| Sunday, 22nd September 2019, 12:06 am

'എനിക്കൊരു പേര് വീണു, കോപ്പിസുന്ദര്‍'; തനിക്ക് ആ പേര് വീഴാനുള്ള സാഹചര്യം ആദ്യമായി വെളിപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തനിക്ക് ‘കോപ്പിസുന്ദര്‍’ എന്ന പേര് വീണതിനു പിന്നിലെ സാഹചര്യം വെളിപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍. ഇന്നത്തെ കാലത്ത് സംഗീത സംവിധായകര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നും ‘അതുപോലൊരു പാട്ട്’ വേണമെന്ന ആവശ്യമാണു തങ്ങള്‍ക്കു മുന്നില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജിങ് പാനലിലിരിക്കെയാണ് ഗോപീസുന്ദര്‍ ഇക്കാര്യം പറഞ്ഞത്. യേശുദാസ് പാടിയ ‘ഏഴു സ്വരങ്ങളും തഴുകിവരും’ എന്ന ഗാനം പോലൊരൊണ്ണം ഇക്കാലത്തു വരാത്തത് എന്തുകൊണ്ടാണെന്ന അവതാരകന്‍ ജീവയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

തനിക്ക് തന്റേതായ രീതിയിലേ ചെയ്യാന്‍ പറ്റൂവെന്ന് ശാഠ്യം പിടിച്ചാല്‍ ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരുമെന്നും ജനങ്ങള്‍ക്കു പുറത്തിരുന്നു പറയാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഗോപീസുന്ദറിന്റെ വാക്കുകളിലേക്ക്:

‘ഇന്നത്തെ കാലഘട്ടത്തില്‍ ഒരു സംഗീത സംവിധായകന് അത്രയും ആവിഷ്‌കാര സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടിവരും. ഇപ്പോളൊരുപാട് പേര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അവരുടെയെല്ലാം അഭിപ്രായം കേള്‍ക്കേണ്ട അവസ്ഥയില്‍ ഇരിക്കുകയാണ് ഓരോ ക്രിയേറ്റേഴ്‌സും.

മ്യൂസിക് ഡയറക്ടര്‍ എന്ന വാക്കില്‍ മ്യൂസിക്കും ഉണ്ട് ഡയറക്ഷനുമുണ്ട്. ഡയറക്ഷന്‍ എന്ന ജോലി ഒരുപാട് പ്രധാനപ്പെട്ടതാണ്. നമുക്ക് അറിയുന്ന സംഗീതത്തെ ഒരു സ്‌ക്രിപ്റ്റിന്റെ ചട്ടക്കൂടിലേക്ക് ദിശ ചലിപ്പിച്ചുവിടുന്ന കപ്പിത്താനാണ് മ്യൂസിക് ഡയറക്ടര്‍.

ദിശയില്ലാതെ ഇങ്ങനെ വെറുതെ കമ്പോസിഷന്‍ ചെയ്തുകൊണ്ടിരുന്നാല്‍ അതിനെ ഡയറക്ഷന്‍ എന്നല്ല പറയുക. അതിനെ മ്യൂസിഷന്റെ പെര്‍ഫോമന്‍സ് എന്നാണു പറയുക. ഇപ്പോഴത്തെ കാലത്ത് എല്ലാവരും കപ്പിത്താന്മാരാണ്.

നിര്‍മാതാവുണ്ടാകും. നിര്‍മാതാവിന്റെ വീട്ടുകാരുണ്ടാകും. അടുത്ത വീട്ടിലെ ചേട്ടനുണ്ടാകും. എല്ലാവരും കേള്‍ക്കും പാട്ട്. ഒരു പാട്ടുണ്ടാക്കുമ്പോള്‍ അന്നത്തെ കാലത്ത് ഒരു നിര്‍മാതാവിന് സ്റ്റുഡിയോയ്ക്കകത്ത് പ്രവേശനത്തിനു പോലും നിയന്ത്രണമുണ്ടായിരുന്നു.

