| Sunday, 26th June 2022, 12:41 pm

അതൊരു ഡു ഓർ ഡൈ സിറ്റുവേഷൻ ആയിരുന്നു, ഞങ്ങൾ കണ്ണുംപൂട്ടി ഒരു പെടയങ്ങു പെടച്ചതാണ് ബിഗ് ബി: ഗോപി സുന്ദർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്‌ ബിയിലെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ മൂഡ് തന്നെ മാറ്റി മറിക്കുന്ന, പ്രേക്ഷകരിൽ ആവേശമുണ്ടാക്കുന്ന ബി.ജി.എം ആയിരുന്നു സിനിമയിലുണ്ടായിരുന്നത്. ഗോപി സുന്ദർ ആയിരുന്നു ചിത്രത്തിൽ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരുന്നത്. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബിഗ് ബിയിൽ വർക്ക് ചെയ്ത അനുഭവവും അമൽ നീരദിനെ പരിചയപെട്ടതുമെല്ലാം രസകരമായി വിവരിക്കുകയാണ് ഗോപി സുന്ദർ.

പത്ത് ദിവസമായിരുന്നു ബിഗ് ബി ചെയ്യാൻ അദ്ദേഹത്തിന് കിട്ടിയ സമയമെന്നും ഞങ്ങൾക്ക് അതൊരു ഡു ഓർ ഡൈ സിറ്റുവേഷൻ ആയിരുന്നെന്നും പറഞ്ഞിരിക്കുകയാണ് ഗോപി സുന്ദർ.

‘ഞാൻ ചെന്നൈയിൽ ആയത് കൊണ്ട് എനിക്ക് ബിഗ് ബിയിലെ ആരുമായും ഒരു ബന്ധവുമില്ലാമായിരുന്നു. ഒരിക്കൽ എന്റെ ഒരു സുഹൃത്ത് ഡിമൽ ചെന്നൈയിൽ വന്നപ്പോൾ അവന്റെ ഒരു ഫ്രണ്ട് സിനിമ ചെയ്യുന്നുണ്ടെന്നും അൽഫോൺസ് ആണ് മ്യൂസിക്കെന്നും പറഞ്ഞു. ബി.ജി.എം ചെയ്യാൻ പുതിയ ആളെ നോക്കുന്നുണ്ട്, നിനക്ക് ട്രൈ ചെയ്തൂടെ എന്ന് ചോദിച്ചു. എറണാകുളത്തെ ഒരു ഫ്ലാറ്റിൽ വെച്ചാണ് ഞാൻ അമൽ നീരദിനെ ആദ്യം കാണുന്നത്. ഞാൻ ചെല്ലുമ്പോൾ തടിച്ചിട്ടുള്ള ഒരു വ്യക്തി സൈഡിൽ കിടന്നുറങ്ങുന്നുണ്ട്. അതാരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഡിമൽ പോയി അമലിനെ വിളിക്കുകയും എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. അമൽ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്ന് എഡിറ്റർ വിവേക് ഹർഷനൊപ്പം എനിക്ക് ആ പടമൊന്നു കാണിച്ചു തന്നു. ഇതാണ് സിനിമയുടെ മൂഡ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ഞാൻ ആ ഫയലുമായി ചെന്നൈയിലേക്ക് പോയി.

പത്ത് ദിവസമാണ് എനിക്ക് ബിഗ് ബിക്കു കിട്ടിയ സമയം. ആ പത്ത് ദിവസം കൊണ്ട് പരിപാടി തീർത്തു. അന്നെനിക്ക് ആ സിനിമയിലെ ആരെയും പരിചയമില്ലായിരുന്നു. എല്ലാം പുതുമുഖങ്ങളായിരുന്നു. എല്ലാവർക്കും അവരുടേതായ ക്രീയേറ്റീവ് ഫ്രീഡം ഉണ്ടായിരുന്നു. എന്താകുമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. ഒരു ഡു ഓർ ഡൈ സിറ്റുവേഷൻ ആയിരുന്നു. ആ അവസരത്തിൽ ഞങ്ങൾ കണ്ണുംപൂട്ടി ഒരു പെടയങ്ങു പെടച്ചതാണ് ബിഗ് ബി. ഞങ്ങളുടെ ഇഷ്ടത്തിന് ഒരു സാധനം ചെയ്തു, അത് വർക്ക് ഔട്ട് ആയി’ എന്നാണ് ഗോപി സുന്ദർ പറഞ്ഞത്.

Content Highlight: Gopi Sundar says that Big B was a do or die situation for us

We use cookies to give you the best possible experience. Learn more