| Thursday, 30th June 2022, 5:49 pm

തലപ്പാവണിഞ്ഞ് ഗോപീകൃഷ്ണനായി സൂരജ്; മഹാവീര്യറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന മഹാവീര്യര്‍ എന്ന ചിത്രം. മലയാളത്തില്‍ അധികം കാണപ്പെടാത്ത ടൈം ട്രാവല്‍ ജോണറിലാണ് മഹാവീര്യര്‍ ഒരുങ്ങുന്നത്.

ചിത്രത്തിലെ സൂരജ് എസ്. കുറിപ്പിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗോപി കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് സൂരജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂരജിനെ കാരക്ടര്‍ പോസ്റ്ററില്‍ കാണുന്നത്.

നേരത്തെ ടോവിനോ ചിത്രം ലൂക്കയില്‍ സൂരജ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ മലയാളത്തിലെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും സൂരജ് നിര്‍വഹിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലാണ് സൂരജ് അവസാനം സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം.

ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍.

ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യരുടെ തിരക്കഥയെഴുതിയത്. ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

Content Highlight : Gopikrishnan the character poster of sooraj from mahaveeryar

We use cookies to give you the best possible experience. Learn more