| Saturday, 12th August 2017, 5:33 pm

ഒടുവില്‍ മോദി മൗനം വെടിഞ്ഞു; ഗോരഖ്പൂര്‍ സംഭവം കേന്ദ്രം 'നിരീക്ഷിക്കുകയാണ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ:ഗോരഖ്പൂരില്‍ ഒാക്‌സിജന്‍ കിട്ടാതെ അറുപത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞു.
ഗോരഖ്പൂര്‍ സംഭവം കേന്ദ്രം നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യസഹമന്ത്രിയെ ചുമതല പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടും വിഷയത്തില്‍ ഒരു അനുശോചന കുറിപ്പു പോലും പുറത്തിറക്കാതിരുന്നതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വേണ്ടതിനും വേണ്ടാത്തതിനും ട്വീറ്റിടുന്ന മോദി പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തില്‍ അനുശോചിക്കാന്‍ പോലും തയ്യാറാകാത്തത് തങ്ങളെ ഭയപ്പെടുത്തുന്നുവെന്നും മറ്റ് രാജ്യങ്ങളില്‍ എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ അതിവേഗത്തില്‍ ട്വീറ്റിടുന്ന മോദി ബി.ജെ.പി ഭരണമല്ലാത്ത സംസ്ഥാനത്തായിരുന്നു ഇത് സംഭവിച്ചതെങ്കില്‍ ട്വീറ്റ് ചെയ്തേനെയെന്നും ചിലര്‍ വിമര്‍ശിക്കുന്നു.


Also Read ‘ആ 30 കുട്ടികള്‍ക്കുപകരം മരിച്ചത് ഒരു മുസ്‌ലിം കച്ചവടക്കാരന്റെ പത്തുപശുക്കളായിരുന്നെങ്കിലോ?’ സംഭവിക്കുക ഇതാണ്: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്


പോര്‍ച്ചുഗലില്‍ കാട്ടുതീയിയുണ്ടായപ്പോള്‍ അപലപിച്ച പ്രധാനമന്ത്രി എന്തു കൊണ്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു.ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഓക്‌സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്‌സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more