പൗരത്വ ഭേദഗതി പ്രതിഷേധം: ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് യു. പി പൊലിസ്
CAA Protest
പൗരത്വ ഭേദഗതി പ്രതിഷേധം: ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് യു. പി പൊലിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th January 2020, 8:37 am

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലിസ്. ഡിസംബറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലെത്തിയപ്പോഴാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സെക്ഷന്‍ 153 എ പ്രകാരം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് മതവികാരത്തെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 12ന് നടന്ന ഈ പരിപാടിയുടെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ മതവിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന രീതിയിലായിരുന്നു കഫീല്‍ ഖാന്റെ പ്രസംഗമെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മോട്ടാ ഭായ് നമ്മളെ ഹിന്ദുകളും മുസ്‌ലിമുകളും ആകാനാണ് പഠിപ്പിക്കുന്നത്. അല്ലാതെ മനുഷ്യരാകാനല്ല’ എന്നും കഫീല്‍ ഖാന്‍ പ്രസംഗിച്ചുവെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ മോട്ടാ ഭായ് പ്രയോഗം നടത്താറുള്ളത്.  ആര്‍.എസ്.എസിന്റെ സ്‌കൂളുകളില്‍ താടി വെച്ചവര്‍ ഭീകരവാദികളാണെന്നാണ് പഠിപ്പിക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശ പ്രകാരം മുംബൈ ടാസ്‌ക് ഫോഴ്‌സാണ് കഫീല്‍ ഖാനെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മതവികാരത്തെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പൗരത്വ നിയമ പ്രതിഷേധത്തിനിടെ പ്രസംഗിച്ചു എന്ന കേസില്‍ കഫീല്‍ ഖാനെ പിടികൂടാനായി അന്വേഷണം നടത്തിവരുകയായിരുന്നെന്ന് ഐ.ജി അമിതാഭ് യഷ് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പ്രതിയെന്ന് ആരോപിച്ച് ശിശുരോഗ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.കഫീല്‍ ഖാനെ ജയിലിലടച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു. സ്വകാര്യ കമ്പനികള്‍ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ബി.ആര്‍.ഡി ആശുപത്രിയില്‍ 30 ലധികം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. എന്നാല്‍ 250 ഓക്സിജന്‍ സിലിണ്ടറുകള്‍ അടിയന്തിരമായി ആശുപത്രിയിലെത്തിച്ച കഫീല്‍ ഖാന്റെ ഇടപെടലായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. സ്വന്തം ചിലവിലിലായിരുന്നു ഡോ. കഫീല്‍ ഖാന്‍ ഓക്‌സിജന്‍ എത്തിച്ചത്.

എന്നാല്‍ ദുരന്തത്തിനുശേഷം കഫീല്‍ ഖാനെ പ്രതിയാക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം സ്വീകരിച്ചത്. ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കഫീല്‍ ഖാന്‍ രംഗത്തെത്തിയതോടെയാണ് യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാര്‍ പ്രതികാരനടപടിയുമായി മുന്നോട്ടുപോയത്.

2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ഖാന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. പിന്നീട് കോടതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയും സുപ്രീം കോടതി അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്നതിന് ശേഷവും കഫീല്‍ ഖാന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ അദ്ദേഹത്തിന് അലവന്‍സ് നല്‍കുകയോ ചെയ്തിട്ടില്ല.