ഗോരഖ്പൂര്‍ ശിശുമരണം: കഫീല്‍ ഖാന് ചികിത്സാ പിഴവ് സംഭവിച്ചെന്നതിന് തെളിവില്ലെന്ന് അലഹബാദ് ഹൈക്കോടതി
National Politics
ഗോരഖ്പൂര്‍ ശിശുമരണം: കഫീല്‍ ഖാന് ചികിത്സാ പിഴവ് സംഭവിച്ചെന്നതിന് തെളിവില്ലെന്ന് അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th April 2018, 8:36 am

 

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്റെ ഭാഗത്തുനിന്നും ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് തെളിവില്ലെന്ന് അലഹബാദ് ഹൈക്കോടതി.

“കഫീല്‍ ഖാന്റെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ല. ഈ വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഖാനിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വ്യാഴാഴ്ച പുറത്തിറക്കിയ വിശദയമായ ഉത്തരവില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിരീക്ഷിച്ചു.

കഫീല്‍ ഖാന് ജാമ്യം അനുവദിക്കാനുള്ള പ്രാഥമിക കാരമം യു.പി സര്‍ക്കാറിന്റെ സത്യവാങ്മൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. “യു.പി സര്‍ക്കാര്‍ അവരുടെ സത്യവാങ്മൂലത്തില്‍ പ്രത്യേകിച്ച് അതിന്റെ 16ാം പേരഗ്രാഫില്‍ പറയുന്നത് മരണം ഓക്‌സിജന്റെ അഭാവം കൊണ്ടല്ല എന്നാണ്” കോടതി വിശദീകരിക്കുന്നു.


Also Read: ദല്‍ഹിയില്‍ എ.ടി.എം കവര്‍ച്ച;ക്യാഷറെയും സെക്യൂരിറ്റി ജീവനക്കാരനെയും അക്രമി സംഘം വെടിവെച്ച് കൊന്നു


ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ ടെണ്ടറിങ് നടപടിയുടെ ഭാഗമല്ലായിരുന്നിട്ടും ഖാനെ ജയിലില്‍ പിടിച്ചിട്ടു. കഴിഞ്ഞ ഏഴുമാസമായി അദ്ദേഹം ജയിലിലായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നില്ലെന്നാണ് അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വേക്കറ്റ് പറഞ്ഞത്. അതുകൊണ്ടുതന്നെ കഫീല്‍ ഖാന്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യകതയില്ലെന്നാണ് കോടതി പറഞ്ഞത്.

ഗൊരഖ്പൂരിലെ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാന്‍ ശ്രമിച്ച് ഹീറോ ആകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലാക്കിയിരുന്നത്.

ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിരുന്നില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത് കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ നടപടി.