ലഖ്‌നൗ: ഗോരഖ്പൂരില്‍ 60ലേറെ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് ഓക്സിജന്‍ വാങ്ങുകയും സമയോചിതമായ ഇടപെടലിലൂടെ ദുരന്തത്തിന്റെ ആഴം കുറയ്ക്കുകയും ചെയ്ത ഡോ. കഫീല്‍ ഖാനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍.
ഗോരഖ്പൂര്‍ ദുരന്തം!! ഡോ. കഫീല്‍ ഖാന്‍ ഹീറോയോ വില്ലനോ എന്ന് ചോദിച്ച് സംഘപരിവാറിന് വേണ്ടി വ്യാജപ്രചരണങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ കുപ്രസിദ്ധമായ പോസ്റ്റ് കാര്‍ഡ് ഡോട്ട് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചരണം.
ഇദ്ദേഹത്തിന് ഗോരഖ്പൂരില്‍ തന്നെ മറ്റൊരു ആശുപത്രിയുണ്ടെന്നും അവിടേക്ക് സിലിണ്ടറുകളും മറ്റും കടത്തുകയായിരുന്നുവെന്നുമാണ് വാര്‍ത്തയിലൂടെ ആരോപിക്കുന്നത്.
ദുരന്തമുണ്ടായപ്പോള്‍ കുട്ടികളെ രക്ഷിക്കാന്‍ നോക്കാതെ സിലണ്ടര്‍ എടുക്കാന്‍ അദ്ദേഹം തന്നെ പോയത് എന്തിനാണെന്നും അത് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാതിരുന്നത് തന്റെ സ്വകാര്യ ക്ലിനിക്കല്‍ നിന്നും ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുവരുന്നത് മറ്റാരും അറിയാതിരിക്കാനുമാണെന്നാണ് ലേഖനത്തില്‍ പറഞ്ഞുവെക്കുന്നത്.
യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കി അഖിലേഷ് യാദവിനെ ആ സ്ഥാനത്ത് കൊണ്ടുവരാന്‍ ഡോ. കഫീല്‍ ഖാന്‍ നടത്തിയ നീക്കമാണ് ഇതെന്നും ലേഖനം ആരോപിക്കുന്നു. ബി.ജെ.പി സര്‍ക്കാരിനെ യു.പിയില്‍ നിന്നും തുടച്ചുനീക്കാനായി കരുതിക്കൂട്ടി തയ്യാറാക്കിയ നാടകമാണ് ആശുപത്രിയില്‍ അരങ്ങേറിയതെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്.
ഏകദേശം 2000 തവണയാണ് ഈ ലേഖനം അവര്‍ ഷെയര്‍ ചെയ്തത്. അതേസമയം മുസ്‌ലീമായ ഒരു വ്യക്തി പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താനായി നടത്തിയ ശ്രമത്തെ പാടെ ഇല്ലാതാക്കുകയും അദ്ദേഹത്തെ ദുരന്തത്തിന്റെ കാരണക്കാരനായി ചിത്രീകരിക്കാനുള്ള നാറിയ ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത് ബസ് ഡ്രൈവറായ സലിം ഷെയ്ഖ് ആയിരുന്നു. ഇതിന് പിന്നാലെ സലിം ഷെയ്ഖാണ് അപകടത്തിന് വഴിയൊരുക്കിയത് എന്ന തരത്തിലുള്ള സംഘപരിവാര്‍ പ്രചരണവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഗോരഖ്പൂര്‍ ദുരന്തത്തിന് പിന്നാലെ പ്രതിച്ഛായ നഷ്ടപ്പെട്ട യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മുഖംരക്ഷിക്കാന്‍ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് സംഘവരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഒപ്പം ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഡോ. കഫീല്‍ഖാനെപ്പോലുള്ളവരുടെ തലയില്‍വെച്ച് കെട്ടാനുള്ള വലിയ ശ്രമവും സംഘ് അനുകൂല മാധ്യമങ്ങളില്‍ നിന്നും ഉണ്ടാകുന്നുമുണ്ട്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം നടന്ന ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ ദുരന്തത്തെ കുറിച്ച് പരാമര്‍ശിച്ച നേതാവിനോട് ആ വിഷമയല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും വന്ദേമാതരമാണ് ഇവിടെ പ്രധാനപ്പെട്ടതെന്നും അവതാരിക നവിക കുമാര്‍ പറഞ്ഞതുള്‍പ്പെടെ ഇത്തരം അജണ്ടയുടെ ഭാഗം തന്നെയായിരുന്നു.
ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ എന്‍സെഫാലിറ്റിസ് വാര്‍ഡ് തലവന്‍ ഡോ. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വന്‍ ജനരോഷം ഉയര്‍ന്നതിന് പിന്നാലെയാണ് കഫീല്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ പി.ആര്‍ ഏജന്‍സി പണി തുടങ്ങിയത്.
ദുരന്തമുണ്ടായപ്പോള്‍ സിലിണ്ടറിന് കടുത്ത ക്ഷാമം ഉണ്ടായെന്നും ആശുപത്രിയില്‍ എത്തിച്ച സിലിണ്ടര്‍ തന്നെ ആശുപത്രിയിലെ എല്ലാ ചുമതലകളില്‍ നിന്നും ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.