| Saturday, 3rd February 2018, 10:45 am

വായിച്ചുതീര്‍ക്കാനാവുന്നില്ല; അത്രയും തീവ്രം; ഗോപികോട്ടമുറിക്കലിന്റെ അനുഭവക്കുറിപ്പ് വൈറലാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് ഗോപി കോട്ടമുറിക്കലിന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 2014 ജനുവരി 31 ന് എഴുതിയ, മകന്റെ അസുഖവും മരണവും പ്രതിപാദിക്കുന്ന ഹൃദയഭേദകമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വീണ്ടും ആ ഫെബ്രുവരി 1 ലെ 4.45 മുതല്‍ 5.25 വരെയുള്ള സെക്കന്റുകള്‍

കുഞ്ഞുമോന്റെ മരണം ശാന്തമായി പൂര്‍ത്തിയാകും വരെ അവനോടുചേര്‍ന്നും തൊട്ടുതലോടിയും അടുത്തുനില്‍ക്കാനാവുമെന്നു ഞാന്‍ കരുതി. ഫെബ്രുവരി ഒന്നാം തീയതി വൈകീട്ട് 4.45 കഴിഞ്ഞതോടെ അതിനുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കിടക്കയില്‍ കിടന്നുകൊണ്ട് എന്റെ കൈവിരലുകള്‍ അവന്റെ കൈവെള്ളയിലൊതുക്കി, കൂട്ടുകാരെക്കുറിച്ചും എറ്റവും ഒടുവില്‍ അവനെ കണ്ടുപോയ നടരാജന്‍ സാറിനെക്കുറിച്ചുമൊക്കെ വാതോരാതെ എന്നോടു സംസാരിക്കുകയായിരുന്നു. അവന്റെ ശബ്ദവും കുട്ടിത്തം മാറാത്ത സംസാരരീതിയും എത്രകേട്ടാലും മതിവരില്ല. മെല്ലെ മെല്ലെ സംസാരം പരസ്പരബന്ധമില്ലാതായി കണ്ണുകള്‍ കീഴ്മേല്‍ മറിഞ്ഞു. ഞങ്ങളോമനിച്ച് നിലത്തുവയ്ക്കാതെ കൊണ്ടുനടന്ന ഞങ്ങളുടെ കുഞ്ഞുമോന്‍ മരണത്തിലേയ്ക്കുള്ള യാത്രയാരംഭിച്ചുവെന്നെനിയ്ക്കുറപ്പായി. വീണുപോകാതിരിക്കാന്‍ ഞാന്‍ കട്ടിലിനോടു ചേര്‍ന്നുനിന്നു. എന്റെ പെരുവിരല്‍ തൊട്ടു ശരീരത്തെ കീഴ്പ്പെടുത്തുന്ന ഒരു വിറയലോടുകൂടി കടന്നുവന്ന മരവിപ്പ്.

എങ്ങിനെയോ ഞാന്‍ കുട്ടനെ (എന്റെ മൂത്ത മകന്‍- പാര്‍ട്ടിയുടെ മൂവാറ്റുപുഴ ടൗണ്‍ ബ്രാഞ്ചിന്റെ ഇപ്പോഴത്തെ സെക്രട്ടറി) വിളിച്ചു. കുഞ്ഞുമോനോടു ചേര്‍ന്നു കുറച്ചുനേരം നില്‍ക്കാന്‍ പറഞ്ഞ് ഞാനവന്റെ പിന്നോട്ടുമാറി. ആശുപത്രിമുറിയുടെ വാതിലിനഭിമുഖമായി മുഖം തിരിഞ്ഞുനിന്നു. ഇടയ്ക്കൊന്നുകൂടി ഒളികണ്ണിട്ടു ഞാന്‍ നോക്കി. കുട്ടനു മനസ്സിലായിക്കാണില്ല അവന്റെ കുഞ്ഞനിയന്‍ വിട്ടുപിരിയുന്ന രംഗമാണിതെന്ന്. ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞുമോനെ പൊതിഞ്ഞു. അവരുടെ പിന്നില്‍ ഞാന്‍ നിന്നു. ശരീരം മുഴുവന്‍ മരവിച്ചും വിറച്ചും ശബ്ദിയ്ക്കാനാവാതെയും ഒട്ടും ധൈര്യമില്ലാതായ വെറും ദുര്‍ബലനായ ഞാന്‍ ആ കാഴ്ച കണ്ടു. 1998 ഫെബ്രുവരി ഒന്നാം തീയതി 4.45 നാരംഭിച്ച ശാന്തമായ ആ വിടവാങ്ങല്‍ അരമുക്കാല്‍ മണിക്കൂറെടുത്തു കാണും 5.25 ആയതോടെ പൂര്‍ത്തിയായി. ഒരു നിമിഷം കൊണ്ട് ഞാനും കുഴഞ്ഞുവീണു.

