| Wednesday, 1st February 2023, 9:07 am

'ലാഗിട്ടാണ് ഉസ്താദ് ഹോട്ടലിലെ പല ഷോട്ടും എടുത്തത്, അന്‍വര്‍ നല്‍കിയ വാക്കിന്റെ പുറത്താണ് ആ ഷോട്ടുകള്‍ക്ക് മികച്ച പശ്ചാത്തല സംഗീതമുണ്ടായത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, നിത്യ മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. സിനിമ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. ഭക്ഷണത്തിനൊപ്പം മനുഷ്യന്റെ ഇമോഷന്‍സിനും പ്രധാന്യം കൊടുത്ത ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഗോപി സുന്ദര്‍ ഈണം നല്‍കിയ പാട്ടുകളും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച പങ്ക് വലുതായിരുന്നു.

ചിത്രത്തില്‍ ഇത്ര മനോഹരമായ പശ്ചാത്തല സംഗീതം നല്‍കാന്‍ സാധിച്ചത് അന്‍വര്‍ റഷീദ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ പുറത്താണെന്ന് പറയുകയാണ് ഗോപി സുന്ദര്‍. തന്നില്‍ വിശ്വാസമര്‍പ്പിച്ചാണ് അന്‍വര്‍ റഷീദ് ചിത്രത്തില്‍ ലാഗുള്ള ഷോട്ടുകള്‍ എടുത്തതെന്നും ഗോപി സുന്ദര്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉസ്താദ് ഹോട്ടലിനെ കുറിച്ച് ഗോപി സുന്ദര്‍ പറഞ്ഞത്.

‘ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ വന്നപ്പോള്‍ അന്‍വറിനെ ഫോണ്‍ വിളിച്ച് ചോദിച്ചു. ആ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് എന്റെ കയ്യില്‍ ഇരിപ്പുണ്ട്. ഭായ്, മച്ചാനെ പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്, നിങ്ങളെ വിശ്വസിച്ച് കുറെ ഷോട്ട്‌സ് ലാഗിട്ട് സോഫ്റ്റ് ഷോട്ട്‌സ് ആണ് എടുത്തിരിക്കുന്നത്, നിങ്ങളെ വിശ്വസിച്ചാണ് ഞാന്‍ ഇരിക്കുന്നത് എന്നൊരൊറ്റ വാക്കേ അന്‍വര്‍ പറഞ്ഞൊള്ളൂ, ആ ഒരൊറ്റ വാക്കിലാണ് ഞാന്‍ എന്ന മ്യൂസിക് ഡയറക്ടറോട് ഞാന്‍ നീതി പുലര്‍ത്തുന്നത്.

അതുപോലെ എത്ര പേര് പറയും. എത്ര പേര് ലാഗിട്ട് ഷോട്ടെടുക്കും. ഒരു ഡയലോഗ് പറഞ്ഞാല്‍ കട്ടിട്ട് അടുത്ത ഡയലോഗാണ്. അച്ഛന്‍ മരിച്ചുവെന്ന് പറയുമ്പോള്‍ മൂന്ന് ബീറ്റ് ഇടാന്‍ എല്ലാവര്‍ക്കും അറിയാം. അത് ഏത് പൊട്ടനും പറ്റും. പക്ഷേ അത് വേറൊരു മേക്കിങ്ങിലേക്ക് കൊണ്ടുവരുന്നിടത്താണ് നല്ലൊരു പ്രതലമുണ്ടാകുന്നത്. ആ പ്രതലം നന്നായെങ്കില്‍ മാത്രമേ പശ്ചാത്തല സംഗീതം നന്നാവുകയുള്ളൂ. പശ്ചാത്തല സംഗീതം എന്നും പശ്ചാത്തലമാണ്, അതൊരു പ്രതലത്തിന്റെയും, അത് മനസിലാക്കണം,’ ഗോപി സുന്ദര്‍ പറഞ്ഞു.

Content Highlight: gopi sunder about the bgm of ustad hotel

We use cookies to give you the best possible experience. Learn more