| Monday, 13th January 2014, 10:35 am

മോഡിയെ വിമര്‍ശിച്ചതിന് പ്രാണേഷ് കുമാറിന്റെ പിതാവിനെ എന്‍.എസ്.എസില്‍നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആലപ്പുഴ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍, ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥന്‍പിള്ളയെ എന്‍.എസ്.എസില്‍നിന്ന് പുറത്താക്കി. ദീര്‍ഘകാലം കരയോഗം സെക്രട്ടറിയായിരുന്നു ഗോപിനാഥന്‍ പിള്ള.

കഴിഞ്ഞ 28ന് പി.ഡി.പി ചാരുംമൂട്ടില്‍ നടത്തിയ മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്ത് മോഡിക്കെതിരെ സംസാരിച്ചതിന് കഴിഞ്ഞദിവസം എന്‍.എസ്.എസ് കൊട്ടക്കാട്ടുശേരി കരയോഗം ചേര്‍ന്ന് ഇദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

15 വര്‍ഷം കരയോഗം സെക്രട്ടറിയായ പിള്ള പിന്നീട് പ്രസിഡന്റായി. നിലവില്‍ 1240 ാം നമ്പര്‍ കൊട്ടക്കാട്ടുശേരി കരയോഗത്തിന്റെ ട്രഷററായിരുന്ന പിള്ളയെ എന്‍.എസ്.എസ് പൊതുയോഗത്തില്‍ വിളിച്ചുവരുത്തിയ ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു.

സമ്മേളനത്തില്‍ സംസാരിച്ച ഗോപിനാഥന്‍ പിള്ള, തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയായ നരേന്ദ്ര മോഡി നല്ല ഭരണാധികാരിയല്ലെന്നും നല്ല മരണാധികാരിയാണെന്നും പറഞ്ഞിരുന്നു. ഗുജറാത്തിന്റെ വികസനം പഠിക്കാന്‍ മന്ത്രിമാര്‍ പോകുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അവിടുത്തെ പൊലീസിനെ കണ്ട് പഠിച്ചാല്‍ ഇവിടുത്തെ ജനസംഖ്യ കുറയുമെന്നും സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, സംഘടനയില്‍യില്‍നിന്ന് പുറത്താക്കിയ തീരുമാനം അംഗീകരിക്കുന്നതായും ഇനിയെങ്കിലും സ്വസ്ഥ ജീവിതം നയിക്കാന്‍ അനുവദിക്കണമെന്നും ഗോപിനാഥന്‍പിള്ള പറഞ്ഞു. എന്‍.എസ്.എസിനോ ഹിന്ദു സമുദായത്തിനോ എതിരായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍, എന്റെ മകനെ കൊന്നവര്‍ക്കെതിരെ തനിക്ക് പറഞ്ഞേ മതിയാകുവെന്നും ഇനിയും ശബ്ദിക്കുമെന്നും ഗോപിനാഥന്‍പിള്ള പറഞ്ഞു. മോഡിയായാലും മറ്റൊരാളായലും ഈ നിലപാടിന് മാറ്റമുണ്ടാകില്ല.

പി.ഡി.പിയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ സമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ പോളിനെയാണ് ഉദ്ഘാടകനായി തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ല. ആര്‍. രാജേഷ് എം.എല്‍.എ അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രദേശത്തെ എന്‍.എസ്.എസ് കരയോഗത്തിനോട് തനിക്കുള്ള ആത്മബന്ധം പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് ഇല്ലെന്നും ഭാര്യയുടെ ഓര്‍മകള്‍കൂടി നിലകൊള്ളുന്ന സ്ഥലത്താണ് കരയോഗം പ്രവര്‍ത്തിക്കുന്നതെന്നും ഗോപിനാഥന്‍പിള്ള പറഞ്ഞു.

തന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി പിള്ള കരയോഗത്തിന് സംഭാവന നല്‍കിയിരുന്നു. ഈ ഭൂമിയിലാണ് നിലവില്‍ കരയോഗത്തിന്റെ കെട്ടിടം സ്ഥിതിചെയ്യുന്നത്.

We use cookies to give you the best possible experience. Learn more