തലേന്ന് അഡ്മിറ്റായ നിമിഷം മുതല്‍ ഒട്ടും ഉറക്കമില്ലാതെ ക്ഷീണിച്ചവശയായ ശാന്ത (എന്റെ ഭാര്യ) കുളിക്കാനും കുഞ്ഞുമോനുള്ള ഡ്രെസ്സെടുക്കാനും വീട്ടിലേക്കുപോയി തിരിയെവന്നു കയറുന്ന സമയത്താണീ കാഴ്ച കാണുന്നത്.

പാര്‍ട്ടി ജില്ലാസെക്രട്ടറിയായിരുന്ന സ.എ.പി.വര്‍ക്കി നിിമഷങ്ങള്‍ക്കുള്ളില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി. ഒട്ടനവധി പാര്‍ട്ടിസഖാക്കളും സുഹൃത്തുക്കളും ആശപുത്രി മാനേജ്മെന്റും സ്റ്റാഫും എല്ലാവരും ഓടിക്കൂടി.

92 ഡിസംബര്‍ 11 മുതലാരംഭിച്ച ഒരു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടമാണ് തകര്‍ന്നുമണ്ണടിഞ്ഞത്. ഡിസംബര്‍ രണ്ടാം തീയതിയാണ് ഡോ.ബേബി ജോണ്‍ എന്നെ ഫോണില്‍ വിളിച്ച് മോനെ കാര്യമായ ഒരു പരിശോധനയ്ക്കു വിധേയനാക്കണമെന്ന് പറഞ്ഞത്. അന്നവന് പത്ത് വയസ്സ് പ്രായമുണ്ടാകും.

“എന്തു പാര്‍ട്ടിക്കാര്യങ്ങളുണ്ടെങ്കിലും അതെല്ലാം രണ്ടുമൂന്നു ദിവസം മാറ്റിവച്ച് കുഞ്ഞിനെയും കൊണ്ട് നല്ല എതെങ്കിലും ആശുപത്രിയിലേക്കു പോകാന്‍” അദ്ദേഹം എന്നോടു നിര്‍ദ്ദേശിച്ചു.

ഡിസംബര്‍ 6. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. എഴ് ആകെ നിശ്ചലം. ഡിസംബര്‍ 8 കുഴപ്പങ്ങള്‍ കെട്ടടങ്ങിയില്ല. എന്നിരുന്നാലും മൂവാറ്റുപുഴ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ ശാന്തയും ഞാനും കുഞ്ഞുമോനും കൂടി തിരുവനന്തപുരത്തേക്കു പോയി. വൈകീട്ട് ഞങ്ങള്‍ ഒരു സിനിമയ്ക്കുപോയി. തുടര്‍ന്ന് രണ്ടുദിവസം കൂടി തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ തങ്ങി. വന്നുംപോയും മെഡിക്കല്‍ കോളേജില്‍ വിവിധ ടെസ്റ്റുകള്‍ നടത്തി. ബസ്സിലോ ആട്ടോയിലോ സഞ്ചരിക്കാന്‍ കുഞ്ഞുമോനൊരു പ്രശ്നവുമുണ്ടായിരുന്നില്ല.

1992 ഡിസംബര്‍ 11ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. അഡ്മിറ്റാകുമ്പോഴും ഓടിപ്പാഞ്ഞുനടന്ന കുട്ടിയാണ്. ആരുകണ്ടാലും ഒന്നുകൂടി നോക്കിപ്പോകുന്ന ചുവന്നുതുടുത്ത ഓമനത്തം തുളുമ്പുന്ന കുസൃതിക്കുട്ടി.

ടെസ്റ്റുകളും നിരീക്ഷണപരീക്ഷണങ്ങളുമായി പതിനെട്ടു ദിവസം കടന്നുപോയി. ബോണ്‍മാരോ ചെയ്തു. പിന്നീട് തളര്‍ച്ച തുടങ്ങി. 2 യൂണിറ്റ് ബ്ലഡ് കൊടുക്കാന്‍ ഡോക്ടര്‍ എഴുതി. എന്റെയും ഇപ്പോഴത്തെ സിപിഐ(എം) എറണാകുളം ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായ സ.ചന്ദ്രശേഖരന്റെയും ബ്ലഡ് കൊടുത്തും ഒരു യൂണിറ്റ് കയറി തീര്‍ന്നു. ഉടനെ അപസ്മാരം പോലെ വിറയലായി. ഡോക്ടര്‍ പരിശോധന നടത്തി. ബ്ലഡ് കൊടുക്കല്‍ നിര്‍ത്തി.

