| Friday, 13th April 2018, 12:17 pm

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥ പിള്ള വാഹനാപകടത്തില്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്റെ (പ്രാണേഷ് കുമാര്‍) പിതാവ് ഗോപിനാഥ പിള്ള(75) വയലാറില്‍ വാഹനാപകടത്തില്‍ മരിച്ചു. സഹോദരനൊപ്പം കൊച്ചിയിലേക്ക് പോകവെയാണ് അപകടം.

പ്രാണേഷിന്റെ കൊലപാതകത്തില്‍ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിവരികയായിരുന്നു ഗോപിനാഥപിള്ള. 2004 ലാണ് ജാവേദ് ശൈഖ്, ഇസ്രത് ജഹാന്‍, അംജദ് അലി, ജിഷന്‍ ജോഹര്‍ എന്നിവരെ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത്. മുബൈ സ്വദേശിനിയും കോളേജ് വിദ്യാര്‍ഥിനിയുമായ 19വയസ്സുകാരി ഇശ്‌റത്ത് ജഹാന്‍, മലയാളിയും മുംബൈയില്‍ വ്യാപാരിയുമായ പ്രാണേഷ് കുമാര്‍ എന്ന ജാവീദ് ശൈഖ്, പാകിസ്താന്‍ സ്വദേശികളെന്നാരോപിക്കുന്ന അംജദ് അലി റാണ, സീഷാന്‍ ജൗഹര്‍ അബ്ദുല്‍ ഗനി എന്നിവരാണ് കൊല്ലപ്പെട്ട നാലുപേര്‍. സംഭവം പിന്നീട് ഗുജറാത്ത് പോലീസിലെ ഒരു വിഭാഗം സര്‍ക്കാറിലെ ചിലരുടെ പിന്തുണയോടെ നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു. സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയും ഗുജറാത്ത് പൊലീസും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം.


Read | കാണാതായ കുതിര തിരിച്ചെത്തി; എന്നാല്‍ അവള്‍ മാത്രം…..: കാടിനെ ഭയമില്ലാത്ത മകളായിരുന്നു അവള്‍, കത്വ പെണ്കുട്ടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് പറയാനുള്ളത്


മുംബൈയില്‍ നിന്നും തീവ്രവാദി സംഘം നീല ഇന്‍ഡിക്ക കാറില്‍ ഗാന്ധിനഗറിലേക്ക് വരുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പ്രകാരം നടത്തിയതാണ് ഏറ്റുമുട്ടല്‍ എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അത്തരം ഒരു വിവരം നല്‍കിയിട്ടില്ലെന്ന് അല്‍പദിവസങ്ങള്‍ക്കകം വെളിപ്പെട്ടു. അന്ന് തന്നെ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

നാല് പേര്‍ക്കും ലഷ്‌കറുമായി ബന്ധമില്ലെന്നും പൊലീസ് ആസൂത്രിതമായി വധിക്കുകയായിരുന്നെന്നുമാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്. പി തമാംഗിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more