കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം കോളേജിലെ പഴയ എസ്.എഫ്.ഐക്കാരനായിരുന്ന കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ഇന്ന് ഇടത്-സ്ത്രീപക്ഷ-ന്യൂനപക്ഷ ആക്ടിവിസ്റ്റുകളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. തന്റെ ഭാവനയെ വെള്ളക്കടലാസിലേക്ക് ചിത്രങ്ങളാക്കി പകര്‍ത്താനുള്ള പ്രതിഭയെ അങ്ങേയറ്റം ഇടത് വിരുദ്ധ-സ്ത്രീവിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ പ്രചരണങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് കഴിഞ്ഞ കുറെ കാലങ്ങളായി ഗോപീകൃഷ്ണനെതിരായി ഉയരുന്ന വിമര്‍ശനം.
സെപ്തംബര്‍ 20 ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് ഈ ശ്രേണിയിലെ അവസാനത്തെ ഉദാഹരണം. അതിഥി തൊഴിലാളികള്‍ എന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റേ സംബോധനയെ അതിഥി ഭീകരോ ഭവ എന്ന വിശേഷിപ്പിച്ചാണ് ഈ കാര്‍ട്ടൂണില്‍ ഗോപീകൃഷ്ണന്‍ ചിത്രീകരിച്ചിരിക്കുന്നത്.
മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍.ഐ.എ പിടിച്ചുവെന്ന വാര്‍ത്തയെ മുന്‍നിര്‍ത്തിയായിരുന്നു ഈ കാര്‍ട്ടൂണ്‍.
കടപ്പാട്-മാതൃഭൂമി
ഇതര സംസ്ഥാനത്ത് നിന്ന് വന്നിരിക്കുന്ന മുഴുവന്‍ തൊഴിലാളികളേയും ഭീകരരായി ചിത്രീകരിക്കുന്നുവെന്നാണ് ഈ കാര്‍ട്ടൂണിനെതിരെ ഉയരുന്ന ആക്ഷേപം.
ഗോപീകൃഷ്ണന്‍
സി.പി.ഐ.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍, വി.പി.പി മുസ്തഫ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നടി മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കെതിരേയുമുള്ള ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ വിമര്‍ശനം വരുത്തിവെച്ചിരുന്നു.
വ്യവസായമന്ത്രിയായിരിക്കെ ഇ.പി ജയരാജന്‍ വനംവകുപ്പിനോട് സൗജന്യമായി തേക്കുമരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടെന്ന വിഷയത്തില്‍ ജയരാജന് ഇല്ലാത്ത കുടുംബക്ഷേത്രത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ വരച്ചതില്‍ ഗോപീകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. 2016 ഒക്ടോബര്‍ 22 നായിരുന്നു ഇത്.
കടപ്പാട്-മാതൃഭൂമി
കേരളത്തില്‍ വെടിയുണ്ടകള്‍ കാണാതായ സംഭവത്തെ മുന്‍നിര്‍ത്തി 2020 ഫെബ്രുവരി 19 ന് ഇ.പി ജയരാജന്റെ ശരീരത്തിലുള്ള ഇരുമ്പുചീളുകളെ പരിഹസിച്ചും ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നു.
കടപ്പാട്-മാതൃഭൂമി
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും കൂട്ടിച്ചേര്‍ത്ത് വരച്ച കാര്‍ട്ടൂണും വിമര്‍ശനം വരുത്തിവെച്ചിരുന്നു. ബാലാകോട്ട് വ്യോമാക്രമണത്തോടുള്ള ഇമ്രാന്‍ ഖാന്റെ സമീപനവും കോടിയേരി ബാലകൃഷ്ണന്റെ സമീപനവും ഒന്നാണെന്ന് പ്രസ്താവിക്കുന്ന കാര്‍ട്ടൂണാണ് ഗോപീകൃഷ്ണന്‍ വരച്ചിരുന്നത്.
2019 മാര്‍ച്ച് 3നായിരുന്നു ഇത്.