അന്നാണ് പറയുന്നത് കിഡ്നി തകരാറിലായി. ഡയാലിസിസ് ആരംഭിക്കാന്‍. ഇന്നത്തെപ്പോലെ അന്ന് ഹീമോഡയാലിസിസ് മെഡിക്കല്‍ കോളേജിലില്ല. പെരിറ്റോണിയല്‍ ഡയാലിസിസ് ആണുള്ളത്. സെഡേഷന്‍ നല്‍കി. ഒരു ട്യൂബ് പൊക്കിള്‍ ഭാഗത്തിട്ട് അതിലൂടെ 2 ലിറ്റര്‍ ലായിനി അകത്തെത്തിച്ച് പ്യൂരിഫിക്കേഷന്‍ പ്രക്രിയ നടത്തി മറ്റൊരു ട്യൂബിലൂടെ അതുപുറത്തു കളയണം. അവന്റെ വേദന കണ്ടുനില്‍ക്കാനാകാതെ എന്റെ ഭാര്യ ശാന്ത കാണാതെ ഇരുട്ടത്ത് മെഡിക്കല്‍ കോളേജിന്റെ വരാന്തയിലിരുന്നു ഞാന്‍ ചങ്കുപൊട്ടിക്കരഞ്ഞു.

ദിവസേന സ.എ.പിയും ഇടയ്ക്ക് സ.നായനാരും ചടയനും എന്നെ വിളിച്ചു വിശേഷങ്ങളറിഞ്ഞുകൊണ്ടിരുന്നു. ഡിസംബര്‍ 29ന് സ.നായനാരും എ.പിയും കൂടി ഡോക്ടറോട് കയര്‍ത്തു സംസാരിച്ചു. “18 ദിവസം കഴിഞ്ഞാണാടോ രോഗമെന്തെന്നു തനിക്ക് പിടികിട്ടിയത്. ഇനി ഇവിടെ ചികിത്സവേണ്ട. പേരുവെട്ടിക്കോ.” നായനാരുടെ മുഴങ്ങുന്ന ശബ്ദം കേട്ടു ഡോക്ടര്‍ വല്ലാതെ വിരണ്ടുപോയി.

ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് 1.30 നുള്ള മദ്രാസിലേക്കുള്ള ട്രെയിനില്‍ 5 എസി ടിക്കറ്റുകള്‍ അന്ന് എംപിയായിരുന്ന സ.സുശീല ഗോപാലനെക്കൊണ്ട് സ.നായനാര്‍ ബുക്ക് ചെയ്യിച്ചു.

ഞാനും ശാന്തയും കുഞ്ഞുമോനും എന്റെ കസിന്‍ സദനും എനിക്കു മറക്കാനാവാത്ത സുഹൃത്ത് പാല രവിയും കൂടി മദ്രാസിലേക്ക് യാത്രയായി. പോകും മുന്‍പ് സ.നായനാര്‍ മദ്രാസിലെ പാര്‍ട്ടി സെക്രട്ടറിക്കൊരു കത്തും ഒരുലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഡിഡിയും കൂടാതെ ഒരു മുപ്പതിനായിരം രൂപയും കയ്യില്‍ എല്‍പ്പിച്ചു.

ഡയാലിസിസിനായി പൊക്കിളിനടുത്ത് നീഡില്‍ ഇട്ടതിനാല്‍ മുറിവുള്ള ഭാഗത്തു ബ്ലീഡിംഗ് ഉണ്ടായിരുന്നു. മദ്രാസിലേക്കുള്ള വഴി മദ്ധ്യേ എറണാകുളത്തും തൃശ്ശൂരും ഡോക്ടര്‍മാര്‍ വണ്ടിയില്‍ വന്ന് ഡ്രസ്സിംഗ് നടത്തി. ഇതിനെല്ലാമുള്ള എര്‍പ്പാടുകള്‍ പാര്‍ട്ടി ചെയ്തിരുന്നു.

ഡിസംബര്‍ 31 രാവിലെ 7 മണിക്ക് മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. അവിടെ മലയാളിക്ക് മറക്കാനാവാത്ത ദേവരാജന്‍ മാസ്റ്ററുടെ മരുമകന്‍ അശോക് ബാലനും ആര്‍ട്ടിസ്റ്റ് ആന്റണിയും കൂട്ടുകാരന്‍ ദാസും അപ്പോളോ ആശുപത്രിയുടെ ആംബുലന്‍സുമായി കാത്തുനിന്നിരുന്നു. വണ്ടി പറന്നാണു പോയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അപ്പോളോ ആശുപത്രിയില്‍ കുട്ടിയെ അഡ്മിറ്റാക്കി.

ആശുപത്രിക്കടുത്തുള്ള ഗ്രീംസ് റോഡിനു സൈഡിലെ തൗസന്റ് ലൈറ്റ്സില്‍ ഞങ്ങള്‍ ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തു. രവിയണ്ണന്‍ അന്നുതന്നെ മടങ്ങി. സദന്‍ ചേട്ടന്‍ ആശുപത്രിയ്ക്കടുത്തുള്ള ഒരു ലോഡ്ജില്‍ തങ്ങി. മുറിയില്‍ ഭക്ഷണം ഉണ്ടാക്കാനുള്ള പാത്രങ്ങളൊക്കെ സംഘടിപ്പിച്ചു. കേരളസമാജത്തിലെ അംഗങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരുമായ ജോണ്‍ചേട്ടനും ശശിയും മാത്യുചേട്ടനും ചേര്‍ന്ന് ഗ്യാസ് സിലിണ്ടറും മറ്റു സഹായങ്ങളുമായെത്തി. അവിടെ ഞങ്ങള്‍ മാസങ്ങള്‍ നീണ്ടുനിന്ന ജീവിതമാരംഭിച്ചു.

