലാക്കിയ ഡോക്ടര്‍ ചില വിതരണക്കാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. കുടിശിക അടച്ചാല്‍ മാത്രമേ സിലിണ്ടര്‍ എത്തിക്കൂവെന്ന നിലപാടിലായിരുന്നു അവര്‍.


‘അവന്‍ കുട്ടിയല്ലേ, ഓടിയാലും ഒരു പരിധിയില്ലേ, പിന്നെന്തിനവര്‍ വെടിയുതിര്‍ത്തു’:കശ്മീരില്‍ സുരക്ഷാസൈനികരാല്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവായ വിമുക്തഭടന്‍ ചോദിക്കുന്നു


വിതരണക്കാരും കൈവിട്ടതോടെ ആശുപത്രി വൃത്തങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്നാല്‍ കഫീല്‍ ഖാന്‍ പ്രതീക്ഷ കൈവിട്ടില്ല. അദ്ദേഹം രണ്ട് ജീവനക്കാരെയും കൂട്ടി കാറുമായി സുഹൃത്തിന്റെ സ്വകാര്യ നഴ്സിങ് ഹോമിലേക്കു പോയി. അവിടെ നിന്നും മൂന്നു സിലിണ്ടറുകള്‍ വാങ്ങിയിരുന്നു.
ഓക്സിജന്‍ വിതരണം കുറഞ്ഞാല്‍ ആംബു ബാഗുകള്‍ പമ്പു ചെയ്തുകൊണ്ടിരിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും മറ്റും നിര്‍ദേശം നല്‍കിയശേഷമായിരുന്നു അദ്ദേഹം സിലിണ്ടറുകള്‍ തേടി പോയത്.

മൂന്നു സിലിണ്ടറുകളും തന്റെ കാറില്‍ കയറ്റി അദ്ദേഹം ആശുപത്രിയില്‍ തിരിച്ചെത്തി. അരമണിക്കൂര്‍ കൂടി വിതരണം നിലനിര്‍ത്താന്‍ മാത്രമേ ഈ സിലിണ്ടറുകള്‍ കൊണ്ടു കഴിയൂവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അപ്പോഴേക്കും സമയം പുലര്‍ച്ചെ ആറായിരുന്നു. മിക്ക കുട്ടികളും ഓക്സിജന്റെ അഭാവം കാരണം അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം വീണ്ടും കാറുമായി ആശുപത്രി വിട്ടു. അറിയാവുന്ന നഴ്സിങ് ഹോമുകളിലൊക്കെ കയറി ഇറങ്ങി. 12 ഓളം സിലിണ്ടറുകളുമായി തിരിച്ചെത്തി. നാലുതവണയായാണ് അദ്ദേഹം ഇവ ആശുപത്രിയില്‍ എത്തിച്ചത്.


പശുവിന് ആംബുലന്‍സുള്ള യു.പിയില്‍ കുഞ്ഞിന്റെ മൃതദേഹവും നെഞ്ചോടുചേര്‍ത്ത് ബൈക്കില്‍ പോകുന്ന ഒരമ്മ: വീഡിയോ


ആശുപത്രിയിലെത്തിയപ്പോള്‍ പ്രാദേശിക വിതരണക്കാരന്‍ പണം നല്‍കിയാല്‍ സിലിണ്ടര്‍ എത്തിക്കാമെന്ന് ഉറപ്പുനല്‍കിയതായി അറിഞ്ഞു. ഇതോടെ അദ്ദേഹം തന്റെ എ.ടി.എം കാര്‍ഡ് ജീവനക്കാരില്‍ ഒരാളുടെ പക്കല്‍ കൊടുത്ത് വിട്ട് 10,000 രൂപ പിന്‍വലിപ്പിച്ചു. ഓക്സിജന്‍ ആശുപത്രിയിലെത്തിക്കാനുള്ള യാത്രചിലവും അദ്ദേഹം തന്നെയായിരുന്നു വഹിച്ചത്.

അതിനിടെ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ഇല്ലാഞ്ഞിട്ടല്ല. ജപ്പാന്‍ ജ്വരം മൂലമാണെന്ന നിലപാടാണ് യൂ.പി സര്‍ക്കാര്‍ ഇപ്പോഴും കൈകൊണ്ടത്.