പാകിസ്ഥാനിലെ ബാലാകോട്ടിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന ഇമ്രാന്‍ ഖാനോട് സൈക്കിളിന്റെ പുറകിലിരിക്കുന്ന കോടിയേരി, ചേട്ടന്റേയും എന്റേയും ഒരേ ശബദമാണെന്ന് പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കടപ്പാട്-മാതൃഭൂമി
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്ന വിമര്‍ശനം കോടിയേരി ഉന്നയിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്റെ മേല്‍ ചാരുന്നത് തെരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടാണെന്ന് ഇമ്രാന്‍ ഖാനും പറഞ്ഞിരുന്നു.
ഇതിനെ കൂട്ടിക്കെട്ടിയായിരുന്നു ഗോപീകൃഷ്ണന്റെ അന്നത്തെ കാര്‍ട്ടൂണ്‍.
സി.പി.ഐ.എം നേതാവ് വി.പി.പി മുസ്തഫയ്‌ക്കെതിരായ വര്‍ഗീയത നിറഞ്ഞ കാര്‍ട്ടൂണും വലിയ വിമര്‍ശനമാണ് നേരിട്ടത്. കാറല്‍ മാര്‍ക്‌സിന്റെ ചിത്രം പശ്ചാത്തലത്തിലുള്ള വേദിയില്‍ നിന്ന് വി.പി.പി മുസ്തഫ പ്രസംഗിക്കുന്നതായായിരുന്നു ചിത്രീകരണം.
പോകെപ്പോകെ മാര്‍ക്‌സിന്റെ ചിത്രം ജെയ്‌ഷെ മൊഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറായി പരിണമിക്കുന്ന തരത്തിലായിരുന്നു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിന്റെ തലക്കെട്ട് ‘ജെയ്‌ഷെ മുസ്തഫ’ എന്നിരുന്നു. 2019 ഫെബ്രുവരി 23 നായിരുന്നു ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
കടപ്പാട്-മാതൃഭൂമി
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുസ്തഫ നടത്തിയ പ്രസംഗത്തെ മുന്‍നിര്‍ത്തിയായിരുന്നു ആ കാര്‍ട്ടൂണ്‍. ഇതിനെതിരെ വി.പി.പി മുസ്തഫ രംഗത്തെത്തുകയും ചെയ്തിരുന്നു.
മാതൃഭൂമി പത്രം കഴിഞ്ഞ കുറേയെറെ നാളുകളായി സ്വീകരിക്കുന്ന നിലപാടുകളുടെ പ്രശ്നമാണ് ഇതെന്നായിരുന്നു വി.പി.പി മുസ്തഫ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
‘ഇത് ഗോപീകൃഷ്ണന്റെ മാത്രം പ്രശ്നമായി കാണാനാകില്ല. മാതൃഭൂമി പത്രം കഴിഞ്ഞ കുറേയെറെ നാളുകളായി സ്വീകരിക്കുന്ന നിലപാടുകളുടെ പ്രശ്നമാണ്. അതില്‍ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അമര്‍ഷവുമുണ്ട്’, വി.പി.പി മുസ്തഫ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മാതൃഭൂമി പത്രം ബഹിഷ്‌കരിക്കുന്നതിലേക്ക് കെ. അജിതയെ പോലുള്ളവര്‍ എത്തുന്നത് പോലും അതുകൊണ്ടാണ്. മാതൃഭൂമി ആഴ്ചപതിപ്പിലെ നോവല്‍ പിന്‍വലിക്കുന്നതെല്ലം ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
നടി മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായ വാര്‍ത്തയേയും അങ്ങേയറ്റം സ്ത്രീവിരുദ്ധവും വികൃതവുമായായിരുന്നു ഗോപീകൃഷ്ണന്‍ ചിത്രീകരിച്ചിരുന്നത്.
കടപ്പാട്-മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള കാര്‍ട്ടൂണും സംഘപരിവാര്‍ പ്രചരണങ്ങളോട് ചേര്‍ന്ന് നിന്നുള്ളതായിരുന്നു. 2018 ജൂലൈ മൂന്നിനായിരുന്നു ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
കടപ്പാട്-മാതൃഭൂമി
കിണറ്റില്‍ വളര്‍ത്തുന്ന മുതലയ്ക്ക് മാംസം കൊടുക്കുന്ന കോടിയേരിയും പിണറായിയും എന്ന ചിത്രീകരണത്തിലൂടെയാണ് മുസ്‌ലീം തീവ്രവാദം എന്ന പ്രചരണത്തിന് ഗോപീകൃഷ്ണന്‍ തന്റെ ഭാവന വിട്ടുകൊടുത്തത്.
