| Wednesday, 8th November 2017, 7:25 am

'യു.പിയില്‍ നിലവിളി നിലയ്ക്കുന്നില്ല'; ഗോരഖ്പൂരില്‍ ശിശുമരണം തുടരുന്നു; അഞ്ചു ദിവസത്തിനിടെ 70 ശിശുമരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍കോളേജില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 70 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ 70 കുട്ടികള്‍ മരിച്ചതായാണ് ആശുപത്രി രേഖകളെ ഉദ്ധരിച്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


Also Read: ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം കാണാനെത്തിയ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു


നേരത്തെ നവംബര്‍ രണ്ടിനും നാലിനുമിടയില്‍ 31 കുട്ടികള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 70 കുട്ടികള്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും നവജാതശിശുക്കളാണ്.

കുട്ടികളുടെ വാര്‍ഡില്‍ മാത്രം നവംബര്‍ ഒന്ന് ബുധനാഴ്ച 13 പേരാണ് മരിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വ്യാഴം 12, വെള്ളി 18, ശനി 13, ഞായര്‍ 15 എന്നിങ്ങനെയാണ് കുട്ടികളുടെ മരണനിരക്ക്. നേരത്തെ ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കൂട്ട ശിശുമരണം ഉണ്ടായതോടെ വാര്‍ത്തകളില്‍ നിറഞ്ഞ ആശുപത്രിയാണ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി.

എന്നാല്‍ ആശുപത്രിയില്‍ ശിശുമരണം തുടര്‍ക്കഥയാവുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ജപ്പാന്‍ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങളാണ് ശിശുക്കളുടെ മരണകാരണമെന്നാണ് ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് അധികൃതരുടെ പ്രതികരണം. എന്നാല്‍ ന്യുമോണിയ ബാധിച്ച് മരിച്ച കുട്ടികളും ഇതിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Dont Miss:  നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലസ്ഥാനത്തെ എ.ടി.എമ്മില്‍ നിന്ന് കള്ളനോട്ട്


ശിശുമരണങ്ങളെ തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. “സംസ്ഥാനത്തെ അമ്പലങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളുടെ ചികിത്സയ്ക്കായി നല്ല ആശുപത്രികള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്ന്” എസ്.പി. വക്താവ് സുനില്‍ യാദവ് പറഞ്ഞു.

എന്നാല്‍ മുന്‍ സര്‍ക്കാരുകളുടെ അനാസ്ഥയാണ് ആരോഗ്യരംഗത്തെ തകര്‍ച്ചയ്ക്ക് കാരണമെന്നും ശിശുമരണനിരക്ക് കൂടുന്നത് ഖേദകരമായ വസ്തുതയാണെങ്കിലും അതിനെതിരേ ഫലപ്രദമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more