കാരണം, മ്യൂസിക്, മ്യൂസിഷന്‍, മ്യൂസിക് ഡയറക്ടര്‍. അതുമാത്രമായിരുന്നു സ്റ്റുഡിയോയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. അതിനു ശേഷമേയുള്ളൂ ബാക്കിയെല്ലാവരും. ആ ഒരു അതോറിറ്റി സംഗീത സംവിധായകര്‍ക്കേ ഉള്ളൂ.

ആ മ്യൂസിക് ഡയറക്ടര്‍ എന്ന വാക്കിന് ഒരുപാട് പ്രാധാന്യമുണ്ട്. നമുക്ക് ശബ്ദമില്ല, നമുക്ക് മാര്‍ക്കറ്റില്ല, അങ്ങനൊരു അവസ്ഥയിലിരിക്കുകയാണ്. അവിടെയിരുന്ന് നമ്മളോരോ കമ്പോസിഷന്‍സ് കൊണ്ടുവന്നാല്‍ ഇതൊന്ന് റിലീസ് ആയിരുന്നാല്‍ മതിയായിരുന്നു ഈശ്വരാ, ഈ ട്യൂണൊന്ന് അംഗീകരിച്ചാല്‍ മതിയായിരുന്നു ഈശ്വരാ, അങ്ങനെയൊരു അവസ്ഥയിലാണു നമ്മളെല്ലാം കമ്പോസ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരാള്‍ അംഗീകരിച്ചതുകൊണ്ടുമാത്രം എനിക്കൊരു ന്യായമുണ്ട്, എന്നില്‍ക്കൂടി വരുന്ന മ്യൂസിക്കാണ്, അതിനെ ഞാന്‍ ഡയറക്ട് ചെയ്യണം, ആ സ്‌ക്രിപ്റ്റിനോട് ഞാന്‍ നീതി പുലര്‍ത്തുന്ന രീതിയില്‍ എനിക്കെന്റെ മനസ്സാക്ഷിയോട് നീതി പുലര്‍ത്തണം എന്ന് എന്നോടുതന്നെ ചോദ്യം ചോദിച്ച് ഞാന്‍ തന്നെ ഉത്തരം കണ്ടെത്തുന്നിടത്താണ് ഒരു യഥാര്‍ഥ കലാകാരന്‍ ജനിക്കുന്നതും ജീവിക്കുന്നതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതെല്ലാം കഴിഞ്ഞാണ്, ഒരുപാട് കടമ്പകള്‍ കഴിഞ്ഞിട്ടാണ് മാന്യമഹാജനങ്ങളേ ഈ സംഗീതം നിങ്ങള്‍ കേള്‍ക്കുന്ന ഒരവസ്ഥയിലേക്കെത്തുന്നത്. അന്നത്തെ കാലത്ത് കമ്പോസേഴ്‌സിന് അവരുടേതായ വിലയുണ്ടായിരുന്നു.

കാരണം, അന്ന് വിരലിലെണ്ണിപ്പറയാവുന്ന കമ്പോസേഴ്‌സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പേരു പറയുമ്പോള്‍ മാറിപ്പോവും. അന്ന് നാല് പേരെ ഉള്ളൂവെങ്കില്‍ ആ നാല് പേര്‍ക്കേ സിനിമയുള്ളൂ. ഇന്ന് നാല്‍പ്പതിനായിരം-അമ്പതിനായിരം കമ്പോസേഴ്‌സുണ്ട് കേരളത്തില്‍.

കേരളം പോലൊരു കൊച്ചുസ്ഥലത്ത് അത്രയും പേരെഴുതാന്‍ പറഞ്ഞാല്‍ എഴുതാന്‍ പറ്റും. അത്രയും പേരുടെ ഇടയില്‍ നിന്നുകൊണ്ട് ഒരു അവിഞ്ഞ പരുവത്തില്‍ പോയിക്കൊണ്ടിരിക്കുകയാണ്.

