| Friday, 23rd April 2021, 2:01 pm

ഇത് ഷോ ഓഫ് അല്ല, മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഗോപി സുന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിന്‍ നയത്തിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ഡോസിന് ചെലവാകുന്ന തുക നല്‍കുന്ന ക്യാംപെയിനിന് ഐക്യദാര്‍ഢ്യവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.

ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു ഗോപി സുന്ദര്‍ രംഗത്തെത്തിയത്.

ഇതൊരു ഷോ ഓഫ് അല്ലെന്നും സഹായമാവശ്യമായ ജനങ്ങള്‍ക്ക് താങ്ങാകാന്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകുകയാണെന്നും ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഇതൊരു ഷോ ഓഫ് അല്ല. സഹായമാവശ്യമായ മനുഷ്യര്‍ക്ക് താങ്ങാകാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയാണ്. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. നിങ്ങളില്‍ കുറച്ചു പേരെങ്കിലും എന്റെ ഈ പോസ്റ്റ് കണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് പോരാടാ’, ഗോപി സുന്ദര്‍ ഫേസ്ബുക്കിലെഴുതി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ ചാലഞ്ച് ഹാഷ്ടാഗ് ആരംഭിച്ചത്. വാക്‌സിന്‍ എടുത്തവരും എടുക്കാത്തതുമായ നിരവധി പേര്‍ വാക്‌സിന്റെ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുകയാണ്.

ബുധനാഴ്ച തുടങ്ങിയ ക്യാപെയിനിന്റെ ഭാഗമായി ഏകദേശം ഒരു കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gopi sundar Facebook Post

We use cookies to give you the best possible experience. Learn more