| Friday, 6th November 2020, 1:18 pm

ഇത് കാശിന്റെ തിളപ്പമല്ല സര്‍; വളര്‍ത്തുപട്ടികളെ പരിപാലിക്കാന്‍ ജോലിക്കാരെ ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് മോശം കമന്റുമായി വന്നവര്‍ക്ക് മറുപടിയുമായി ഗോപിസുന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വളര്‍ത്തുപട്ടികളെ പരിപാലിക്കാന്‍ ജോലിക്കാരെ ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് മോശം കമന്റുമായി വന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നുണ്ടെന്നും അവരെ പരിപാലിക്കാന്‍ ജോലിക്കാരനെ ആവശ്യമായി വന്നതിനാലാണ് അത്തരത്തിലൊരു പോസ്റ്റിട്ടതെന്നും ഗോപിസുന്ദര്‍ പറഞ്ഞു.

‘7 പട്ടികളുണ്ട്. ഇതില്‍ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ്. മനുഷ്യന്‍ കലിപ്പ് തീര്‍ക്കാന്‍ ,വെട്ടും കൊലയും പരിശീലക്കാന്‍ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്’, ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ എഴുതി.

നേരത്തെ ഗോപിസുന്ദറിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ മോശം കമന്റുമായി വന്നിരുന്നു. പട്ടികളെ നോക്കുന്ന കാശ് കൊണ്ട് മനുഷ്യര്‍ക്ക് വല്ല സഹായവും ചെയ്തുകൂടെയെന്നും ചിലര്‍ ചോദിച്ചിരുന്നു.

ഗോപീസുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്‍
===============
സോഷ്യല്‍ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവില്‍ തന്നെ തെറിവിളിയും കിട്ടും. സോഷ്യല്‍ മീഡിയയുടെ തലോടല്‍ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാന്‍. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റില്‍ തന്നെയാണ് ഉള്‍ക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴില്‍ പരമായോ ഉള്ള ഒരു വിമര്‍ശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളില്‍ കൂടുതല്‍ സന്തോഷിക്കാറുമില്ല.

ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടികാര്യമായതുകൊണ്ടാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോള്‍ 7 പട്ടികളുണ്ട്. ഇതില്‍ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ് . മനുഷ്യന്‍ കലിപ്പ് തീര്‍ക്കാന്‍ ,വെട്ടും കൊലയും പരിശീലക്കാന്‍ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്.

ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോള്‍ അയാള്‍ ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാള്‍ക്ക് ജോലി കിട്ടിയാല്‍ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി )

മോശം കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ.. പക്ഷെ അത്രത്തോളം മോശക്കാരല്ല സര്‍ പട്ടികള്‍ . അവയോട് സ്‌നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. എന്റെ ഈ particular post നെ ട്രോളിയവരോട് ,അത് വാര്‍ത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു
ഇത് കാശിന്റെ തിളപ്പമല്ല സര്‍

കനിവാണ് സ്‌നേഹമാണ് സന്തോഷമാണ് .കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു
സ്‌നേഹം
ഗോപീസുന്ദര്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gopisundar Pet Dogs

We use cookies to give you the best possible experience. Learn more