സഹോദരനെ കൊലപ്പെടുത്തിയതിന് പ്രതികാരം; സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
national news
സഹോദരനെ കൊലപ്പെടുത്തിയതിന് പ്രതികാരം; സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2018, 1:25 pm

ഗോരഖ്പൂര്‍: ഏഴ് വയസുകാരനായ സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനായി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍.

യു.പിയിലെ ദിയോറിയ ജില്ലയിലാണ് സംഭവം. കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായി തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി.

സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ സ്‌കൂളുകള്‍ വളയുകയും പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ജുവൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.


പൊലീസുകാര്‍ പരിഹസിക്കുന്നു; പരാതി നല്‍കാന്‍ ചെന്നാല്‍ ക്യൂവില്‍ നില്‍ക്കാന്‍ പറയുന്നു: ഗുരുതര ആരോപണവുമായി ബി.ജെ.പി ദളിത് എം.എല്‍.എ


സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. സ്വന്തം സഹോദരന്റ കൊലപാതകത്തിന് പ്രതികാരമായി സ്‌കൂളിലെ മുഴുവന്‍ കുട്ടികളേയും കൊല്ലാനായിരുന്നു പെണ്‍കുട്ടി പദ്ധതിയിട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

ഭക്ഷണത്തിന്റെ സാമ്പിള്‍ ലാബില്‍ അയച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും ജില്ലാ ഓഫീസര്‍ ആര്‍.സി പാണ്ഡെ പറഞ്ഞു.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 2 നാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറ്റാരോപിതനായ ഇതേ ക്ലാസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ജുവൈല്‍ ഹോമിലാണ്.

സ്‌കൂളിലെ പാചകക്കാരിയാണ് പെണ്‍കുട്ടി അടുക്കളയിലേക്ക് പോയത് ആദ്യം കണ്ടത്. അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ കുട്ടിയുടെ കയ്യില്‍ എന്തോ വസ്തു പറ്റിപ്പിടിച്ചതായി കണ്ടു. കൈയ്ക്ക് പ്രത്യേക മണവും ഉണ്ടായിരുന്നു.

തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു പാചകക്കാരിയുടെ സഹായത്തോടെ പെണ്‍കുട്ടിയെ അടുക്കളയില്‍ പൂട്ടിയിട്ട് പ്രധാനാധ്യാപകനെ വിവരമറിയിക്കുകായയിരുന്നു. ഇദ്ദേഹമാണ് പൊലീസിനെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയത്.