അന്നത്തെ കാലത്തെ സംഗീതസംവിധായകര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അവര്‍ പറയുന്ന വാക്കുകള്‍ക്ക് വിലയുണ്ടായിരുന്നു. അപ്പോള്‍ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ആരും തലയിടാന്‍ വരില്ലായിരുന്നു. അതുകൊണ്ടാണ് അതുപോലുള്ള മഹത്തരമായ കമ്പോസിങ് വരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ഞങ്ങളെപ്പോലുള്ളവര്‍ അതിനു ശ്രമിക്കുമ്പോള്‍ അടിച്ചുതള്ളപ്പെടുകയാണ്. ഇത് ശരിയാവില്ല, മറ്റൊരു പാട്ട് കേട്ടില്ലേ, അതുപോലൊരു പാട്ട് ചെയ്യ്. അതുപോലൊരു പാട്ട്, ഇതുപോലൊരു പാട്ട്, ഏതെങ്കിലും പോലൊരു പാട്ട് ഉണ്ടാക്കാനേ പറയുകയുള്ളൂ.

അന്നത്തെ കാലത്ത് രവീന്ദ്രന്‍ മാഷിന്റെയൊക്കെ അടുത്ത് പറഞ്ഞതുമാത്രമേ ഓര്‍മ കാണൂ. അതുപോലൊരു പാട്ട് വേണമെന്നു പറഞ്ഞാല്‍ അതേ വഴിക്കു പൊയ്‌ക്കോളാന്‍ പറയും. ഇന്നു ഞങ്ങളെപ്പോലുള്ളവര്‍ക്ക് അതുപറയാന്‍ കഴിയില്ല. കാരണം, പെരുപ്പം കൂടി. അതുകൊണ്ട് നമുക്കത് പറയാന്‍ പറ്റില്ല.

അപ്പോള്‍ അതുപോലൊരു പാട്ട് വേണമെന്നു പറയും, ഇതുപോലൊരു പാട്ട് വേണമെന്നു പറയും. അപ്പോ നമ്മള്‍ ഓകെ സാര്‍ അതു ഞാന്‍ ചെയ്തുതരാം. അപ്പോള്‍ അതുപോലൊരു പാട്ട് ചെയ്തുകൊടുക്കുമ്പോള്‍ അത് അതുപോലെ വന്നില്ല എന്നുപറയും. ഒരു സന്ദര്‍ഭത്തിനു വേണ്ടി 40 ട്യൂണ്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പക്ഷേ ആ സമയത്ത് അതുപോലെ വന്നില്ല എന്ന കാരണം കൊണ്ട് അതു മാറ്റപ്പെടുകയാണ്.

അങ്ങനെ അതുപോലെ വരാതെ വരാതെ അതുതന്നെ ചെയ്ത സമയത്ത് എല്ലാവരും കൈയ്യടിച്ചു. സൂപ്പര്‍, അടിപൊളി പാട്ട്, എനിക്കൊരു പേര് വീണു, കോപ്പിസുന്ദര്‍. This is what is happening right now. ഞങ്ങളുടെ ആരുടെയും തെറ്റല്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള പാട്ടുകള്‍ ജനിക്കാതെ പോകുന്നത്.

പിന്നെ ശാഠ്യം പിടിക്കാം, ഒരു കലാകാരനെന്ന പേരില്‍, ആര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ടല്ലോ. ഇല്ല, ഞാന്‍ ചെയ്യുന്നില്ല, എനിക്ക് എന്റേതായ രീതിയിലേ ചെയ്യാന്‍ പറ്റുകയുള്ളൂ. ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരും.

ജനങ്ങള്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ പുറത്തിരുന്നു പറയാന്‍ എളുപ്പമാണ്. അന്നത്തെ കാലത്ത് എന്തൊക്കെ സംഭവിച്ചു, വാഹ് വാഹ്, ഓള്‍ഡ് ഈസ് ഗോള്‍ഡ്. ശരിയാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. പക്ഷേ എല്ലാം പഴയതാകുമല്ലോ, അങ്ങനെ വരുമ്പോള്‍ ഈ പഴയതൊക്കെ നന്നാവുമോ എന്ന ചോദ്യം എനിക്കുണ്ട്.’- ഗോപീസുന്ദര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more