ഞാന്‍ പൂര്‍ണ്ണമായിത്തന്നെ ആശുപത്രിയില്‍ നിന്നു. ഭക്ഷണവുമായി ശാന്ത വന്നുകഴിഞ്ഞാല്‍ പിന്നെ എനിക്ക് പുറത്തിറങ്ങാം.

രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഈ ആശുപത്രി എനിക്ക് പറ്റിയതല്ല, ഇതു വലിയ പണക്കാര്‍ക്കുള്ളതാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. മുഷിഞ്ഞ കൈത്തറിമുണ്ടും അല്‍പ്പം പിഞ്ഞിത്തുടങ്ങിയ മുറിക്കൈയ്യന്‍ ഷര്‍ട്ടുമായി ഞാനവര്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഞാനൊരു ഭിക്ഷക്കാരനെപ്പോലെ അവര്‍ക്കു തോന്നിയിട്ടുണ്ടാവാം.

ഞാന്‍ ഫോണില്‍ എ.പിയെ വിളിച്ചു. “അതൊക്കെയറിയാം. പാര്‍ട്ടി ഒന്നുമറിയാതെയല്ല നിന്നെയവിടെക്കൊണ്ടാക്കീത്. നീ ആ കൊച്ചിനെ രക്ഷിക്കാന്‍ നോക്ക്. ബാക്കിയെല്ലാം പാര്‍ട്ടി നോക്കിക്കോളും.” ഞാന്‍ ഫോണ്‍ താഴെ വച്ചു.

ശാസനാരൂപത്തിലുള്ള എപിയുടെ നിര്‍ദ്ദേശത്തോടെ എന്റെ ആകുലതകള്‍ ഞാന്‍ ഉള്ളിലൊതുക്കി.

92 ഡിസംബര്‍ 31 സന്ധ്യയായതോടെ അപ്പോളോ ആശുപത്രിയിലാകെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു. കുഞ്ഞുമോന്റെ മുറിയും വരാന്തയും നിറക്കൂട്ടുള്ള അലങ്കാരവേലകളും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം തൂവുന്ന ആലക്തികദീപങ്ങളും കൊണ്ടുനിറഞ്ഞു. കിടക്കയില്‍ ചാരിയിരുന്ന് രാത്രി വളരെ വൈകുംവരെ പുറത്തെ കാഴചകള്‍ കണ്ട് വേദനകള്‍ക്കിടയിലും അവന്‍ പുഞ്ചിരിതൂവി.

92 ജനുവരി ഒന്നുമുതല്‍ വിവിധ പരിശോധനകളും ഹീമോഡയാലിസിസുമായി തുടര്‍ച്ചയായ ചികിത്സ ആരംഭിച്ചു. ഫെബ്രുവരി 12 വരെ അപ്പോളോയില്‍ കിടന്നു. കേരള സമാജത്തിലെ സഖാക്കളോടും ഡോക്ടര്‍മാരോടും ആലോചിച്ച് ഫെബ്രുവരി 13ന് കുട്ടിയെ ലേഡി വെല്ലിംഗ്ടണ്‍ ആശുപത്രിയിലേക്ക് മാറ്റി അഡ്മിറ്റാക്കി. 44 ദിവസത്തെ ചികിത്സക്ക് വേണ്ടിവന്ന കാശിന്റെ കാര്യം പറഞ്ഞു സ.എപിയെ ഞാന്‍ സമ്മതിപ്പിച്ചു.

49 ദിവസം ലേഡി വെല്ലിംഗ്ടണില്‍ കിടന്നു.

കുഞ്ഞുമോനെ കാണാന്‍ സ.നായനാര്‍ ലേഡി വെല്ലിംഗ്ടണ്‍ ആശുപത്രിയിലെത്തി. അതോടുകൂടി ആശുപത്രിയുടെ ശ്രദ്ധാകേന്ദ്രം കുഞ്ഞുമോനായി മാറി. കോണ്‍ഗ്രസ്സ് നേതാക്കളായ എം.എം.ഹസ്സനും പി.ടി.മോഹനകൃഷ്ണനും എത്തി. സഖാക്കള്‍ എം.എം.ലോറന്‍സും കെ.എന്‍.രവീന്ദ്രനാഥും വന്നു. ഒരു രാത്രിയില്‍ എം.എ.ബേബിയും പ്രമുഖ സാഹിത്യകാരന്‍ സക്കറിയയും എത്തി. ഒട്ടനവധി സുഹൃത്തുക്കളും സഖാക്കളും നാട്ടില്‍നിന്നും നിത്യേന മദ്രാസിലേക്ക് വരവായി. എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് ഇതുമൂലം ഞങ്ങള്‍ക്കുണ്ടായത്.

