ഗോരഖ്പൂരിലേത് മനുഷ്യനിർമിത കൂട്ടക്കൊല', യു.പിയിലെ ആരോഗ്യമേഖലയിൽ ഇന്ന് കണക്കുകൾ ഇല്ല: ഡോ. കഫീൽ ഖാൻ
national news
ഗോരഖ്പൂരിലേത് മനുഷ്യനിർമിത കൂട്ടക്കൊല', യു.പിയിലെ ആരോഗ്യമേഖലയിൽ ഇന്ന് കണക്കുകൾ ഇല്ല: ഡോ. കഫീൽ ഖാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th September 2023, 10:22 am

ചെന്നൈ: യു.പിയിലെ ഗോരഖ്പൂരിൽ 67 കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരണപ്പെട്ട സംഭവം മനുഷ്യനിർമിത കൂട്ടക്കൊലയാണെന്ന് ഡോ. കഫീൽഖാൻ. യു.പിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കണക്കുകൾ ഇപ്പോൾ ലഭ്യമല്ല എന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ധനായിരുന്നു കഫീൽ ഖാൻ. ഓക്സിജൻ സിലിണ്ടറുകൾക്ക് പണം കുടിശ്ശികയായതിന്റെ പേരിൽ ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിയിരുന്നു.

തുടർന്ന് കുഞ്ഞുങ്ങളുടെ മരണം തടയാൻ സ്വന്തം കൈയിൽ നിന്ന് ചെലവഴിച്ച് അദ്ദേഹം സിലിണ്ടറുകൾ വാങ്ങിയെങ്കിലും 67 കുട്ടികൾ ഉൾപ്പെടെ 90ഓളം പേർ മരണപ്പെട്ടു. കുട്ടികളുടെ മരണത്തിൽ കഫീൽ ഖാൻ ഉൾപ്പെടെയുള്ള ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. എട്ട് മാസം അദ്ദേഹം ജയിലിൽ കിടന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ അഭിനന്ദിക്കുമെന്നാണ് കരുതിയതെന്നും പക്ഷേ ദേഷ്യപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി എന്നെ അഭിനന്ദിക്കുമെന്നാണ് കരുതിയത്. പക്ഷേ യോഗി ആദിത്യനാഥ്‌ ദേഷ്യത്തിലായിരുന്നു. തൂ ഹേ കഫീൽഖാൻ? (നീ ആണോ കഫീൽഖാൻ) എന്ന് ചോദിച്ചു. ആപ് എന്ന് ബഹുമാനാർത്ഥം പറയുമ്പോൾ തൂ എന്നാൽ അപമാനിക്കുന്ന തരത്തിൽ പറയുന്നതാണ്.
നീ ആണോ സിലിണ്ടർ അറേഞ്ച് ചെയ്തത് എന്ന് ചോദിച്ചു. ഞാൻ ഞെട്ടിപ്പോയി. ഞാൻ അതെ എന്ന് പറഞ്ഞു. സിലിണ്ടർ കൊണ്ടുവന്നാൽ നീ ഹീറോ ആകുമെന്നാണോ വിചാരിച്ചത് എന്നാണ് ചോദിച്ചത്. ആ നാല് വാചകം എന്റെ ജീവിതം മാറ്റിമറിച്ചു. എനിക്കെതിരെ കേസ് എടുത്തു. എന്റെ കുടുംബത്തെ ദ്രോഹിച്ചു. എന്നെ ജയിലിൽ അടച്ചു,’ അദ്ദേഹം പറഞ്ഞു.

2017 വരെ ചുറ്റുംനടക്കുന്ന കാര്യങ്ങളിൽ ബോധവാനല്ലാതിരുന്ന താൻ അതിന് ശേഷമാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.
‘2017ന് മുമ്പ് വരെ ഞാനൊരു സാധാരണ ഡോക്ടർ മാത്രമായിരുന്നു. ആശുപത്രിയിൽ പോകുന്നു, തിരിച്ചു വരുന്നു, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു. പെട്രോൾ ലിറ്ററിന് നൂറു രൂപയായെന്നോ കറന്റ് ബിൽ കൂടുകയാണെന്നോ എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. കാരണം ഡോക്ടർ ആയതുകൊണ്ട് പണത്തിന്റെ ബുദ്ധിമുട്ട് ഇല്ലായിരുന്നു.

ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്രയും വിദ്വേഷപ്രചാരണങ്ങളും അക്രമങ്ങളും നടക്കുന്നുണ്ടെന്ന് ഞാൻ ചിന്തിക്കുന്നില്ലായിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും അഖ്ലാഖിനെ എന്തിനാണ് ആൾകൂട്ടം കൊലപ്പെടുത്തിയത് എന്നതുമൊന്നും എന്നെ ബാധിച്ചിരുന്നില്ല.

എന്നാൽ ഗോരഖ്പൂരിലെ ജയിലിൽ കഴിഞ്ഞ എട്ട് മാസം ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചു. ലെനിനെ കുറിച്ചും മാക്സിനെ കുറിച്ചും ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചുമെല്ലാം വായിച്ചു. അംബേദ്കർ മുതൽ മഹാത്മാ ഗാന്ധി വരെയുള്ളവരെ കുറിച്ചെല്ലാം അറിഞ്ഞു.

അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്, സാധാരണ ഇന്ത്യൻ പൗരൻ എന്ന നിലയിൽ ആർക്കെതിരെയും നടക്കുന്ന അനീതികൾക്കെതിരെ സംസാരിക്കാൻ എനിക്ക് ഉത്തരവാദിത്തമുണ്ട് എന്ന്,’ അദ്ദേഹം പറഞ്ഞു.

തന്റെ കഥ ലോകത്തെ അറിയിക്കാൻ ദി ഗോരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി എന്ന പുസ്തകം എഴുതിയെങ്കിലും പ്രസാധകരെ കണ്ടെത്താൻ ഒരുപാട് അലയേണ്ടി വന്നെന്നും കഫീൽഖാൻ പറഞ്ഞു.

യു.പിയാണ് ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമെന്ന യോഗിയുടെ അവകാശവാദം അംഗീകരിക്കാൻ തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു.

‘ഡാറ്റ മാനിപ്പുലേറ്റ് ചെയ്യുന്നതിൽ വിദഗ്ധനാണ് യോഗി. 2017ൽ ഗോരഖ്പൂരിൽ ഈ സംഭവം നടക്കുന്നതിന് മുൻപ് വരെ എൻസഫലൈറ്റിസ് രോഗം ബാധിച്ച് 25,000 കുട്ടികൾ മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് കണക്കുകൾ ലഭ്യമല്ല,’ അദ്ദേഹം പറഞ്ഞു.

സർക്കാർ സംവിധാനങ്ങൾ വിലങ്ങുതടിയായപ്പോൾ ഉപജീവനത്തിനായി ഒരു ആശുപത്രിയെ സമീപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തമിഴ്നാട്ടിലെ ആശുപത്രിയിലാണ് കഫീൽ ഖാൻ ജോലി ചെയ്യുന്നത്.

Content Highlight: Gorakhpur hospital death was a manmade massacre, No data in UP medical sector today, says Dr. Kafeel Khan