നോട്ടുനിരോധനത്തിന്റെ പേരില്‍ മോദിക്കെതിരെ പ്രതികരണം നടത്തിയതിന് എം.ടി വാസുദേവന്‍ നായരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു മറ്റൊരു കാര്‍ട്ടൂണ്‍. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികരിക്കാത്ത എം.ടി നോട്ടുനിരോധനത്തില്‍ പ്രതികരിക്കുന്നതിനെ പരിഹസിക്കുന്നതായിരുന്നു 2017 ജനുവരി 29 ലെ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍.
കടപ്പാട്-മാതൃഭൂമി
മൂന്ന് ഭാഗങ്ങളായുള്ള കാര്‍ട്ടൂണിന്റെ ആദ്യഭാഗത്ത് ഒരു കൊലപാതക രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമതായി വിഷമിച്ചിരിക്കുന്ന എം.ടിയേയും വരച്ചിരിക്കുന്നു. മൂന്നാമത്തെ ഭാഗത്താണ് എം.ടിയുടെ വിഷമത്തിന്റെ കാരണം വിശദമാക്കിയിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ അല്ല മറിച്ച് കയ്യിലുള്ള രണ്ടായിരം രൂപയുടെ നോട്ട് എന്തുചെയ്യും എന്നതാണ് എം.ടിയുടെ വിഷമം എന്നാണ് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞുവെയ്ക്കുന്നത്.
സാഹിത്യോത്സവത്തിന് പോലും നോട്ടില്ലെന്ന് എംടി പ്രസ്താവന നടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു കാര്‍ട്ടൂണ്‍.
പൗരത്വ നിയമത്തെ അനുകൂലിച്ച് കൊണ്ട് വംശീയപരമായ കാര്‍ട്ടൂണും ഗോപീകൃഷ്ണന്‍ വരച്ചിരുന്നു. ഇന്ത്യയെന്ന പെണ്‍കുട്ടിയെ തട്ടിയെടുക്കുന്നത് സ്വപ്നം കാണുന്ന കാബൂളിവാലയെയാണ് 2019 ഡിസംബര്‍15 ന് ഗോപീകൃഷ്ണന്‍ വരച്ചത്.
കടപ്പാട്-മാതൃഭൂമി
അഫ്ഗാനിസ്ഥാന്‍ വേഷത്തിലുള്ള കാബൂളിവാല തൊട്ടടുത്ത ഫ്രെയിമില്‍ കാണുന്നത് പൗരത്വ നിയമ ഭേദഗതിയെന്ന നായയുമായി ഇരിക്കുന്ന അമിത് ഷായെയാണ്. തൊട്ടടുത്ത് തന്നെ കാവി സാരി ധരിച്ച ന്യൂ ഇന്ത്യയെന്ന സ്ത്രീയും നില്‍ക്കുന്നുണ്ട്. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതും കാണാം.
കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ ഇന്ത്യയെ അധീനതയിലാക്കുമെന്ന വംശീയത നിറഞ്ഞ ആശയമാണ് കാര്‍ട്ടൂണ്‍ മുന്നോട്ടു വെക്കുന്നതെന്ന വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നിരുന്നു.
കേരളത്തില്‍ നിന്നുള്ള ഇടത് എം.പിയായ എം.വി ശ്രേയാംസ് കുമാറിന്റെ നിയന്ത്രണത്തിലുള്ളതാണ് മാതൃഭൂമി ദിനപത്രം. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുടെ ജന്മദിനത്തിന് പത്രം കൊടുത്ത പ്രത്യേകഫീച്ചറുകളും വലിയ വിമര്‍ശനം നേരിട്ടിരുന്നു. നേരത്തെ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിച്ചതും വിമര്‍ശിക്കപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Gopikrishnan Cartoonist Mathrubhumi