93 മാര്‍ച്ച് 8ന് കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്തു. പൂര്‍ണ്ണമായും വിജയകരമായ ശസ്ത്രക്രിയ. കൊച്ചുകുട്ടിക്ക് ഇത്തരം ഒരു ശസ്ത്രക്രിയ അവിടെ ആദ്യമായിരുന്നു. ഡോ.സി.എം.ത്യാഗരാജനും ഡോ.ദിവാകറും ഡോ.റെഡ്ഡിയും അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതീകങ്ങളാണ്. ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വങ്ങള്‍

93 എപ്രില്‍ 2ന് അവിടെ നിന്നും കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. പെട്ടെന്ന് നാട്ടിലേക്ക് പോകണ്ട. കുറേ ദിവസം പുറത്തു തങ്ങി പിന്നീട് പോയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

കഷ്ടിച്ച് ഒരു കട്ടില്‍ മാത്രം ഇടാവുന്ന കൊച്ചുമുറി നേരത്തെ തന്നെ വാടകക്ക് എടുത്തതിനാല്‍ മുറിക്കുവേണ്ടി അലയേണ്ടി വന്നതില്ല.

അതില്‍ തന്നെ ഭക്ഷണം പാചകം. രാത്രിയാകുമ്പോള്‍ പാത്രങ്ങളും മറ്റും കട്ടിലിനടിയിലേക്ക് ഒതുക്കി വച്ച് പുല്‍പ്പായും ഷീറ്റും വിരിച്ച് ഞാനും ശാന്തയും മോനും ജീവിതം ആരംഭിച്ചു.

നാട്ടിലേക്കുള്ള ടിക്കറ്റിന് വളരെ പ്രയാസമായതിനാല്‍ മെയ് മാസം 12-ാം തീയതിക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ പോയി ഞാന്‍ തന്നെ ബുക്ക് ചെയ്തു സൂക്ഷിച്ചു.

ഡോക്ടറോട് സംസാരിച്ചു. ഡിസ്ചാര്‍ജ്ജ് കഴിഞ്ഞ് “ഒരു മാസത്തിലേറെ അവിടെ താമസിച്ചല്ലെ, സന്തോഷമായി പോകാമല്ലോ” എന്നദ്ദേഹം പറഞ്ഞു. മാസങ്ങളെത്തി മോനുമായി നാട്ടിലേക്ക് പോകാനാവുന്നതിന്റെ സന്തോഷം ശാന്തയുടെ മുഖത്ത് സദാ നിഴലിച്ചിരുന്നു.

മെയ് 6ന് രാവിലെ മുതല്‍ അപ്രതീക്ഷിതമായി കുഞ്ഞിനു പനി ആരംഭിച്ചു. ഞാന്‍ കുട്ടിയുമായി ആശുപത്രിയിലേക്കോടി. രാത്രി മുഴുവനും പനി. മെയ് 7ന് വീണ്ടും അഡ്മിറ്റായി. പരിശോധനകള്‍ ആരംഭിച്ചു. ഉച്ചകഴിഞ്ഞതോടെ ഡോക്ടര്‍മാര്‍ ഒരു ടീമായി പരിശോധിച്ചു. രാത്രി 8 മണിയോടെ അവരെന്നെ വിളിച്ചു. വച്ച കിഡ്നി റിജക്ട് ആവുകയാണ്. ഇതിന് ഓകെ ടീത്രി എന്നൊരു മരുന്ന് പരീക്ഷിച്ചുനോക്കാം. മൂന്ന് ആംപ്യൂള്‍ വേണ്ടിവരും. ആകെ 61000 രൂപ. ഞാന്‍ വീണുപോകുമെന്നെനിക്കു തോന്നി. കുറേനേരം ഞാന്‍ ഡോക്ടറെത്തന്നെ നോക്കിയിരുന്നു. കണ്ണിലിരുട്ടുകയറുമ്പോലെ.

