[] ന്യൂദല്‍ഹി: വാഹനാപകടത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ(64) അന്തരിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് അദ്ദേഹത്തിന്റെ മരണം മാധ്യമങ്ങളെ അറിയിച്ചത്.
അപകടത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് പോകും വഴി രാവിലെ 6.30ന് ദല്‍ഹി വിമാനത്താവളത്തിനടുത്ത് വെച്ചായിരുന്നു അപകടം. വാഹനത്തില്‍ നിന്ന് തെറിച്ച് വീണ അദ്ദേഹത്തിന് നിലക്കാത്ത രക്തസ്രാവം ഉണ്ടായിരുന്നു.ബി.ജെ.പി ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം മുംബൈയിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചകഴിഞ്ഞാണ് സംസ്‌കാരം.
കഴിഞ്ഞാഴ്ചയാണ് മോദി മന്ത്രിസഭയില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. അഞ്ച് തവണ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായിരുന്നു. 1992 മുതല്‍ 1995 വരെ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അടിയന്താരവസ്ഥയ്ക്ക് എതിരായ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.