പാര്‍ട്ടിയുടെ തുടര്‍ച്ചയായുള്ള സഹായത്താലാണ് അപ്പോളോയില്‍ നിന്നും ബില്ലടച്ചിറങ്ങാനായത്. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട നിമിഷം മുതല്‍ എത്രയോ തവണ പാര്‍ട്ടിയുടെ സഹായമെത്തിയിരിക്കുന്നു. കിഡ്നി മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ തീയതി നിശ്ചയിച്ച അന്നുതന്നെ ഞാന്‍ നിശ്ചയിച്ചു. ഇനി പാര്‍ട്ടിസഖാക്കളെ ബുദ്ധിമുട്ടിക്കരുത്. എന്നെപ്പോലെയോ ഒരുപക്ഷേ അതിലും ദയനീയാവസ്ഥയിലോ ഉള്ള എത്രയോ സഖാക്കള്‍ പാര്‍ട്ടിസഹായം പ്രതീക്ഷിക്കുന്നുണ്ടാവാം. ഞാന്‍ എന്റെ വീടും പതിനാറേകാല്‍ സെന്റ് സ്ഥലവും കൂടി നാലര ലക്ഷത്തോളം രൂപക്ക് വിറ്റു. എപിയുള്‍പ്പടെ മുതിര്‍ന്ന സഖാക്കള്‍ പലരും എന്നെ ഒരുപാട് വഴക്ക്പറഞ്ഞു. സാരമില്ല. ഓപ്പറേഷന്‍ ചെലവുകളെല്ലാം കൃത്യമായി നിര്‍വ്വഹിച്ചതിനു ശേഷവും കുറച്ചുപൈസ ബാക്കിയുണ്ടായിരുന്നു.

നാട്ടിലെത്തുമ്പോള്‍ വാടകയ്ക്കാണെങ്കിലും കുറേനാള്‍ താമസിക്കാം. ആ കണക്കുകൂട്ടലുകളെല്ലാം ഒറ്റദിവസം കൊണ്ട് തെറ്റിയിരിക്കുന്നു. പുതിയമരുന്ന് വിജയിച്ചില്ലെങ്കില്‍ വീണ്ടും ഡയാലിസിസ് ആരംഭിക്കണം. വീണ്ടും കിഡ്നി കണ്ടെത്തണം. വീണ്ടും സര്‍ജറിക്ക് പണം കണ്ടെത്തണം.

ആശുപത്രിവരാന്തയില്‍ മങ്ങിയ വെളിച്ചത്തില്‍ ഒറ്റയ്ക്കിരുന്ന ഞാന്‍ ആലോചിച്ചു. ഇനി എന്തുചെയ്യും? ആരോടുപറയും? പാര്‍ട്ടിസഖാക്കളെ ഇനിയും ബുദ്ധിമുട്ടിക്കണോ?

ഐസി യൂണിറ്റിലെ ഡ്യൂട്ടി സിസ്റ്റര്‍ എന്നെ വിളിച്ചു. കുട്ടിയായതുകൊണ്ടൊരു പ്രത്യേക പരിഗണന. കുറേസമയം അവന്റെയടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. നല്ല പനിയുണ്ട്. കട്ടിലിനോടു ചേര്‍ന്നുനിന്ന് അവന്റെ മുഖത്തോട് എന്റെ മുഖം ചേര്‍ത്തുവച്ചു. പുതപ്പിനടിയിലൂടെ കൈകടത്തി അവന്റെ ദേഹമാസകലം തലോടി. കണ്ണുകള്‍ കൂമ്പിയിരുന്നു. മെല്ലെ അവനെന്നെ പാതിയടഞ്ഞ കണ്ണുകളോടെ നോക്കി. “അച്ചായീ എന്നെ കൊറച്ചുനേരം തോളത്തുകിടത്തണം”. ഞാന്‍ സിസ്റ്ററോട് വിവരം പറഞ്ഞു. അവര്‍ നൊന്തുപെറ്റ ഒരമ്മയുടെ അലിവുള്ള മനസ്സോടെ അതിനനുവദിച്ചു. “വരാന്തവിട്ടെങ്ങും പോകരുത്.” തമിഴിലാണു സംസാരം.

അവനെ തോളത്തിട്ടു കുറെ സമയം ഞാന്‍ ആ അഞ്ചാംനില കെട്ടിടത്തിന്റെ വരാന്തയിലൂടെ നടന്നു. അവന്‍ നന്നായി ഉറങ്ങിത്തുടങ്ങി. സമയം രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു.

അവനെ മടിയില്‍ കിടത്തി ഞാനാ വരാന്തയിലെ സിമന്റുസെറ്റിയിലിരുന്നു. മാസങ്ങള്‍ ആശുപത്രിയില്‍ കിടന്നിട്ടും കുറച്ചധികം ഭാരംകുറഞ്ഞതല്ലാതെ മുഖഭംഗിക്കൊട്ടും കുറവുണ്ടായിരുന്നില്ല. ഇപ്പൊഴും ആ പഴയ സ്വര്‍ണ്ണനിറത്തിനു കാര്യമായ മങ്ങലേറ്റിട്ടില്ല. ഈ പുതിയ മരുന്നു ഫലിച്ചില്ലെങ്കില്‍ വീണ്ടും ഈ കുരുന്ന് അനുഭവിച്ച് തീര്‍ക്കേണ്ട വേദന എത്രമാത്രമായിരിക്കും?. ഉപ്പില്ലാത്ത ഇഡ്ഡലിയും ഉപ്പില്ലാത്ത ദോശയും കഴിച്ച് കഴിച്ച് കരഞ്ഞുനിഷേധിക്കുന്ന പാവം. എന്തായിരിക്കും ഇവന്റെ ഭാവി?. ഇവനെ ഞാനെങ്ങനെ അസുഖമെല്ലാം മാറ്റി വീട്ടിലേക്ക് കൊണ്ടുപോകും?.

അവന്റെ മുഖത്തേക്ക് ഞാന്‍ ഇമവെട്ടാതെ നോക്കിയിരുന്നു. എന്തു ജീവിതമാണെന്റേത്? എന്തിനിങ്ങനെ ജീവിക്കണം?. ഒട്ടും വെളിച്ചമില്ലാത്ത ഗുഹയ്ക്കകത്തുകൂടി ഞാനും എന്റെ കുഞ്ഞുമോനും കെട്ടിപ്പിടിച്ച് പറന്നലിഞ്ഞിലാകുമ്പോലെയൊരു തോന്നല്‍. ഈ അഞ്ചുനിലക്കെട്ടിടത്തിനു മുകളില്‍ നിന്നും ഇവനെ നെഞ്ചോടുചേര്‍ത്ത് പിടിച്ചു താഴേക്കുചാടാം. എല്ലാത്തിനും പരിഹാരമായി. ചിതറിത്തകര്‍ന്ന അസ്ഥിക്കഷണങ്ങളും ചതഞ്ഞുതകര്‍ന്ന മാംസക്കഷണങ്ങളുമായി ഒരച്ഛനും മോനും ആശുപത്രിമുറ്റത്തു വീണുകിടക്കുന്ന കാഴ്ച. അപ്പോഴും ഈ മോന്‍ എന്റെ നെഞ്ചോട് ഒട്ടിപ്പിടിച്ചു കിടക്കുകയാവാം.

ധാരധാരയായി ഒഴുകിയ എന്റെ കണ്ണുനീര്‍ അവന്റെ നെറ്റിയിലും മുഖത്തും ചിതറിവീണു.

“അച്ഛായീ കരയല്ലെ അച്ഛായീ” ഏങ്ങലടിച്ചുള്ള അവന്റെ കരച്ചിലും എന്റെ കണ്ണുനീര്‍ ആ കുഞ്ഞിക്കൈ കൊണ്ട് തുടയ്ക്കലും ഒപ്പമായിരുന്നു. ചങ്കുപൊട്ടി ഉച്ചത്തില്‍ ഞാന്‍ കരഞ്ഞുപോയി. സിസ്റ്റര്‍ ഓടിവന്ന് കുട്ടിയെ എടുത്തകത്തേക്ക് പോയില്ലായിരുന്നെങ്കില്‍ പിന്നീടൊരു മനോവേദനയ്ക്കും ഞാന്‍ ഭാഗഭാക്കാകില്ലായിരുന്നു.

പിറ്റേന്ന് മരുന്നെത്തി. 2 ആമ്പ്യൂളേ വേണ്ടിവന്നുള്ളൂ. വൈകുംവരെ മയങ്ങിക്കിടന്നു. പനിവിട്ടു.

കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തന്നെ കിടന്നു. ദിവസവും രാവിലെ അല്പസമയം നടത്തിത്തുടങ്ങി. മെല്ലെ മെല്ലെ ആള്‍ ഉഷാറായി. അല്‍പ്പാല്‍പ്പം ഭക്ഷണം കഴിച്ചുതുടങ്ങി. കിഡ്നി റിജക്ഷനാവാതെ രക്ഷപ്പെട്ടു. ഡോക്ടര്‍ ത്യാഗരാജന്‍ പറഞ്ഞു.

“ഇറ്റ് വാസ് എ മിറാക്കിള്‍”

മൂന്നാഴ്ചകള്‍ പുറത്തെ മുറിയില്‍ താമസിച്ചു. കുഴപ്പമില്ല. നാട്ടിലേക്ക് പോകാം. യുദ്ധം വിജയിച്ച സേനാനിയെപ്പോലെ ഞാനും കുടുംബവും നാട്ടില്‍ തിരിച്ചെത്തി. ആദ്യത്തെ 6 മാസം മാസാമാസം മൂവാറ്റുപുഴ നിന്നും മോനെ മദ്രാസില്‍ ചെക്കപ്പിനുകൊണ്ടുപോകുമായിരുന്നു. പിന്നെ മുമ്മൂന്ന് മാസത്തിലൊരിക്കലും. നാട്ടിലെത്തിയപ്പോള്‍ അവനെ കാണാന്‍ അവന്റെ സ്‌കൂളിലെ കൂട്ടുകാര്‍ വരിവരിയായി വന്നുനിന്ന് അവനെ കണ്ടുമടങ്ങുന്ന രംഗം മനസ്സില്‍ നിന്നൊരിക്കലും മായ്ക്കാനാവില്ല.

ഞാനും ഭാര്യയും 2 കുട്ടികളും കുറച്ചുനാള്‍ കിഴക്കേക്കരയില്‍ ഒരു ചെറിയ വാടകവീട്ടില്‍ താമസമാക്കി.

പിന്നീട് 4 സെന്റ് സ്ഥലം അമ്മാവനോടു വാങ്ങി. കൂട്ടുകാരുടെയും മറ്റും സഹായത്തോടെ രണ്ടുമുറി വീടുണ്ടാക്കി. സന്തോഷമായി അവിടെ വീണ്ടും പുതിയൊരു ജീവിതമാരംഭിച്ചു.

കുഞ്ഞുമോന്‍ മിടുക്കനായി സ്‌കൂളില്‍ വീണ്ടുംപോയിത്തുടങ്ങി. അദ്ധ്യാപകരും സഹപാഠികളും വളരെ വാത്സല്യത്തോടെയാണു അവനോടു പെരുമാറി വന്നത്.

അവന്‍ എട്ടാംക്ലാസ്സിലായി. മറ്റു ശാഠ്യങ്ങളൊന്നും തന്നെയില്ല. ഇടയക്ക് അവധി ദിവസം വെയിലാറും സമയത്ത് അധികം അകലെയല്ലാത്ത സ്ഥലങ്ങളിലേക്ക് എന്റെ കൈയില്‍ നിന്നു വിടാതുള്ള കൊച്ചുകൊച്ചുയാത്രകള്‍ അവന്റെ ഇഷ്ടമായിരുന്നു.

ചികിത്സ കഴിഞ്ഞു മടങ്ങിവന്ന് അധികംവൈകാതെ തന്നെ അവന്റെ ആരോഗ്യസ്ഥിതി നന്നായി മെച്ചപ്പെട്ടു. സന്ദീപും അങ്കുവും രഞ്ജിത്തും അമലും കുഞ്ഞാണിയും. അവന് പിരിയാനാവാത്ത കളിക്കൂട്ടുകാര്‍.

നല്ലനിറമുള്ള ഏതുടുപ്പുകളും അവന് നന്നായി ചേരുമായിരുന്നു. നന്നായി വെളുത്തുതടിച്ച് വട്ടമുഖവും തിളങ്ങുന്ന കണ്ണുകളും സദാപ്രസരിപ്പാര്‍ന്ന പ്രകൃതവുമായിരുന്നു വീട്ടുകാരുടെയും സമീപവാസികളുടെയും വാത്സല്യം പിടിച്ചുപറ്റിയ അജുവെന്ന കുഞ്ഞുമോന്റെ പ്രത്യേകതകള്‍.

ഓടിച്ചാടി കളിച്ചുതിമിര്‍ത്തു നടന്ന ഒരു ജനുവരി 31നാണ് ചെറിയ ഒരു ജലദോഷത്തിന്റെയും പനിയുടെയും രൂപത്തില്‍ അവനെ തിരിയെ കൊണ്ടുപോവാനായി “ആ വാഹനം” കടന്നുവന്നത്. 98 ഫെബ്രുവരി ഒന്നാം തീയതി 4.45-5.25 എല്ലാം കഴിഞ്ഞു.

92 ഡിസംബര്‍ 11 മുതലാരംഭിച്ച് 98 ഫെബ്രുവരി ഒന്നാം തീയതി പൂര്‍ത്തിയായ എന്റെ ജീവിതനാടകത്തിലെ ഒരു രംഗത്തിനാണിവിടെ കര്‍ട്ടന്‍ വീഴുന്നത്.

ശവസംസ്‌കാരത്തിന്റെ സമയമായി.

സ.നായനാരും സ.സുശീലയും സ.പിണറായിയും സ്ഥലത്തുണ്ടായിരുന്നില്ല. എത്താന്‍ കഴിയില്ലെന്നറിയിച്ചിരുന്നു. സ.വിഎസും സ.എപിയും ഉള്‍പ്പെടെ ഒട്ടനവധി നേതാക്കളും സഖാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു.

എന്റെ നാലുസെന്റിലെ വീടിന്റെ മുറ്റത്തുതന്നെ ചിതയൊരുങ്ങി. അതു കത്തിച്ചാമ്പലായി, ഒരു പിടിച്ചാരമായി മാറുന്നതും നോക്കി ഞാനിരുന്നു.

നേരം പുലര്‍ന്നു.

വീണ്ടും ആ ഫെബ്രുവരി 1 ലെ 4.45 മുതല്‍ 5.25 വരെയുള്ള സെക്കന്റുകള്‍ ഞാനും എന്റെ കുടുംബവും അവനെ ഇന്നും ഓര്‍മ്മിയ്ക്കുന്നവരും മറികടക്കാന്‍ പോവുകയാണ്.

We use cookies to give you the best possible experience. Learn more